വിമാനക്കമ്പനികളുടെ കൊള്ള എയര്‍ ഇന്ത്യയുടെ പിന്മാറ്റംമൂലം -പിണറായി
text_fieldsതിരുവനന്തപുരം: എയ൪ ഇന്ത്യയുടെ പിന്മാറ്റമാണ് ഗൾഫ് റൂട്ടിൽ മറ്റ് വിമാനക്കമ്പനികളുടെ കൊള്ളക്കിടയാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ൪വീസ് റദ്ദാക്കാൻ ഒരു മനസ്സാക്ഷിക്കുത്തും എയ൪ ഇന്ത്യക്കില്ല. കേരളത്തിൽനിന്ന് നിത്യേനയുള്ള 34 സ൪വീസുകളിൽ രണ്ട് ജംബോജെറ്റടക്കം 14 എണ്ണമാണ് റദ്ദാക്കിയത്. വൻതോതിൽ യാത്രാക്കൂലി വ൪ധിപ്പിക്കുകയും ചെയ്തു. എത്ര പണം കൊടുത്താലും സഞ്ചരിക്കാൻ വിമാനമില്ലാത്ത അവസ്ഥയുണ്ടായതിൽ പ്രതിഷേധിച്ച യാത്രക്കാരെ വിമാനറാഞ്ചികളായാണ് ചിത്രീകരിച്ചത്. 18 ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്ന ഗൾഫിലേക്ക് 118 സ൪വീസുകളാണ് ആഴ്ചയിലുള്ളത്.
ന്യൂയോ൪ക്കിലേക്ക് 35 മണിക്കൂ൪ യാത്രക്ക് 40,000 രൂപ ഈടാക്കുമ്പോൾ നാല് മണിക്കൂ൪ യാത്രമാത്രമുള്ള ഗൾഫിലേക്ക് ഈടാക്കുന്നത് 60,000 രൂപക്കടുത്താണ്. കേന്ദ്ര സ൪ക്കാറിൽ കേരളത്തിൽ നിന്ന് എട്ട് മന്ത്രിമാരുണ്ടായിട്ടും ഇത്തരം കാര്യങ്ങളിൽ ഒരു പ്രയോജനവുമുണ്ടാകുന്നില്ല.
കേരളത്തിൻെറ സമ്പദ്ഘടനയുടെ നട്ടെല്ല് പ്രവാസികളാണെന്ന് എമ൪ജിങ് കേരളയിൽ പ്രധാനമന്ത്രി പ്രസംഗിച്ചിട്ട് അവരെ സംരക്ഷിക്കുന്നത് ഇങ്ങനെയൊക്കെയാണെന്നും പിണറായി പറഞ്ഞു.അമേരിക്കൻ പ്രവാസികളുടെ വരുമാനമായി താരതമ്യപ്പെടുത്തിയാൽ ഗൾഫ് പ്രവാസികളുടേത് അഞ്ചിലൊന്ന് മാത്രമാണുള്ളത്. എന്നാൽ രണ്ടു കൂട്ടരും കേരളത്തിലേക്കയക്കുന്ന പണം ഏകദേശം തുല്യമാണ്.
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന മുഖ്യസ്രോതസ്സ് ഗൾഫ് പ്രവാസികളാണ്. പ്രവാസികളിൽനിന്ന് ഉൽപാദന മേഖലയിൽ നിക്ഷേപം നടത്തിക്കാനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് സ്വീകരിച്ച ചില നടപടികൾ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.കെ.ജി ഹാളിൽ നടന്ന പരിപാടിയിൽ കേരള പ്രവാസി സംഘം പ്രസിഡൻറ് പി.ടി. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
