യാത്രക്കാരെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയോ?
text_fieldsഅമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൻെറ ഫലപ്രഖ്യാപന കുതൂഹലങ്ങൾക്കിടയിൽത്തന്നെ ബസ് യാത്രക്കൂലി കുത്തനെ കൂട്ടാനും സാധാരണക്കാരൻെറ മുതുകൊടിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത് അതിന് വാ൪ത്താപ്രാധാന്യം കുറഞ്ഞുകിട്ടുമെന്ന പ്രതീക്ഷയിലായിരിക്കണം. ഈ തന്ത്രം വിജയിച്ചുവെന്ന് ബന്ധപ്പെട്ടവ൪ കരുതുന്നുണ്ടെങ്കിൽ അവ൪ക്കു തെറ്റി. വ൪ധന പ്രാബല്യത്തിൽവന്ന് അമിത ഭാരം അടിച്ചേൽപിക്കപ്പെടുന്നതോടെ പതിതരോട് അനുതാപം തൊട്ടുതീണ്ടാത്ത ഭരിക്കുന്നവരുടെ മുഖങ്ങളായിരിക്കും അവരുടെ മനസ്സിലേക്ക് ഓടിവരുക. കേന്ദ്ര സ൪ക്കാ൪ ഒരു ലിറ്റ൪ ഡീസലിന് അഞ്ചു രൂപ കൂട്ടിയ മഹാപാപത്തിൻെറ ശമ്പളം സാധാരണക്കാരായ ബസ് യാത്രക്കാ൪ ഈവിധം കൊടുത്തുതീ൪ക്കണമെന്ന് തീരുമാനിക്കുന്നതിലെ അനീതിയും നെറികേടും ഏത് കമീഷൻെറ പേരു പറഞ്ഞാലും ന്യായീകരിക്കാവുന്നതല്ല. ഉദാരീകരണ ലോകത്ത്, ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി സാമാന്യജനത്തിന്മേൽ അമിത ജീവിത ഭാരം കെട്ടിയേൽപിക്കുന്നതിന് കണ്ടുപിടിച്ച കുറുക്കുവഴികളിലൊന്നാണ് കയ്പേറിയ തീരുമാനങ്ങൾ എടുക്കേണ്ട വിഷയങ്ങൾ ഏതെങ്കിലും ഉപസമിതിക്കോ കമീഷനോ കൈമാറി ഭരിക്കുന്നവ൪ കൈ കഴുകി രക്ഷപ്പെടുക എന്നത്. വളരെ ലാഘവബുദ്ധിയോടെ, മതിയായ ച൪ച്ചയോ പഠനമോ നടത്താതെ ഉമ്മൻ ചാണ്ടി സ൪ക്കാ൪ ഇപ്പോൾ ബസ് യാത്രാനിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത് ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻെറ നി൪ദേശം നടപ്പാക്കുക എന്ന നിലയിലാണ്. ആര് എന്തു നി൪ദേശം സമ൪പ്പിച്ചാലും ചില അടിസ്ഥാന ചോദ്യങ്ങൾക്ക് മറുപടി പറയാൻ സ൪ക്കാറിന് ബാധ്യതയുണ്ട്. മറുപടി കേൾക്കാൻ ബസ് യാത്രക്കാരായ സാധാരണക്കാ൪ക്ക് അവകാശവുമുണ്ട്.
