ആ സിംഹാസനം ഒഴിഞ്ഞുതന്നെ!
text_fields‘സത്യൻ മാഷിൻെറ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. അവിടേക്ക് പകരംവെക്കാൻ ഒരാളും ഇതുവരെ കടന്നുവന്നിട്ടില്ല’ -സത്യൻ അന്തരിച്ചനാൾ മുതൽ ഇക്കാലം വരെയും ഇത് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. സത്യൻെറ കാലശേഷം ഇങ്ങനെ ആദ്യം പറഞ്ഞത് അക്കാലത്ത് അദ്ദേഹത്തോടൊപ്പം തിളങ്ങിനിന്ന പ്രേം നസീറാണ്.
സത്യൻെറ സിഹാസനത്തിന് ഇന്നും ഇത്രയേറെ പ്രാധാന്യമുണ്ടാവാൻ കാരണം അദ്ദേഹം രംഗത്തെത്തിയ കാലത്തെ അഭിനയശൈലിയിൽ നിന്ന് അദ്ദേഹം നടത്തിയ ചില വ്യതിയാനങ്ങളാണ്.
മലയാളത്തിലെ, ഒരുപക്ഷേ, തെന്നിന്ത്യയിലെ തന്നെ ആദ്യ റിയലിസ്റ്റിക് നടനാണ് സത്യൻ. സുന്ദര നായകൻമാ൪ക്കിടയിലേക്ക് കടന്നുവന്ന കറുത്ത് കുറുകിയ ഗൗരവക്കാരൻ.
അഭിനയമെന്നാൽ അതിഭാവുകത്വം എന്ന ശൈലി സിനിമയിലും നാടകത്തിലും സജീവമായിരുന്നപ്പോഴാണ് സത്യൻ മലയാളസിനിമയിലെത്തുന്നത്. സാധാരണക്കാരനായ മലയാളിയുടെ രൂപഭാവങ്ങളോട് ചേ൪ന്നുനി൪ക്കുന്ന ശരീരഘടനയും മിതത്വമുള്ള അഭിനയവും അദ്ദേഹത്തെ പെട്ടെന്ന് തന്നെ സ്വീകാര്യനാക്കി. ഒരുതരത്തിൽ പറഞ്ഞാൽ നായകൻെറ രൂപ, ഭാവ, പ്രായ സങ്കൽപങ്ങളെ തച്ചുടച്ച അക്കാലത്തെ ‘ന്യൂ ജനറേഷൻ’ നായകൻ തന്നെയായിരുന്നു സത്യൻ.
മരംചുറ്റിപ്രേമവും സൽഗുണ സമ്പന്നനായ നായകനും ക്ളീഷേ വില്ലൻമാരും അരങ്ങുവാണ കാലത്താണ് സാധാരണക്കാരിൽ സാധാരണക്കാരനായ നായക, പ്രതിനായക കഥാപാത്രങ്ങൾ ശക്തമായ അഭിനയപ്രതിഭ കൊണ്ട് കൈയടക്കത്തോടെ സ്ക്രീനിലെത്തിക്കാനാവുമെന്ന് അദ്ദേഹം തെളിയിച്ചത്.
പ്രേമത്തിന് വേണ്ടി എന്തും ഉപേക്ഷിക്കുന്ന, ആരോടും പോരാടുന്ന നായകൻമാരിൽ നിന്നുള്ള വഴിമാറി നടത്തമായിരുന്നു നീലക്കുയിലിലെ സത്യൻെറ ശ്രീധരൻ നായരെന്ന കഥാപാത്രം. നായികയെ പ്രേമിച്ച് ഗ൪ഭിണിയാക്കി കൈയൊഴിയുന്ന അത്തരമൊരു നെഗറ്റീവ് കഥാപാത്രം അന്നത്തെ മറ്റ് നായകരെന്നല്ല, ഇപ്പോഴുള്ള പല താരങ്ങൾ പോലും ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.
തനിക്ക് ലഭിക്കുന്ന വേഷങ്ങൾ നായകനാണോ, വയസ്സനാണോ, വില്ലനാണോ എന്നൊന്നും നോക്കാറില്ലായിരുന്നു സത്യൻ. അതേസമയം, അഭിനയിച്ചാൽ തൻെറ കൈയൊപ്പ് പതിപ്പിക്കാൻ പറ്റുന്ന വേഷങ്ങളായിരിക്കും അദ്ദേഹം സ്വീകരിക്കുക.
പലപ്പോഴും യുവനായക കഥാപാത്രങ്ങളായി പ്രേം നസീ൪, മധു തുടങ്ങിയവ൪ക്ക് ശ്രദ്ധേയ വേഷങ്ങളുള്ള ചിത്രങ്ങളിൽ തന്നെയായിരിക്കും സത്യന് ഇത്തരം വ്യത്യസ്ത വേഷങ്ങൾ ലഭിക്കുക. എന്നാലും യാതൊരു മടിയും കൂടാതെ അത്തരം വെല്ലുവിളികൾ ഏറ്റെടുത്ത് തൻെറ ഭാഗം മറ്റുള്ളവരേക്കാൾ ഗംഭീരമായി അവതരിപ്പിച്ച് അനശ്വരമാക്കുാൻ അദ്ദേഹത്തിൻെറ പ്രതിഭക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
