താക്കറെയുടെ നില മെച്ചപ്പെട്ടു
text_fieldsമുംബൈ: ശിവസേന തലവൻ ബാൽ താക്കറെയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വ്യാഴാഴ്ച ഉച്ച മുതൽ അദ്ദേഹം ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും ശിവസേന വക്താവും പാ൪ലമെൻറ് അംഗവുമായ സഞ്ജയ് റാവുത് അറിയിച്ചു. താക്കറെയുടെ വീടായ ‘മാതോശ്രീ’ക്ക് മുന്നിൽ തടിച്ചുകൂടിയ പ്രവ൪ത്തക൪ പിരിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവസേന തലവൻെറ ആരോഗ്യനില വഷളായതറിഞ്ഞ് മുംബൈയിലെ വീടിന് മുന്നിൽ നൂറുകണക്കിന് പ്രവ൪ത്തക൪ തടിച്ചുകൂടിയത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ബാന്ദ്ര ലീലാവതി ആശുപത്രിയിലെ വിദഗ്ധരുടെമേൽനോട്ടത്തിലാണ് മാതോശ്രീയിൽ താക്കറെയുടെ ചികിത്സ തുടരുന്നത്. താക്കറെയുടെ നില മോശമായ സാഹചര്യത്തിൽ മുംബൈയിൽ കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം ക്രമസമാധാന പ്രശ്ന സാധ്യതകളൊന്നും റിപ്പോ൪ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് അ൪ധ സൈനിക വിഭാഗത്തെ വിന്യസിക്കാൻ കേന്ദ്ര സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഗുജറാത്തിലേക്ക് പുറപ്പെട്ട അ൪ധ സൈനിക വിഭാഗത്തോടാണ് മുംബൈയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
