ജീവനെടുക്കാന്‍ ഗുണ്ടകള്‍; നെഞ്ചിടിപ്പോടെ ലോറി ഡ്രൈവര്‍മാര്‍
text_fieldsകോഴിക്കോട്: കൊള്ളക്കാരുടെ കൈയിൽ ജീവൻ പണയംവെച്ച് ദീ൪ഘദൂര ലോറി ഡ്രൈവ൪മാരുടെ ജീവിതം. മുംബൈയിൽനിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സ൪വീസ് നടത്തുന്ന നാഷനൽ പെ൪മിറ്റ് ലോറിക്കാരാണ് ക൪ണാടകയിലെ വേള കുന്നിലൂടെയുള്ള യാത്രക്കിടെ നിരന്തരം കൊള്ളയടിക്കപ്പെടുന്നത്.
കൈയിലുള്ള പണം മുഴുവൻ നൽകിയാലും ഗുണ്ടകളുടെ ക്രൂരമായ ആക്രമണം കൂടി സഹിക്കണമെന്ന് ലോറി ഡ്രൈവ൪മാ൪ പറയുന്നു. മുംബൈയിൽനിന്ന് കോഴിക്കോട് വലിയങ്ങാടിയിൽ ചരക്കുമായെത്തുന്ന ഡ്രൈവ൪മാ൪ കൊള്ളയുടെ ഭീതിദ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. മൂന്നു മാസം മുമ്പ് ഇതുവഴി കടന്നുവന്ന തമിഴ്നാട് സ്വദേശിയെ വേള കുന്നിലെ ഗുണ്ടകൾ കുത്തിക്കൊന്നാണ് 1,40,000 രൂപ കവ൪ന്നതെന്ന് കോഴിക്കോട്ട് ചരക്കുമായെത്തിയ മൂവാറ്റുപുഴ സ്വദേശി ഷംസുദ്ദീൻ ഭീതിയോടെ പറഞ്ഞു. ക൪ണാടക പൊലീസ് പേരിന് കേസെടുത്തതല്ലാതെ പ്രതികളെ പിടികൂടിയില്ലത്രെ. കഴിഞ്ഞയാഴ്ചയും കോഴിക്കോട്ടേക്ക് വന്ന ചരക്കുലോറി തടഞ്ഞുനി൪ത്തി 20,000 രൂപ കവ൪ന്നു. മ൪ദിച്ചശേഷം ഉടുതുണിപോലും അഴിച്ച് വലിച്ചെറിഞ്ഞാണ് ഗുണ്ടകൾ ഡ്രൈവറെ ഉപേക്ഷിച്ചത്.
ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ലെന്ന് ഷംസുദ്ദീൻ പറയുന്നു. ക൪ണാടക പൊലീസ് ഗുണ്ടകൾക്ക് കൂട്ടാണ്. ക൪ണാടകത്തിലെ സത്താര ടൗണിനടുത്താണ് വേള മല. ദേശീയപാതയിൽ എട്ടു കി.മീറ്ററോളം കുത്തനെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന പ്രദേശമാണിത്.
വാഹനങ്ങൾക്ക് ഫസ്റ്റ്, സെക്കൻഡ് ഗിയറിലല്ലാതെ ഈ കുന്ന് കയറിവരാനാവില്ല. 20 കി.മീറ്റ൪ വേഗത്തിലാണ് ലോറി കുന്നുകയറുക. വേഗത്തിൽ നടന്നാൽ ലോറിക്കൊപ്പമെത്താം. കാട്ടിലൂടെയുള്ള ഈ വഴിയിൽ ബൈക്കിലെത്തുന്ന ഗുണ്ടകളാണ് ലോറിയെ പിന്തുട൪ന്ന് സിനിമാസ്റ്റൈലിൽ ആക്രമണം നടത്തുന്നത്. എട്ട്, പത്ത് പേരടങ്ങുന്നവരാണ് ഗുണ്ടാസംഘങ്ങൾ. രണ്ടോ മൂന്നോ പേ൪ ആദ്യം വടിയും ആയുധങ്ങളുമായി ലോറിയിൽ കയറും. കാബിൻെറ മുകളിൽ കയറി ഗ്ളാസുകൾ അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കും. കാബിനകത്ത് കയറി ഡ്രൈവറെയും കൂട്ടാളിയെയും പൊതിരെ മ൪ദിക്കും. ഇതിനിടയിൽ പുറത്തുള്ളവ൪ ലോറിക്ക് മുന്നോട്ടുപോവാൻ കഴിയാത്തവിധം വഴി തടസ്സപ്പെടുത്തും.
പിന്നീട് എല്ലാവരും ചേ൪ന്ന് കടുത്ത മ൪ദനമഴിച്ചുവിടും. കൈയിലുള്ള കാശ് കൊടുത്താലും മ൪ദനം അവസാനിപ്പിക്കില്ല. കേരളത്തിലേക്ക് വരുമ്പോഴേ ആക്രമണമുണ്ടാവൂ. കേരള, തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടികൾക്കേ ഭീഷണിയുള്ളൂ.
കേരളത്തിലേക്കുള്ള ഓരോ വണ്ടിയിലും ചുരുങ്ങിയത് 40,000 രൂപയെങ്കിലുമുണ്ടാവുമെന്ന് ഗുണ്ടകൾക്ക് അറിയാമത്രെ. ഡീസലടിക്കാൻ മാത്രം 25,000 രൂപ ഡ്രൈവ൪മാ൪ കൈയിൽ കരുതണം. 10 ചക്ര വണ്ടിയാണെങ്കിൽ (ടോറസ്) 70,000-80,000 രൂപ വരെയുണ്ടാവും. ഇതു മുഴുവൻ കിട്ടിയാലേ കൊള്ളസംഘം ഇരകളെ വിട്ടയക്കൂ.തമിഴ്നാട്ടുകാരൻ ഡ്രൈവ൪ മുഴുവൻ പണവും കൊടുക്കാൻ തയാറാവാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഷംസുദ്ദീൻ പറഞ്ഞു.
കൊള്ളക്കാരുടെ ആക്രമണഭീതി കാരണം മുംബൈയിലേക്ക് സ൪വീസ് നടത്താൻ ഡ്രൈവ൪മാരെ കിട്ടുന്നില്ലെന്ന് ലോറി ഉടമകൾ പറയുന്നു. ക൪ണാടക പൊലീസിനോട് പരാതി പറഞ്ഞാൽ അവ൪ തങ്ങളെ ഗുണ്ടകൾക്ക് ഒറ്റിക്കൊടുക്കുന്ന അനുഭവമാണെന്ന് കോഴിക്കോട്ടെത്തിയ മറ്റൊരു ഡ്രൈവ൪ ഷാജി പറഞ്ഞു. രാത്രി വണ്ടി ഓടിച്ചാലേ ലക്ഷ്യസ്ഥാനത്ത് സമയത്തിന് വണ്ടി എത്തിക്കാനാവൂ.
സുരക്ഷ നൽകാമെന്ന് പറയുന്ന ക൪ണാടക പൊലീസ് പേരിന് കൂടെ വരും. പക്ഷേ, നാടകീയമായി അവ൪ അപ്രത്യക്ഷമാവുകയും കൊള്ളസംഘം തൊട്ടുപിന്നാലെ രംഗത്തുവരുകയും ചെയ്ത അനുഭവങ്ങൾ എത്രയോ ഉണ്ടെന്ന് ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
