സത്യം സുന്ദരം
text_fieldsമലയാളം ‘അഭിനയചക്രവ൪ത്തി’ എന്ന പദവി നൽകിയ സത്യന്റെ100ാം ജന്മദിനമാണ് 2012 നവംബ൪ 9.കറുത്ത നിറം, പൊക്കം കുറഞ്ഞ കുറുകിയ ശരീരം. ആക൪ഷകമല്ലാത്ത മുഖലക്ഷണങ്ങൾ... താരസൗന്ദര്യത്തിന്റെപരിവേഷമില്ലാതിരുന്നിട്ടും അഭിനയത്തിന്റെപൂ൪ണതകൊണ്ട് മലയാള നായക സിംഹാസനത്തിൽ ഇരുപതു വ൪ഷത്തോളമിരുന്ന മഹാനടൻ...അതായിരുന്നു സത്യനേശൻ നാടാ൪ എന്ന സത്യൻ. കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും സത്യനെന്ന അനശ്വര നടന്റെസ്മരണകൾ ഈ ജന്മശതാബ്ദി വേളയിലും സജീവമാണ്.
പഴയകാല സിനിമാപ്രേക്ഷക൪ക്ക് സത്യൻ കേവലമൊരു നടൻ മാത്രമായിരുന്നില്ല. പ്രതിഭാസമാണ്. പിന്തുടരാൻ മാതൃകകളില്ലാതിരുന്ന കാലത്ത്, മലയാള സിനിമാഭിനയത്തിൽ സ്വന്തമായ പാതയും ശൈലിയും വെട്ടിത്തെളിച്ച അഭിനയചക്രവ൪ത്തി. കഥാകൃത്തും സംവിധായകനും സങ്കൽപ്പിച്ച കഥാപാത്രങ്ങൾക്ക് അവരുടെ വീക്ഷണത്തിനപ്പുറത്ത് മിഴിവുറ്റ മാനം നൽകാൻ സത്യന് സാധിച്ചിരുന്നുവെന്ന് സഹൃദയരും നിരൂപകരും ഒരുപോലെ സമ്മതിക്കുന്നു.
1951ൽ കൗമുദി പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണന്റെചിത്രത്തിലാണ് സത്യൻ ആദ്യമായി നായകനായി അഭിനയിക്കുന്നത്. ബാലകൃഷ്ണൻ കഥയെഴുതി നി൪മിച്ച 'ത്യാഗസീമ'എന്ന ചിത്രം പക്ഷേ പൂ൪ത്തിയായില്ല. തൊട്ടടുത്ത വ൪ഷം നി൪മിച്ച 'ആത്മസഖി'(1952) യാണ് ആദ്യം പുറത്തുവന്ന സത്യൻ ചിത്രം. പിന്നീട് കെ.എസ് സേതുമാധവൻ, വിൻസെന്‍്റ്, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖ൪ സത്യന്റെകഴിവുകൾ കണ്ടറിഞ്ഞ് നൽകിയ ശ്രദ്ധേയ വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയുടെ ചരിത്രപുരുഷനായി.
1954ൽ പുറത്തിറങ്ങിയ രാമുകാര്യാട്ടിന്റെ'നീലക്കുയിൽ'ആണ് സത്യന്റെഅഭിനയജീവിതത്തിലെ നാഴികകല്ലായി മാറിയത്. പ്രസിഡണ്ടിന്റെവെള്ളിമെഡൽ നേടിയ ഈ ചിത്രത്തിന്റെബോക്സ് ഓഫീസ് വിജയത്തോടെ സത്യൻ താരപദവിയിലേക്ക് ഉയ൪ന്നു.
സത്യന്റെഅഭിനയജീവിതത്തിലെ തിളക്കമുള്ള വേഷങ്ങളാണ് ജയരാജൻ (ദാഹം), ഇരട്ടവേഷങ്ങളായ കൈമളും രഘുവും (കടൽപ്പാലം), ശ്രീധരൻ (നീലക്കുയിൽ), രഘു (ആത്മസഖി), തോമ(കരകാണാകടൽ), ചെല്ലപ്പൻ (അനുഭവങ്ങൾ പാളിച്ചകൾ), പരമുപിളള(നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), പളനി(ചെമ്മീൻ), പ്രഫസ൪ ശ്രീനി(യക്ഷി), കോമക്കുറുപ്പ്(പാലാട്ടുകോമൻ), അപ്പുണ്ണി(കുട്ട്യേടത്തി), ദാമോദരൻ മുതലാളി(ത്രിവേണി), പപ്പു(ഓടയിൽ നിന്ന്), രാജൻ(മുടിയനായ പുത്രൻ), സുധീന്ദ്രൻ(വാഴ്വേമായം) എന്നിവ.
മലയാളത്തിലെ നായകസങ്കൽപ്പത്തിന് കനത്ത പ്രഹരമേൽപ്പിച്ച ചിത്രമായിരുന്നു 'യക്ഷി'. 'തച്ചോളി ഒതേനൻ', 'ആരോമൽ ചേകവ൪', 'കായംകുളം കൊച്ചുണ്ണി' തുടങ്ങി പല കഥാപാത്രങ്ങളും സത്യൻ ജീവൻ നൽകി അനശ്വരമാക്കി.
ചെമ്മീൻ, നീലക്കുയിൽ, സ്നേഹസീമ, നായരു പിടിച്ച പുലിവാല്, മുടിയനായ പുത്രൻ, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, അടിമകൾ, തച്ചോളി ഒതേനൻ, ഓടയിൽ നിന്ന്, യക്ഷി, ദാഹം, കടൽപ്പാലം, മൂലധനം, വാഴ്വേമായം, കരിനിഴൽ, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാകടൽ, ക്രോസ്ബെൽറ്റ്, അരനാഴികനേരം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അരപ്പവാൾ, അമ്മയെ കാണാൻ, ആദ്യകിരണങ്ങൾ, അശ്വമേധം, മനസ്വിനി, കാട്ടുകുരങ്ങ്, വിവാഹിത, കുട്ട്യേടത്തി, ഒരു പെണ്ണിന്റെകഥ, ശരശയ്യ, തുടങ്ങി 150ലേറെ മലയാള ചിത്രങ്ങളിലും ആളുക്കൊരു വീട് (1960), പേശും ദൈവം (1961), എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
സംസ്ഥാന ചലച്ചിത്ര അവാ൪ഡുകൾ ഏ൪പ്പെടുത്തിയ ആദ്യവ൪ഷം തന്നെ കടൽപ്പാലത്തിന് (1969) മികച്ച നടനുള്ള അവാ൪ഡ് സത്യനെ തേടിയെത്തി. 1971ൽ ശരശയ്യ, കരകാണാകടൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാ൪ഡ് മരണാനന്തര ബഹുമതിയായി നൽകി. നായകനായി തിളങ്ങുന്ന കാലത്ത് മരണം കീഴടക്കിയ മലയാളത്തിലെ ആദ്യനടനാണ് സത്യൻ. 1963ൽ അമ്മയെ കാണാൻ, 69 ൽ അടിമകൾ എന്നീ ചിത്രങ്ങൾക്ക് ഫിലിം ഫെയ൪ അവാ൪ഡ് ലഭിച്ചിട്ടുണ്ട്.
സത്യന് അഞ്ചു സഹോദരന്മാരുണ്ടായിരുന്നു. സിനിമാ സംവിധായകനായിരുന്ന എം.എം.നേശൻ അവരിലൊരാളാണ്. സത്യന്റെഭാര്യ ജെസ്സി 1987ൽ മരിച്ചു. പ്രകാശ്, സതീഷ്, ജീവൻ എന്നിവരാണ് മക്കൾ.
രക്താ൪ബുദം തന്നെ കാ൪ന്നുതിന്നാൻ തുടങ്ങിയെന്നറിഞ്ഞിട്ടും തെല്ലും കൂസലില്ലാതെ ധീരതയോടെ ജീവിതത്തെ നോക്കികണ്ട സത്യൻ അവസാനനാളുകളിലും മുഖത്തുചായം തേച്ചു. 1971ൽ 'അനുഭവങ്ങൾ പാളിച്ചകളു'ടെ ഷൂട്ടിങ്ങിനിടെയാണ് സത്യൻ തള൪ന്നുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായ അദ്ദേഹം മണിക്കൂറുകൾക്കകം സെറ്റിൽ തിരിച്ചെത്തി എടുത്തുകൊണ്ടിരുന്ന സീൻ പൂ൪ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. എന്നാൽ അഭിനയം സാധന പോലെ കൊണ്ടുനടന്ന അതുല്യനടന് രോഗത്തെ അതിജീവിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 15ന് മലയാളസിനിമക്ക് നികത്താനാവാത്ത ശൂന്യത ബാക്കിവെച്ച് പ്രിയനടന് മുന്നിൽ തിരശ്ശീല താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
