തിരുവനന്തപുരം: തീരപഥം പൈപ്പ് ലൈനിലെ അഴിമതി; വിജിലൻസ് പ്രതിപ്പട്ടികയിൽ മൂന്നുപേ൪.
മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനായി ആവിഷ്കരിച്ച തീരപഥം പൈപ്പ് ലൈൻ പദ്ധതിയിൽ അഴിമതി കണ്ടെത്തിയ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയാണ് പ്രതിപ്പട്ടികയിൽ മൂന്നുപേരെ ഉൾക്കൊള്ളിച്ച് പ്രാഥമിക വിവരറിപ്പോ൪ട്ട് കോടതിയിൽ സമ൪പ്പിച്ചത്.
പദ്ധതിനടത്തിപ്പ് സമയത്ത് തീരപഥം അ൪ബൻ ഡെവലപ്മെൻറ് പ്രോജക്ടിൻെറ സ്പെഷൽ ഓഫീസറായിരുന്ന കെ.രാമഭദ്രൻ, ജല അതോറിറ്റിയുടെ തിരുവനന്തപുരം പി.എഫ് സ൪ക്കിളിലെ അന്നത്തെ സൂപ്രണ്ടിങ് എൻജിനീയറായിരുന്ന കെ.മോഹൻ എന്നിവരെ കൂടാതെ കരാറുകാരനായ ഹൈഡ്രോടെക് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സിൻെറ മാനേജിങ് പാ൪ട്ട്ന൪ ബിജു ജേക്കബ് എന്നിവരാണ് പ്രതിചേ൪ക്കപ്പെട്ടിട്ടുള്ളത്.പത്ത്കോടി രൂപചെലവിലാണ് പദ്ധതിപ്രകാരം പൈപ്പ് ലൈൻ സ്ഥാപിക്കാൻ അന്നത്തെ മന്ത്രിസഭ തീരുമാനിച്ചത്. പദ്ധതികമീഷൻ ചെയ്തശേഷം ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി തവണ പൈപ്പ്പൊട്ടലുകൾ സംഭവിക്കുകയും കുടിവെള്ളവിതരണം സ്തംഭിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് സ൪ക്കാ൪ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി ഉപേക്ഷിച്ച എച്ച്.ഡി.പി.ഇ പൈപ്പുകൾ ഉപയോഗിച്ചതായി ആരോപണം ഉയ൪ന്നിരുന്നു. കമീഷൻ ചെയ്ത് ഒരു വ൪ഷത്തിനിടെ 58 തവണ പൈപ്പ് പൊട്ടിയതായാണ് കണക്ക്. ഇതിൻെറ അറ്റകുറ്റപ്പണികൾക്ക് മാത്രമായി 19,57,294 രൂപ ചെലവഴിച്ചു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് പരക്കെ ആരോപണം ഉയ൪ന്ന സാഹചര്യത്തിലാണ് പൊതുപ്രവ൪ത്തകനായ പി.കെ. രാജു ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. സംഭവം അന്വേഷിക്കാനായി കോടതി വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോയെ ചുമതല ഏൽപ്പിക്കുകയായിരുന്നു.
ഈ ഉത്തരവിൻെറ അടിസ്ഥാനത്തിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഇക്കഴിഞ്ഞ ഏഴിന് മൂന്നുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ എഫ്.ഐ.ആ൪ സമ൪പ്പിച്ചത്. അതേ സമയം അഴിമതിയിൽ നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന ജലഅതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് എഫ്.ഐ.ആ൪ സമ൪പ്പിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പി.കെ. രാജു ആരോപിച്ചു.
നേരത്തെ കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമായ 120 തവണ പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ടെന്നും 31,39,805 രൂപ നഷ്ടം വന്നിട്ടുണ്ടെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2012 2:22 PM GMT Updated On
date_range 2012-11-13T19:52:37+05:30തീരപഥം പൈപ്പ്ലൈന്‍ അഴിമതി; പ്രതിപ്പട്ടികയില്‍ മൂന്നുപേര്‍
text_fieldsNext Story