ദമ്മാം: ഏറ്റെടുക്കാൻ ആളില്ലാതെ ദമ്മാം മെഡിക്കൽ കോംപ്ളക്സ് മോ൪ച്ചറിയിൽ അനിശ്ചിതമായി കിടന്ന നേപ്പാൾ സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവ൪ത്തകരുടെ സഹായത്താൽ മറവ് ചെയ്തു. ദീ൪ഘകാലമായി ദമ്മാം മോ൪ച്ചറിയിൽ കിടന്ന ബിഹാ൪ സ്വദേശിയുടേതുൾപ്പെടെ രണ്ട് പേരുടെ മൃതദേഹം അടുത്ത ദിവസം മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവ൪ത്തകനും കെ.ആ൪.ഡബ്ള്യു പ്രവ൪ത്തകനുമായ ഷാജി വയനാട് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ദമ്മാം മുവസാത്ത് ആശുപത്രിയിൽ മരണപ്പെട്ട നേപ്പാൾ സ്വദേശി അബ്ദുൽ മജീദിൻെറ (29) മൃതദേഹമാണ് കെ.ആ൪.ഡബ്ള്യു ഭാരവാഹിയായ സി.പി. മുസ്തഫ, ഷാജി വയനാട് എന്നിവരുടെ സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം മറവ് ചെയ്തത്. ദമ്മാം മോ൪ച്ചറിയിലുള്ള ബിഹാ൪ പാറ്റ്ന സ്വദേശി മനോജ് പസ്വാൻ (29), ഏഴുമാസമായി മോ൪ച്ചറിയിലുള്ള നേപ്പാൾ സ്വദേശി ബുധക് ഹത്തൂ൪ എന്നിവരുടെ മൃതദേഹമാണ് അടുത്ത ദിവസം മറവ് ചെയ്യുന്നത്.
മനോജ് പസ്വാൻെറ ഭാര്യയുടെ സമ്മതപത്രം ലഭിക്കാത്തതിനാലാണ് മൃതദേഹം സംസ്കരിക്കുന്നതിൽ കാലതാമസം വന്നത്. 2011 ആഗസ്റ്റ് ഒന്നിന് ഖതീഫിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മനോജ് മരിച്ചത്. മൃതദേഹം പരിശോധിച്ച പൊലീസും ഡോക്ട൪മാരും മരണ കാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുട൪ന്ന് മൃതദേഹം നാട്ടിലയക്കുന്നതിന് ഭാര്യ അനുമതി പത്രം നൽകിയിരുന്നു. എന്നാൽ അടുത്ത ദിവസം മരണകാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കത്തയച്ചത് എംബസിയെ കുഴക്കി. എംബസി അധികൃത൪ മൃതദേഹം കൈകാര്യം ചെയ്യുന്ന 71 പൊലീസിൽ അറിയിച്ചു. തുട൪ന്ന് മൃതദേഹം പരിശോധിച്ച ഡോക്ട൪മാ൪ ഹൃദയാഘാതമാണെന്ന് വീണ്ടും തീ൪പ്പ് കൽപ്പിച്ചതായി അറിയിച്ചതിനാൽ പോസ്റ്റ്മോ൪ട്ടം ഒഴിവാക്കി. ഇത് അംഗീകരിക്കാൻ ഭാര്യ കൂട്ടാക്കത്തതാണ് മൃതദേഹം സംസ്കരിക്കുന്നത് വൈകിപ്പിച്ചത്.
കഴിഞ്ഞ വ൪ഷത്തോടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പുതിയ നിയമം സൗദിയിൽ നിലവിൽ വന്നിട്ടുണ്ട്. ഇവിടെ മരണപ്പെടുന്ന വിദേശിയുടെ മൃതദേഹം രണ്ട് മാസത്തിൽ കൂടുതൽ വെക്കാൻ പാടില്ല എന്നതാണത്. ഏറ്റെടുക്കാൻ ആളില്ലാത്ത മൃതദേഹത്തിൻെറ കാര്യത്തിൽ രണ്ട് തവണ എംബസിയുമായി ബന്ധപ്പെട്ട് ഫാക്സ് സന്ദേശം അയക്കും. എന്നിട്ടും മറുപടി ലഭിച്ചില്ലെങ്കിൽ എംബസികൾക്ക് ആയിരിക്കും ഇതിൻെറ പരിപൂ൪ണ ഉത്തരവാദിത്വമെന്നും ദമ്മാം 71 പൊലീസിലെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഓഫിസ൪ യൂനുസ് നാസ൪ അറിയിച്ചു. ഈ നടപടി ക്രമമനുസരിച്ചാണ് ആളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട നേപ്പാൾ സ്വദേശികളായ ബുധക് ഹത്തൂ൪, അബ്ദുൽ മജീദ് എന്നിവ൪ സ്പോൺസറിൽ നിന്ന് ഒളിച്ചോടിയതായിരുന്നു. ഇവരുടെ സ്പോൺസ൪ മൃതദേഹം ഏറ്റെടുക്കാൻ തയാറായില്ല. തുട൪ന്ന് നേപ്പാൾ എംബസിക്ക് ഫാക്സ് സന്ദേശം അയച്ചെങ്കിലൂം മറുപടി ലഭിച്ചില്ല. ഇതേ തുട൪ന്നാണ് മൃതദേഹങ്ങൾ മറവ് ചെയ്യാൻ നടപടിയെടുത്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2012 9:58 AM GMT Updated On
date_range 2012-11-13T15:28:30+05:30ഏറ്റെടുക്കാനാളില്ല, കാലതാമസം വന്ന പ്രവാസിയുടെ മൃതദേഹം സംസ്കരിച്ചു
text_fieldsNext Story