Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഒട്ടക ജീവിതമായി...

ഒട്ടക ജീവിതമായി മരുഭൂമിയിലലഞ്ഞ ദിലീപ് മടങ്ങി നജീം കൊച്ചുകലുങ്ക്

text_fields
bookmark_border
ഒട്ടക ജീവിതമായി മരുഭൂമിയിലലഞ്ഞ ദിലീപ് മടങ്ങി നജീം കൊച്ചുകലുങ്ക്
cancel

റിയാദ്: ഒട്ടകജീവിതമായി മരുഭൂമിയിലലഞ്ഞ പീഡനനാളുകളെ കുറിച്ച് ഓ൪ക്കാൻ പോലും പേടിയാണെന്ന് നിറഞ്ഞ കണ്ണുകളോടെ ദിലീപ്. രക്ഷപ്പെടാനായതിൻെറ ആഹ്ളാദം മുഖത്തുള്ളപ്പോഴും അനുഭവിച്ചു തീ൪ത്ത കൊടിയ ദുരിതത്തിൻെറ വ്യാപ്തി വെളിപ്പെടുത്തുന്നതായിരുന്നു മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുമ്പോൾ ആ യുവാവിൻെറ കണ്ണുകളിൽ കത്തിനിന്ന വികാരം. കൊല്ലം, ഇരവിപുരം സ്വദേശി ദീപ നിവാസിൽ ദിലീപ് തന്നെ മരുഭൂമിയിൽനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവ൪ത്തകരോടൊപ്പം റിയാദിൽ വാ൪ത്താസമ്മേളനം നടത്തുകയായിരുന്നു. ഒരു സ്ത്രീ ഏജൻറിൻെറ നേതൃത്വത്തിൽ നടന്ന മനുഷ്യക്കടത്തിൻെറ ഇരയാണ് ദിലീപെന്ന് ഫോറം ഭാരവാഹി മുനീബ് പാഴൂ൪ പറഞ്ഞു. ദിലീപ് പറയുന്ന കഥയിങ്ങനെ: കൊല്ലത്ത് സ്വകാര്യബസിൽ ഡ്രൈവറായിരുന്ന ദിലീപിന് ഇളംപള്ളൂ൪ സ്വദേശിനിയായ കുഞ്ഞമ്മീയാണ് വിസ നൽകിയത്. 30000 രൂപ പ്രതിമാസ ശമ്പളമുള്ള ഹെവി ഡ്രൈവ൪ ജോലിയെന്ന മോഹവലയെറിഞ്ഞാണ് കുടുക്കിയത്. വിസക്കും റിക്രൂട്ടിങ് നടപടികൾക്കുമെന്നു പറഞ്ഞ് 90000 രൂപയാണ് വാങ്ങിയത്. 1200 റിയാൽ ശമ്പളവും ഏതാണ്ട് അത്രയും ഓവ൪ ടൈം ശമ്പളവും രേഖപ്പെടുത്തിയ കരാറും കാണിച്ചുതന്നു. റിയാദിലെത്തിയ ദിലീപിനെ സ്പോൺസ൪ അന്നു രാത്രിയിൽ 700ഓളം കിലോമീറ്ററകലെ വാദിദവാസിറിലെ മരുഭൂമിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം നാലുമാസത്തോളം മണൽക്കുന്നുകളേയും മൃഗങ്ങളേയും വള൪ത്തുമൃഗങ്ങളെ പോലുള്ള ചില മനുഷ്യരെയും മാത്രമേ കണ്ടിട്ടുള്ളൂ. ഒട്ടകക്കൂട്ടങ്ങളേയും ആട്ടിൻപറ്റങ്ങളേയും പരിപാലിച്ച് മരുഭൂമിയിൽ അലയുകയായിരുന്നു ജോലി. മരുഭൂമിയിൽനിന്ന് മരുഭൂമിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സ്പോൺസ൪. ഒരു ട്രക്കിൽ ഘടിപ്പിച്ച പോ൪ട്ടബിൾ വീട്ടിനുള്ളിൽ സ്പോൺസറും അയാളുടെ ആളുകളും വിശ്രമിക്കുമ്പോൾ നിറുത്തിയിടുന്ന ട്രക്കിന് അടിയിൽ മരുഭൂമിയിൽ തുണിവിരിച്ച് അതിൽ അന്തിയുറങ്ങാനായിരുന്നു ദിലീപിൻെറ വിധി. ചുട്ടുപൊള്ളുന്ന വേനലിൽപോലും ഇങ്ങനെ വെന്തുജീവിക്കേണ്ടിവന്നു. പുഴുവരിക്കുന്ന ഇറച്ചിയും മറ്റുമാണ് ഭക്ഷണത്തിനായി തന്നിരുന്നത്. മനംപിരട്ടലുണ്ടായി ദിവസങ്ങളോളം ഭക്ഷണം കഴിക്കാനാവാതെ കഴിഞ്ഞിട്ടുണ്ട്. മലിനമായ വെള്ളമാണ് കുടിക്കാൻ കിട്ടിയത്. അഞ്ചുമാസത്തിനിടെ ഒരു റിയാൽ പോലും ശമ്പളമായി കിട്ടയില്ല. മൊബൈൽ ഫോണിലേക്ക് ഒരു സിംകാ൪ഡ് വാങ്ങിത്തന്നതും വല്ലപ്പോഴോ റീചാ൪ജ് ചെയ്തു തന്നതുമാണ് ആകെ സ്പോൺസറിൽ നിന്നുണ്ടായ ഔാര്യം. അതുകൊണ്ട് ഫ്രറ്റേണിറ്റി ഫോറം പ്രവ൪ത്തകരെ ബന്ധപ്പെടാനും അതുവഴി രക്ഷപ്പെടാനും കഴിഞ്ഞു.
വാദി ദവാസി൪ മരുഭൂമിയിൽനിന്നു തുടങ്ങിയ അലച്ചിൽ ആയിരത്തിലേറെ കിലോമീറ്ററുകൾ താണ്ടി ദവാത്മിയിലെത്തിയപ്പോഴാണ് രക്ഷപ്പെടാൻ ഒരു പഴുതുകിട്ടിയത്. അഞ്ചുമിലോമീറ്റ൪ നിറുത്താതെ ഓടിയാണ് ദവാത്മിയിലെ മരുഭൂമിയിലൊരിടത്ത് കാത്തുനിന്ന ഫോറം പ്രവ൪ത്തകരുടെ അടുത്തെത്തിയത്. ഇതിനിടയിൽ മകനെ തിരിച്ചെത്തിക്കണമെങ്കിൽ 20,000 രൂപ തരണമെന്ന് പറഞ്ഞ് ഏജൻറ് കുഞ്ഞമ്മ ദിലീപിൻെറ മാതാപിതാക്കളെ പേടിപ്പിച്ച് പണം തരപ്പെടുത്തിയിരുന്നു. അതിനുശേഷം അവ൪ മുങ്ങിയിരിക്കുകയാണ്. 110000 രൂപയാണ് മൊത്തം അവ൪ കൈക്കലാക്കിയത്. സ്ഥലം പണയപ്പെടുത്തിയും മറ്റുമാണ് ഈ പണം സ്വരൂപിച്ചത്. ദിലീപിൻെറ പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ ഇന്ത്യൻ എംബസിയിൽനിന്ന് നല്ല സഹകരണമാണുണ്ടായതെന്ന് ഫോറം പ്രവ൪ത്തക൪ പറഞ്ഞു. സ്പോൺസറെ വിളിച്ചുവരുത്തി യാത്രാരേഖകൾ ശരിയാക്കുകയായിരുന്നു. റിക്രൂട്ടിങ് ഏജൻറിനെതിരെ പ്രൊട്ടക്ട൪ ഓഫ് എമിഗ്രൻറ്സിന് പരാതി നൽകിയിട്ടുണ്ട്. വാ൪ത്താസമ്മേളനത്തിൽ ഫോറം പ്രവ൪ത്തകരായ അബ്ദുൽ ജബ്ബാ൪ വേങ്ങര, കോയ ഫറോക്ക്, മുഹ്യിദ്ദീൻ മലപ്പുറം, അശ്റഫ് വേങ്ങൂ൪, റഫീഖ് ഉമ്മൻചിറ തുടങ്ങിയവരും പങ്കെടുത്തു. തിങ്കളാഴ്ച വൈകീട്ട് ബഹ്റൈൻ എയ൪ വിമാനത്തിൽ ദിലീപ് യാത്രയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story