പൊലീസ് വേഷത്തില്‍ നിന്ന് വെള്ളിവെളിച്ചത്തിലേക്ക്
text_fields1940 കളിൽ തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളെ വിറപ്പിച്ച എം. സത്യനേശനെന്ന സബ് ഇൻസ്പെക്ട൪ പിന്നീട് വെള്ളിത്തിരയിൽ അഭിനയ ഭാവങ്ങളുടെ ചക്രവ൪ത്തിയാകുമെന്ന് ഇന്നാട്ടുകാ൪ വിചാരിച്ചിട്ടേ ഉണ്ടാകില്ല. കറുത്ത്, എപ്പോഴും ഗൗരവഭാവമുള്ള ആ കുറിയ മനുഷ്യനിലൂടെ മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച നായക, പ്രതിനായക കഥാപാത്രങ്ങൾ മിന്നിത്തെളിഞ്ഞത് അദ്ദേഹത്തിൻെറ കാക്കിവേഷം കണ്ട് പരിചയിച്ചവരെ അമ്പരപ്പിച്ചതും അതുകൊണ്ടാകാം. സത്യൻ എന്ന നടൻ ഒരു അത്ഭുതമാകുന്നത് ഈ അപൂ൪വത കൊണ്ടാണ്.
തിരുവനന്തപുരം നഗരത്തിനടുത്തെ തൃക്കണ്ണാപുരത്ത് ചെറുവിളാകത്ത് മാനുവലിൻെറയും ലില്ലിയമ്മയുടേയും മൂത്ത മകൻ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നുകയറിയത് ജീവിതസമരത്തിൽ നിരവധി വേഷങ്ങൾ കെട്ടിയാടിയ ശേഷമാണ്. ഒരുപക്ഷേ ഈ വൈവിധ്യങ്ങൾ സിനിമയിലും വ്യത്യസ്തത ഭാവങ്ങൾ കൈയൊതുക്കത്തോടെ കെട്ടിയാടാൻ അദ്ദേഹത്തെ സഹായിച്ചിരിക്കണം.
അക്കാലത്ത് എം.എ ക്ക് തുല്യമായ വിദ്വാൻ പരീക്ഷ പാസായിരുന്നതിനാൽ സത്യനേശൻ എന്ന യുവാവിന് അധ്യാപക വൃത്തിയിൽ പ്രവേശിക്കാൻ പാടുപെടേണ്ടിവന്നില്ല. നഗരത്തിൽ പ്രശസ്തമായ സെൻറ് ജോസഫ്സ് സ്കൂളിൽ അങ്ങനെ അധ്യാപകനായി. കുറച്ചുകാലം ഈ ജോലി ചെയ്തപ്പോൾ സെക്രട്ടേറിയറ്റിൽ ഗുമസ്തനായി ജോലി ലഭിക്കുകയായിരുന്നു. അതിനുശേഷം കുറേക്കാലം പട്ടാളജീവിതം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിപ്പോഴാണ് നാട്ടുകാരറിഞ്ഞ പൊലീസുകാരനാകുന്നത്.
എസ്.ഐ സത്യനേശൻ ചില്ലറക്കാരനല്ലായിരുന്നില്ല. പേടിക്കേണ്ടവരെല്ലാം അദ്ദേഹത്തെ പേടിച്ചിരുന്നു. അക്കാലത്തെ ചട്ടമ്പിമാരും കള്ളൻമാരും അദ്ദേഹത്തിന് മുന്നിൽ മുട്ടുമടക്കിയിരുന്നു. ഗാംഭീര്യത്തോടെ സൈക്കിൾ ചവിട്ടി നഗരവീഥികളിലൂടെ അദ്ദേഹത്തിൻെറ ‘റോന്തുചുറ്റൽ’ ഓ൪ക്കുന്ന പഴമക്കാ൪ ഇന്നും തലസ്ഥാനത്തുണ്ട്.
ആലപ്പുഴയിലായിരുന്ന കാലത്ത് സ്റ്റേഷൻ ആക്രമിക്കാനെത്തിയവരെ വീറോടെ നേരിട്ടതും പിന്നീട് തനിക്കുനേരെ ഒളിയാക്രമണം നടത്തി കൊല്ലാൻ ശ്രമിച്ച അക്രമികളെ തറപറ്റിച്ചതുമൊക്കെ അദ്ദേഹത്തിൻെറ പൊലീസ് വീരഗാഥകളിൽ ചിലത് മാത്രം.
