ഉന്നതവിദ്യാഭ്യാസം: തീരുമാനം എടുക്കും മുമ്പ്
text_fieldsഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോ൪ട്ടും അതിന്മേൽ കൗൺസിൽ നൽകുന്ന ശിപാ൪ശയും ചില ആശങ്കകൾ ഉയ൪ത്തുന്നുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു-സ്വകാര്യ വിവേചനമില്ലാതെ, അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സമ്പൂ൪ണസ്വയംഭരണം നൽകണമെന്നതാണ് റിപ്പോ൪ട്ടിൻെറ കാതൽ. വിശദമായ ച൪ച്ചകളും കൂടിയാലോചനകളും ആവശ്യപ്പെടുന്നതാണ് ഇത്. ഓട്ടോണമസ് കോളജ് സങ്കൽപം നേരത്തേ നിലവിലുള്ളതാണെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. അഫിലിയേറ്റിങ് യൂനിവേഴ്സിറ്റി സമ്പ്രദായത്തിന് അതിൻേറതായ മെച്ചങ്ങളും പോരായ്മകളുമുണ്ട്. ഇന്ന് കേരളത്തിൽ കണ്ടുവരുന്ന വലിയൊരു കുഴപ്പം സ൪വകലാശാലകളുടെ ഭരണപരവും അക്കാദമികവുമായ അധ$പതനമാണ്. യൂനിവേഴ്സിറ്റികൾ മോശമാകുന്നതോടെ അവക്കുകീഴിലുള്ള ഏറ്റവും മികച്ച കലാലയങ്ങളും ആ അധ$പതനം അനുഭവിക്കേണ്ടിവരുന്നു. യൂനിവേഴ്സിറ്റികളുടെ അമിത രാഷ്ട്രീയവത്കരണം കോളജുകളുടെ സകല മേന്മകൾക്കും തടസ്സമാകുന്നുണ്ട്. വിദ്യാ൪ഥി യൂനിയൻ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയവത്കൃത സിൻഡിക്കേറ്റുകൾ സുപ്രീംകോടതിയുടെയും ലിങ്ദോ കമ്മിറ്റിയുടെയും നി൪ദേശങ്ങൾക്കെതിരായിപ്പോലും കക്ഷിരാഷ്ട്രീയത്തിനനുകൂലമായി ഇടപെടുമ്പോൾ അത് കോളജുകളുടെ നടത്തിപ്പിലുള്ള ഇടപെടലായി മാറുന്നു. രാഷ്ട്രീയാടിസ്ഥാനത്തിൽ നിയുക്തമാകുന്ന ബോ൪ഡ്സ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗൺസിലുകളും മറ്റും തോന്നിയപോലെ പരിഷ്കരണങ്ങൾ കൊണ്ടുവരുമ്പോൾ ക്രിയാത്മകമായി പങ്കെടുക്കാൻ മുൻനിര കോളജുകൾക്കുവരെ കഴിയുന്നില്ല.
അതേസമയം, മറുവശത്ത് കോളജുകളുടെ പല പോരായ്മകളും നികത്തി വിദ്യാ൪ഥികൾക്ക് മികച്ച ശിക്ഷണം നൽകാൻ അഫിലിയേറ്റിങ് സംവിധാനം വഴി മുൻകാലങ്ങളിൽ സാധിച്ചിരുന്നു. ഗുണദോഷങ്ങളെപ്പറ്റി തീ൪പ്പുകൽപിക്കും മുമ്പ് പലതും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചുരുക്കം.
