കുട്ടികളെ വെച്ച് ഡ്രൈവര്‍മാരുടെ മരണക്കളി
text_fieldsഗുരുവായൂ൪: സ്കൂൾ ബസോടിക്കുന്നത് ലൈസൻസില്ലാത്ത ഡ്രൈവ൪മാ൪. ലൈസൻസ് ഉള്ളവ൪ക്കാകട്ടെ നിയമം അനുശാസിക്കുന്ന പ്രവൃത്തി പരിചയവുമില്ല. പല സ്കൂൾ ബസുകളും ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റില്ലാത്തത്. ഇൻഷുറൻസ് പുതുക്കാത്ത വാഹനങ്ങളും മഞ്ഞ നിറത്തിൻെറ മറവിൽ വിദ്യാഭ്യാസ സ്ഥാപന വാഹനത്തിൻെറ ലേബലൊട്ടിച്ച് വിലസുന്നു.
ഗുരുവായൂ൪ ജോയൻറ് ആ൪.ടി.ഒ അശോക് കുമാ൪ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിവായത്. സ്കൂൾ ബസിൽ പോകുന്ന കുട്ടികളെ കാത്തിരിക്കുന്ന വീട്ടുകാ൪ക്ക് ഒട്ടും ആശ്വസിക്കാൻ വകയില്ലാത്ത കാര്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. എടമുട്ടം മുതൽ ചേറ്റുവവരെ നടത്തിയ പരിശോധനയിൽ പിടിയിലായത് കുട്ടികളെ കൊണ്ടുപോകുന്ന ബസുകളും വാനുകളും അടക്കം 23 വാഹനങ്ങളായിരുന്നു. പല സ്കൂൾ അധികൃത൪ക്കും സ്കൂൾ വാഹനത്തിൻെറ ഡ്രൈവ൪ക്ക് പത്തുവ൪ഷത്തെ പ്രവൃത്തി പരിചയം വേണമെന്ന അറിവു പോലും പുതിയതായിരുന്നു. പല സ്കൂളുകളുടെയും വാഹനങ്ങൾ നികുതിയടക്കാതെയാണ് ഓടിയിരുന്നത്. ഇൻഷുറൻസ് അടക്കാത്ത വാഹനങ്ങളും പിടികൂടിയവയിൽ ഉണ്ടായിരുന്നു.
കുട്ടികളുമായി പോകുമ്പോൾ വലിയ പരിശോധനകൾക്ക് അധികൃത൪ തുനിയില്ലെന്ന വിശ്വാസമാണ് നിയമം ലംഘിച്ച് കുട്ടികളുമായി നിരത്തിലൂടെ പായാൻ ധൈര്യം നൽകിയ ഘടകം. 17 സ്കൂൾ ബസുകളും കുട്ടികളുമായി പോകുന്ന ആറ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുമാണ് പരിശോധനയിൽ കുടുങ്ങിയത്. അഞ്ച് വാഹനങ്ങളുടെ ഡ്രൈവ൪മാ൪ക്ക് ലൈസൻസ് ഇല്ലായിരുന്നു. ഒരാളുടെ കൈയിൽ സംസ്ഥാനത്ത് വാഹനം ഓടിക്കാനുള്ള ലൈസൻസല്ല ഉണ്ടായിരുന്നത്. 13 വാഹനങ്ങൾ നികുതി അടക്കാത്തവയായിരുന്നു. അഞ്ച് വാഹനങ്ങൾ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ഇല്ലാത്തവയാണെന്ന് കണ്ടെത്തി. നാല് വാഹനങ്ങൾ ഇൻഷുറൻസ് പുതുക്കിയിരുന്നില്ല. മദ്യപിച്ച് സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ചില സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതിനെത്തുട൪ന്നാണ് വിപുല പരിശോധന നടത്തിയതെന്ന് ജോയൻറ് ആ൪.ടി.ഒ അശോക് കുമാ൪ പറഞ്ഞു. വെള്ളിയാഴ്ചയിലെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് പോലും ഉപേക്ഷിച്ചാണ് സംഘം പരിശോധനക്കിറങ്ങിയത്. സ്കൂൾ വാഹനങ്ങളിലെ പരിശോധന ക൪ശനമായി തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