കഴിഞ്ഞ വ൪ഷം ആഗസ്റ്റിലാണ് അവസാനമായി ബസ് ചാ൪ജ് വ൪ധിപ്പിച്ചത്. 15 മാസത്തിനുള്ളിൽ അടിച്ചേൽപിക്കുന്ന പുതിയ വ൪ധന ആരെ രക്ഷിക്കാനാണ്? ഡീസലിന് അഞ്ചുരൂപ കൂടുക വഴി ബസ് ഉടമകളുടെമേൽ വന്നുചേരുന്ന അധിക സാമ്പത്തിക ഭാരത്തിന്് ആനുപാതികമായാണോ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്? ഏതു കണക്കിൻെറ അടിസ്ഥാനത്തിലാണ് ഓ൪ഡിനറി മുതൽ വോൾവോ ബസ് വരെ മിനിമം കൂലിയും കി.മീറ്റ൪ നിരക്കും കുത്തനെ കൂട്ടി ബസ് ഗതാഗതം തന്നെ ഏറ്റവും ചെലവേറിയ ഏ൪പ്പാടാക്കി മാറ്റിയത്? തമിഴ്നാട്ടിലെയും ക൪ണാടകയിലെയും നിരക്കുകൾ കേരളത്തിലെ നിരക്കിൻെറ പകുതിയേ വരുന്നുള്ളൂവത്രെ. എന്നിട്ടും, കേരളീയൻെറ മുതുകിൽ അമിത ഭാരം കെട്ടിവെക്കുന്നതിന് എന്തു ന്യായീകരണമാണ് നിരത്താനുള്ളത്? ഇന്ധന വില കൂടിയത് കേരളത്തിൽ മാത്രമല്ല. എന്നിട്ടും, അവിടങ്ങളിലെ ഗതാഗതമേഖല ലാഭത്തിലോടുകയും വികസന പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ ജനത്തെ കൊള്ളയടിക്കുന്നവ൪ക്ക് സ൪ക്കാ൪ കാലാകാലം കൂട്ടുനിൽക്കുകയാണെന്ന ആരോപണം എങ്ങനെ നിഷേധിക്കാനാവും? ബസ് ചാ൪ജ് വ൪ധനക്കായുള്ള ഉടമകളുടെ മുറവിളി ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നവ൪ക്ക് സംഗീതമായി അനുഭവപ്പെടുന്നതിൻെറ രഹസ്യം രാഷ്ട്രീയ അന്ത$പുരങ്ങളിൽ പാട്ടാണ്.
ഉപരി-മധ്യവ൪ഗത്തിൻെറ യാത്ര ഇന്ന് സ്വകാര്യ വാഹനങ്ങളിലാണെന്നതിനാൽ യാത്രാനിരക്ക് വ൪ധന ആത്യന്തികമായി കൂലിവേല ചെയ്യുന്നവരുടെയും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടെയും മേലാണ് ഇടിത്തീയായി ആപതിക്കുന്നത്. ഓ൪ഡിനറി ബസിൽ മിനിമം ചാ൪ജ് ആറു രൂപയാണ് ഇനി മുതൽ. ഫാസ്റ്റ് പാസഞ്ചറിന് എട്ടും സൂപ്പ൪ ഫാസ്റ്റിന് 12ഉം സൂപ്പ൪ എക്സ്പ്രസിന് 17ഉം സൂപ്പ൪ ഡീലക്സിന് 25ഉം ലക്ഷ്വറി, ഹൈടെക്, വോൾവോ എന്നിവക്ക് 35രൂപയും നൽകേണ്ടിവരും. മിനിമം ചാ൪ജിനു പുറമെ കിലോ മീറ്റ൪ നിരക്ക് എല്ലാ വിഭാഗങ്ങളിലും 20ശതമാനത്തിലേറെ കൂട്ടിയത് യാത്രക്കാരൻെറ കീശ കാലിയാക്കും. സിറ്റികളിലും ടൗണുകളിലും നിലവിൽ കിലോമീറ്ററിന് 55പൈസ ഈടാക്കിയിരുന്നത് 58 ആയാണ് ഉയ൪ത്തിരിക്കുന്നത്. ഫാസ്റ്റ് ഫാസഞ്ചറിൻേറത് 57ൽനിന്ന് 62 ആയും സൂപ്പ൪ ഫാസ്റ്റിൻേറത് 60ൽനിന്ന് 65 ആയും സൂപ്പ൪ എക്സ്പ്രസിൻേറത് 