ദമ്മാം: ഹൃദയമുരുകിയ പ്രാ൪ഥനയോടെ കണ്ണുചിമ്മാതെ കാവലിരുന്നിട്ടും മരണത്തിൻെറ ലോകത്തേക്ക് ഹസ ഫാത്തിമ യാത്രയായി. 40 ദിവസത്തോളം മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപാലത്തിൽ തത്തിക്കളിച്ച ഹസ മോൾ ഒടുവിൽ ഉറ്റവരെ മുഴുവൻ കണ്ണീരിലാഴ്ത്തി മരണത്തിന് കീഴടങ്ങി. ഇന്നലെ പകൽ 11 മണിയോടെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. കഴുത്തിൽ തൊട്ടിൽ കയ൪ കുരുങ്ങി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കായംകുളം കൊറ്റുകുളങ്ങര സ്വദേശി വടക്കേടത്ത് വീട്ടിൽ സാബു-ഷംന ദമ്പതികളുടെ ഏകമകൾ നാലുവയസ്സുകാരി ഹസ ഫാത്തിമയെ ഏറെ ബുദ്ധിമുട്ടി നാട്ടിലെത്തിച്ച വാ൪ത്ത ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
നാട്ടിലേക്ക് കൊണ്ടുപോയാലും കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് ഡോക്ട൪മാ൪ പറഞ്ഞിരുന്നെങ്കിലും അവസാനപ്രതീക്ഷയും പരീക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഹസമോളെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയത്. പ്രശസ്ത ഡോ. മാ൪ത്താണ്ഡൻെറ നേതൃത്വത്തിൽ ഒരു സംഘം വിദഗ്ധ൪ പ്രാഥമിക പരിശോധനകൾക്ക് ശേഷം ചികിൽസ തുടങ്ങാനിരിക്കെയാണ് ഹസ മോൾ വിട പറഞ്ഞത്. ഇന്നലെ വൈകുന്നേരത്തോടെ കൊറ്റുകുളങ്ങരയിലെ വീട്ടിലെത്തിച്ച ഹസ ഫാത്തിമയുടെ മയ്യിത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ശഹീദാ൪ പള്ളി അങ്കണത്തിൽ ഖബറടക്കും. റിയാദിൽനിന്ന് സാബുവിൻെറ സഹോദരനും ഒ.ഐ.സി.സി സെക്രട്ടറിയുമായ സജി കായംകുളം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വെൻറിലേറ്ററിൽ കഴിയുമ്പോഴും കുഞ്ഞിൻെറ ഓരോ ചലനവും മാതാപിതാക്കളിൽ ഏറെ പ്രതീക്ഷ നൽകിയിരുന്നു. ആഴ്ചകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ നാട്ടിലെത്തിക്കാൻ കഴിഞ്ഞതോടെ ഹസയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെന്നു തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. ഈ കുഞ്ഞിനെ കുറിച്ചുള്ള വാ൪ത്ത വായിച്ച മുഴുവൻ പ്രവാസിസമൂഹവും ഹസക്കായി ഉള്ളുരുകി പ്രാ൪ഥിക്കുകയായിരുന്നു.
ഒരു നിമിഷത്തെ അശ്രദ്ധയിൽ നിന്നാണ് ഒരു പാട് പാഠങ്ങൾ നൽകിയ ഈ ദുരന്തം ഉണ്ടാകുന്നത്. എങ്ങനെ ഇത് സംഭവിച്ചു എന്നതിനെക്കുറിച്ച് സാബുവിനും ഷംനക്കും പറയാൻ കഴിയുന്നില്ല. തൊട്ടിൽ കയറിൻെറ തുമ്പത്ത് കൂട്ടിക്കെട്ടിയ ചുരിദാ൪ ഷാളിലാണ് ഹസമോൾക്ക് കളിക്കാനായി ഇവ൪ ഒരു പാവയെ കെട്ടിക്കൊടുത്തിരുന്നത്. പാവയെ താരാട്ടാട്ടി കളിക്കുന്ന മകളെ കണ്ടുകൊണ്ടാണ് ജോലി കഴിഞ്ഞെത്തിയ സാബു ചെറിയ മയക്കത്തിലേക്കും, ഷംന അടുക്കള ജോലിയിലേക്കും തിരിഞ്ഞത്. ഉറക്കത്തിനിടയിലെപ്പഴോ മകൾ പാവക്കുട്ടിയെ അഴിച്ചുതരാമോ എന്ന് ചോദിച്ചതായി സാബു ഓ൪ക്കുന്നു. പാവയുടെ കെട്ട് ഊരിക്കൊടുക്കുമ്പോഴും മകളിത് കഴുത്തിലിടുമെന്ന് സാബു ഓ൪ത്തില്ല. കുഞ്ഞിൻെറ കാലുകൾ നിലത്ത് മുട്ടുന്ന രീതിയിലായിരുന്നുവെന്നും സാബു പറയുന്നു. കഴുത്തിറുങ്ങിയപ്പോൾ തലച്ചോറിലേക്കുള്ള ഞരമ്പുകൾക്ക് സംഭവിച്ച തകരാറാണ് ഹസ മോളുടെ മരണത്തിന് കാരണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2012 11:56 AM GMT Updated On
date_range 2012-11-15T17:26:24+05:30കണ്ണുചിമ്മാതെ കാവലിരുന്നിട്ടും ഹസ ഫാത്തിമ മരണത്തിലേക്ക് യാത്രയായി
text_fieldsNext Story