അവശ നിലയില്‍ കണ്ട മലയാളി ആശുപത്രിയില്‍
text_fieldsമനാമ: കാലിന് ഗുരുതരമായി വ്രണങ്ങൾ ബാധിച്ച് അവശ നിലയിൽ കണ്ട മലയാളിയെ ആശുപത്രിയിലെത്തിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി ഷിനു ജോയ് (32) ആണ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിലുള്ളത്. മനാമയിൽ അവശ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ബഹ്റൈൻ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി വി.കെ. സൈദാലി ഇടപെട്ടാണ് തിങ്കളാഴ്ച രാവിലെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
ലക്ഷം രൂപ നൽകി വാങ്ങിയ ഫ്രീ വിസയിൽ 19 മാസം മുമ്പാണ് ഷിനു ജോയ് ബഹ്റൈനിൽ എത്തിയത്. മനാമ നെസ്റ്റോയുടെ സമീപത്തെ ടൈല൪ ഷോപ്പിൽ ജോലിക്ക് കയറുകയും ചെയ്തു. പിന്നീട് സിറ്റി സെൻററിലെ പെ൪ഫ്യൂം കടയിലും ജോലി ചെയ്തു.
അതിനിടെ, ഷിനു ജോയിയുടെ കാലിന് വ്രണമുണ്ടായി. ക്രമേണ ഇത് പഴുക്കാൻ തുടങ്ങിയപ്പോൾ സൽമാനിയയിലും പിന്നീട് മറ്റു ചില ആശുപത്രികളിലും പോയി ഡോക്ട൪മാരെ കണ്ടു. എന്നാൽ, പിന്നീട് പഴുപ്പ് കൂടിയതോടെ ആരോഗ്യസ്ഥിതി മോശമായി. മാത്രമല്ല, ഷുഗ൪ ബാധിച്ചതിനാൽ കാൽ മുറിച്ചുനീക്കണമെന്ന് ഒരു ഡോക്ട൪ പറഞ്ഞത്രെ. ഇതോടെ ഭയന്ന ഷിനു ജോയ് ചികിൽസ മതിയാക്കി.
ജുഫൈറിലെ താമസ സ്ഥലത്തുനിന്ന് പുറത്തായതോടെ സ്ഥിതി കൂടുതൽ വഷളായി. ജോലിക്ക് പോകാതെ പലയിടങ്ങളിൽ അലഞ്ഞു നടന്നു. മൊബൈൽ ഫോൺ നേരത്തെ താമസിച്ച മുറിയിലായതിനാൽ ഇദ്ദേഹവുമായി ആ൪ക്കും ബന്ധപ്പെടാൻ സാധിച്ചില്ല.
മൂന്നു ദിവസമായി മനാമ ലാസ്റ്റ് ചാൻസിനടുത്ത പെട്ടിക്കടയുടെ പിറകിലാണ് ഷിനു ജോയ് കഴിഞ്ഞത്. കാലിലെ വ്രണം പഴുത്തത് കാരണം കടുത്ത ദു൪ഗന്ധമുണ്ടായി. പ്ളാസ്റ്റിക് കവറുകൾ കൊണ്ട് വ്രണങ്ങൾ കെട്ടിയാണ് ഇയാൾ കഴിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഒരു മലയാളി ഒ.ഐ.സി.സി ജനറൽ സെക്രട്ടറി വി.കെ. സൈദാലിയെ വിവരം അറിയിച്ചു. തുട൪ന്ന് സ്ഥലത്തെത്തിയ സൈദാലിയുടെ ശ്രമഫലമായി സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽനിന്ന് ആംബുലൻസ് എത്തി. മെഡിക്കൽ സംഘം ബുദ്ധിമുട്ടിയാണ് ഷിനു ജോയിയെ ആംബുലൻസിൽ കയറ്റിയത്. സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ട൪മാ൪, കാൽ മുറിച്ചുമാറ്റേണ്ടിവരുമെന്ന് പറഞ്ഞതായി സൈദാലി അറിയിച്ചു. എങ്കിലും ഇക്കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ ഷിനു ജോയിയുടെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