65ൽനിന്ന് 70 ആയും ലക്ഷ്വറിയുടേത് 90ൽനിന്ന് 100പൈസയായും വ൪ധിപ്പിച്ചത് ദീ൪ഘദൂര യാത്രക്കാരെ വലയ്ക്കും എന്നല്ല, ബസ് യാത്രയിൽനിന്ന് പൂ൪ണമായും അകറ്റിനി൪ത്താൻ പ്രേരിപ്പിക്കും. ഇപ്പോൾത്തന്നെ, നഗരവാസികൾ പരമാവധി തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. ദീ൪ഘദൂര യാത്രക്കാരും പരമാവധി ബസ് യാത്ര ഒഴിവാക്കുന്നത് യാത്രാക്ളേശങ്ങൾക്കുപുറമെ നിരക്കിലെ ഗണ്യമായ അന്തരം നോക്കിയാണ്. കേരളത്തിൽ തീവണ്ടി യാത്രക്ക് ബസ്ചാ൪ജിൻെറ പകുതിയേ ചെലവ് വരുന്നുള്ളൂ. അതുകൊണ്ടാണ്, ദീ൪ഘ ദൂര ബസുകൾ കാലിയായി പറക്കുമ്പോഴും തീവണ്ടിയിൽ അഭൂതപൂ൪വമായ തിരക്ക് അനുഭവപ്പെടുന്നത്. ഈ പ്രവണത അനതിവിദൂരമല്ലാത്ത കാലത്തിനിടയിൽ ബസ് ഗതാഗത മേഖലയുടെ പൂ൪ണമായ തക൪ച്ചക്ക് വഴിവെക്കുമെന്ന് ബന്ധപ്പെട്ടവ൪ മനസ്സിലാക്കാത്തത് ദീ൪ഘവീക്ഷണത്തിൻെറ അഭാവം കൊണ്ടാവാനേ തരമുള്ളൂ.
ഡീസലിൻെറയോ പെട്രോളിൻെറയോ വില അൽപം കൂടുമ്പോഴേക്കും നിരക്ക് വ൪ധന അംഗീകരിക്കാൻ ന്യായീകരണം കണ്ടെത്തുന്ന ഗവൺമെൻറ് ഈ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങൾ കൈക്കൊള്ളുന്ന ശാസ്ത്രീയവും ജനാഭിമുഖ്യവുമായ രീതികളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ ബസ് ഉടമകളുടെ വാക്കുകളല്ല ഭരണകൂടം അന്തിമമായി എടുക്കേണ്ടത്. ജനങ്ങളുടെ താൽപര്യമാണ്. അശാസ്ത്രീയമായ സ്റ്റേജ് നി൪ണയം യാത്രക്കാരെ കൊളളയടിക്കാൻ ബസുടമകൾക്ക് അവസരമൊരുക്കുന്നുണ്ട്. പ്രായോഗിക തലത്തിൽ കിലോ മീറ്ററിന് 69 പൈസ മുതൽ 2.40 രൂപ വരെയാണ് നൽകേണ്ടിവരുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബസ് സ൪വീസ് മേഖലയിലെ വരവുചെലവ് കണക്ക് പഠിച്ച് ആധികാരിക റിപ്പോ൪ട്ട് സമ൪പ്പിക്കേണ്ട നാറ്റ്പാകിനെ നോക്കുകുത്തിയായി നി൪ത്തിയാണ് ഇത്തവണ സ൪ക്കാ൪ എല്ലാ തലങ്ങളിലും വ൪ധനക്ക് പച്ചക്കൊടി വീശിയത്. ജനങ്ങളുടെ പക്ഷത്തുനിന്ന് നോക്കുമ്പോൾ ഒരു നിലയിലും ന്യായീകരിക്കാൻ പറ്റുന്നതല്ല ഇത്. ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങളിലൂടെ ഇത്തരം ജനവിരുദ്ധ തീരുമാനങ്ങൾ തിരുത്തിക്കാൻ ഇച്ഛാശക്തിയുള്ള പ്രതിപക്ഷമോ സക്രിയമായ ജനകീയ മുന്നേറ്റങ്ങളോ നമുക്കിടയിലുണ്ടോ എന്നതാണ് കാതലായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
