തെരുവുനായ്ക്കള്‍ ജീവന് ഭീഷണിയാകുന്നു
text_fieldsശ്രീകണ്ഠപുരം: ജില്ലയിലെ ഉൾഗ്രാമങ്ങളിലും പ്രധാന ടൗണുകളിലുമെല്ലാം ജനജീവിതത്തിന് ഭീഷണിയായി തെരുവുനായ്ക്കളും ഭ്രാന്തൻ കുറുക്കന്മാരും. രാപ്പകൽ കാൽനടയാത്രികരും ബൈക്ക് യാത്രികരും നായ്ക്കളെയും ഭ്രാന്തൻ കുറുക്കന്മാരെയും ഭയന്ന് ജീവനുംകൊണ്ടോടുന്ന കാഴ്ച പതിവായി.
കുട്ടികളെയും മറ്റും ഓടിച്ചിട്ടു കടിക്കുന്ന സ്ഥിതി വന്നതോടെ ജനം ഭീതിയിലാണ്. വീടുകളിൽപോലും അപ്രതീക്ഷിതമായി തെരുവുനായ്ക്കൾ കയറിയെത്തുന്നതും കടിച്ചുപറിക്കുന്നതും പതിവായി. കുട്ടികളും മുതി൪ന്നവരുമുൾപ്പെടെ ദിവസേന നിരവധി പേ൪ക്ക് കടിയേൽക്കുന്നു. ഇതിൻെറ ഭീകരാവസ്ഥ അറിഞ്ഞിട്ടും ബന്ധപ്പെട്ടവ൪ നിസ്സംഗത തുടരുകയാണ്. മുൻവ൪ഷങ്ങളിലെല്ലാം തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ തദ്ദേശ ഭരണ വകുപ്പുകൾ തയാറാവാറുണ്ടെങ്കിലും ഇത്തവണ അതിനൊന്നും ആരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
തുക നീക്കിവെച്ചാൽതന്നെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് പട്ടികളെ പിടികൂടണമെന്നതിനാൽ ഒട്ടേറെ ബാധ്യതയാവുമെന്നതിനാലാണ് പഞ്ചായത്തുകളും മറ്റും ഇതിന് മടിക്കുന്നത്. പേപ്പട്ടിയും കുറുക്കന്മാരും തെരുവുനായ്ക്കളുടെ കൂട്ടത്തിലുണ്ടെങ്കിലും ഒന്നിനെയും പെട്ടെന്ന് തിരിച്ചറിയാനാവില്ല. പേപ്പട്ടിയുടെ കടിയേറ്റാൽ റാബീസ് വാക്സിൻ എടുക്കണമെങ്കിൽ സ൪ക്കാ൪ ആശുപത്രികളെ ആശ്രയിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ട൪മാ൪ ലീവാണെങ്കിൽ റാബീസ് വാക്സിൻ നൽകില്ല. ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഈ മരുന്ന് ലഭ്യമല്ല. കഴിഞ്ഞ മാസം ശ്രീകണ്ഠപുരം ടൗണിൽ ഭ്രാന്തൻ കുറുക്കൻ കടിച്ച് എട്ടു പേരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഭ്രാന്തൻ കുറുക്കനും പേപ്പട്ടികളും ഒരുപോലെ വിലസുമ്പോൾ ജനജീവിതത്തിന് സുരക്ഷയേകാൻ അധികൃത൪ക്ക് കഴിയാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നു. പേപ്പട്ടികളെയും കുറുക്കന്മാരെയും കണ്ടെത്തി കൊന്നൊടുക്കാൻ സ൪ക്കാ൪ തലത്തിൽ ക൪ശന നടപടി ആവിഷ്കരിക്കണമെന്ന ആവശ്യം വ്യാപകമായി.
ശ്രീകണ്ഠപുരം, ചെങ്ങളായി, കുറുമാത്തൂ൪, ചുഴലി, തളിപ്പറമ്പ്, പയ്യാവൂ൪, ചെമ്പേരി, ഇരിക്കൂ൪, മലപ്പട്ടം തുടങ്ങിയ മേഖലകളിലും കണ്ണൂ൪ ടൗണിലും സമീപ പ്രദേശങ്ങളിലുമെല്ലാം അടുത്ത കാലത്തായി നിരവധി പേ൪ക്ക് കുറുക്കൻെറയും നായ്ക്കളുടെയും കടിയേറ്റു.
കണ്ണൂരിൽ കീരിയുടെ ആക്രമണവുമുണ്ടായി. പുല൪ച്ചെ പത്രവിതരണത്തിന് പോകുന്നവരെയും വിവിധ തൊഴിലിനായി പോകുന്നവരെയും മദ്റസാ വിദ്യാ൪ഥികളെയും ഉൾപ്പെടെ തെരുവുനായ്ക്കൾ വട്ടംകറക്കി വഴിമുടക്കുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. നായ്ക്കൾ കുറുകെ ചാടുന്നത് ബൈക്കപകടങ്ങൾക്കും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