കാക്കിക്കുപ്പായത്തിലെ കലാഹൃദയം പരിപോഷിപ്പിക്കപ്പെട്ടതും ഈ വീര്യകാലത്താണെന്നതാണ് മറ്റൊരത്ഭുതം. അമച്വ൪ നാടകങ്ങളിലെ വേഷങ്ങളിലും പുറമേക്ക് ‘കഠിനഹൃദയ’നായ ഈ ഇൻസ്പെക്ട൪ ശോഭിച്ചു.
ആലപ്പുഴ നോ൪ത്ത് സ്റ്റേഷനിൽ പ്രവ൪ത്തിക്കുന്ന കാലത്താണ് സംഗീതജ്ഞനായ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരുമായി പരിചയത്തിലാകുന്നത്. അദ്ദേഹമാണീ പൊലീസുകാരൻെറ അഭിനയമികവ് തിരിച്ചറിഞ്ഞ് ആദ്യമായി സിനിമയിലേക്ക് വഴിയൊരുക്കാൻ ശ്രമിച്ചത്. അദ്ദേഹം നിരവധി നി൪മാതാക്കളോടും സംവിധായകരോട് സത്യനേപ്പറ്റി പറഞ്ഞു. എന്തുകൊണ്ടോ ചിത്രങ്ങളിൽ പക്ഷേ പെട്ടൊന്നൊന്നും അവസരം അവ൪ നൽകിയില്ല.
എന്നാൽ ഇൻസ്പെക്ട൪ സത്യനേശൻെറ തലവര മാറിമറിഞ്ഞത് കൗമുദി എഡിറ്റ൪ കെ. ബാലകൃഷ്ണൻ സിനിമ നി൪മിച്ചതിലൂടെയാണ്. തന്നെ വന്നുകണ്ട ഇൻസ്പെക്ടറിൽ വിശ്വാസമ൪പ്പിച്ച് ‘ത്യാഗസീമ’ എന്ന ചിത്രത്തിലെ പ്രധാനവേഷം തന്നെ നൽകാൻ അദ്ദേഹം തയാറായി. നടൻ പ്രേം നസീറിൻെറയും ആദ്യ ചിത്രം ഇതായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയായി.
എന്നാൽ എന്തുകൊണ്ടോ ചിത്രം പൂ൪ത്തിയായില്ല. സിനിമാമോഹങ്ങൾക്കായി പൊലീസുദ്യോഗ്യം ഉപേക്ഷിച്ച സത്യന് ഇതൊരു കനത്ത തിരിച്ചടിയായി. പിന്നീട് 1952 ആഗസ്റ്റ് 17ന് പുറത്തിറങ്ങിയ ‘ആത്മസഖി’യാണ് പുറത്തിറങ്ങിയ സത്യൻെറ ആദ്യ ചിത്രം. ഇതിലെ രഘു എന്ന വേഷം അവതരിപ്പിച്ചാണ് അദ്ദേഹം പകരംവെക്കാനാളില്ലാത്ത മലയാളത്തിൻെറ മഹാനടനായി നടന്നുകയറിയത്.
തുട൪ന്ന് 1954 ൽ പി.ഭാസ്കരൻെറ ‘നീലക്കുയിലെ’ വേഷം കൂടി ശ്രദ്ധിക്കപ്പെടുകയും ഏറെ നിരൂപകപ്രശംസ നേടുകയും ചെയ്തതോടെ അദ്ദേഹം താരസിംഹാസനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. പിന്നീടുള്ളത് ചരിത്രം. കരകാണാക്കടൽ, യക്ഷി, ചെമ്മീൻ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാലാട്ടുകോമൻ, ത്രിവേണി, വാഴ്വേ മായം, ഓടയിൽ നിന്ന്, അടിമകൾ, അനുഭവങ്ങൾ പാളിച്ചകൾ .... അങ്ങനെ എത്രയെത്ര അനശ്വര വേഷങ്ങൾ.
അധ്യാപകനും സ൪ക്കാ൪ ഗുമസ്തനും പട്ടാളക്കാരനും പൊലീസുകാരനുമൊക്കെയായി വ്യത്യസ്ത വേഷങ്ങളിൽ യൗവനകാലത്ത് സമൂഹ സേവനം നടത്തിയ അദ്ദേഹം നാൽപതുകളുടെ തുടക്കത്തിലാണ് സിനിമയിലെത്തുന്നത്. തുട൪ന്ന് വെള്ളിത്തിരയിലെ വേഷവൈവിധ്യങ്ങളിലൂടെ കലാകേരളത്തിൻെറ മുത്താകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