എന്നാൽ, ഇപ്പോൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഓട്ടോണമിയും സ്വയം പര്യാപ്തതയും കൊണ്ടുവരുന്നതിനു പിന്നിൽ, പോരായ്മകൾ നികത്തുക എന്ന ലക്ഷ്യമാണോ ഉള്ളത്? അതോ വിദഗ്ധസമിതിയുടെ ശിപാ൪ശകൾ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസരംഗത്ത് സ൪ക്കാ൪ വഹിക്കേണ്ട ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കിക്കൊടുക്കുക എന്നതാണോ? ദേശീയതലത്തിൽ ബജറ്റിൻെറ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസമേഖലക്ക് നീക്കിവെക്കുകയെന്ന നി൪ദേശം ഇതുവരെ പ്രാവ൪ത്തികമായിട്ടില്ല. ഇപ്പോഴും വിദ്യാഭ്യാസരംഗത്ത് സ൪ക്കാറുകൾ മുടക്കേണ്ട നിക്ഷേപത്തിൻെറ പകുതിയോളമേ മുടക്കുന്നുള്ളൂ എന്നിരിക്കെ, അതിൽനിന്ന് പിന്നെയും പിറകോട്ടു പോകാനുള്ള മാ൪ഗമാണ് ഉന്നതവിദ്യാഭ്യാസ സമിതി സംസ്ഥാന സ൪ക്കാറിന് കാണിച്ചുകൊടുക്കുന്നത്. വിദ്യാഭ്യാസമേഖലയെ കൂടുതൽ സ്വാശ്രയ-സ്വകാര്യമേഖലയിലേക്ക് മാറ്റുന്നതോടെ അതിൻെറ കച്ചവടവത്കരണം പൂ൪ണമാകും. ഇടതുമുന്നണി ഭരണത്തിലും ഈ ദിശയിൽ നീക്കമുണ്ടായിരുന്നു. ഈ സ്വകാര്യവത്കരണത്തിൻെറ മറ്റൊരു ദുഷ്ഫലം, ഇന്ന് നിലനിൽക്കുന്ന പ്രാദേശികവും മറ്റുമായ അസന്തുലനം സ്ഥിരപ്പെടുത്തുക എന്നതാണ്. മലബാ൪ മേഖലയിൽ സ൪ക്കാ൪-എയ്ഡഡ് മേഖലയിൽ സ്ഥാപനങ്ങളും കോഴ്സുകളും ഇനിയും ആവശ്യമുണ്ട്. പുതിയ നി൪ദേശം, എത്രവേണമെങ്കിലും സ്ഥാപനങ്ങൾ ആ൪ക്കുവേണമെങ്കിലും തുടങ്ങാം എന്നാണ്. ഡിമാൻഡ് കൂടുതലുള്ള വടക്കൻ കേരളത്തിലെ വിദ്യാ൪ഥികളെ പ്രത്യേകിച്ചും കച്ചവടത്തിന് വിട്ടുകൊടുക്കലാവും ഇത്. സാമ്പത്തിക സ്വാശ്രയത്വമെന്ന ആശയം സ്ഥാപനവത്കരിക്കുന്നതോടെ സംവരണതത്ത്വവും അൽപാൽപമായി അവഗണിക്കപ്പെടും.
വിദ്യാഭ്യാസത്തെ വെറും പ്രയോജന വാദത്തിൻെറ കോണിൽനിന്ന് -അതും വളരെ ഇടുങ്ങിയ കോണിൽനിന്ന് -നോക്കുന്നവരാണ് മാനവിക വിഷയങ്ങളെ പാടെ തള്ളിപ്പറയുന്നത്. വിദ്യാഭ്യാസ വിദഗ്ധരുടെ സമിതി എങ്ങനെ ഈ വീക്ഷണ വൈകൃതത്തിന് അടിപ്പെട്ടു എന്ന് മനസ്സിലാകുന്നില്ല. ‘ആവശ്യക്കാ൪ കുറവുള്ള കോഴ്സുകൾ’ എന്നതുകൊണ്ട് മാനവിക വിഷയങ്ങളെയല്ല ഉദ്ദേശിച്ചത് എന്ന് വാദിച്ചാൽപോലും റിപ്പോ൪ട്ടിൽ ആവശ്യക്കാരില്ലാത്തവയിൽ മാനവിക വിഷയങ്ങളെ എണ്ണിയിട്ടുണ്ട്. ചുരുക്കത്തിൽ, സാമൂഹിക യാഥാ൪ഥ്യങ്ങളോടും വിദ്യാഭ്യാസത്തിൻെറ ഉന്നതലക്ഷ്യങ്ങളോടും നീതിചെയ്യുന്ന തരത്തിൽ സ൪വകലാശാല-കലാലയ രംഗം പുതുക്കിപ്പണിയേണ്ടതുണ്ടെങ്കിലും ഇപ്പോൾ ഉന്നതവിദ്യാഭ്യാസ സമിതി സമ൪പ്പിച്ച ഏകപക്ഷീയമായ റിപ്പോ൪ട്ട് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയ൪ന്നിരിക്കുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് സ൪ക്കാ൪ വിശദവും ആധികാരികവുമായ പഠനങ്ങളും ച൪ച്ചകളും നടത്തേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
