ദുബൈ: ദുബൈ മെട്രോക്ക് തിങ്കളാഴ്ച ലഭിച്ചത് ഒരു വിശിഷ്ടാതിഥിയെ. യു.എ.ഇയിൽ ഔദ്യാഗിക സന്ദ൪ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ആണ് മെട്രോയിൽ അപ്രതീക്ഷിത യാത്ര നടത്തിയത്. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ തിങ്കളാഴ്ച ആരംഭിച്ച, മിഡിലീസ്റ്റിലെ ഏറ്റവും വലിയ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ ഷോ ആയ ‘ബിഗ് ഫൈവ്’ എക്സിബിഷൻ സന്ദ൪ശിക്കാൻ ദുബൈ മെട്രോയിലാണ് കാമറൂൺ പോയത്. എമിറേറ്റ്സ് എയ൪ലൈൻസ് ചെയ൪മാനും ചീഫ് എക്സിക്യൂട്ടീവും സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ‘ബിഗ് ഫൈവ്’ എക്സിബിഷൻ സന്ദ൪ശിച്ച അദ്ദേഹം ബ്രിട്ടണിൽ നിന്നുള്ള പ്രതിനിധികളുമായും കയറ്റുമതിക്കാരുമായും സംസാരിച്ചു. 70 രാജ്യങ്ങളിൽ നിന്നായി 3000 കമ്പനികൾ പങ്കെടുക്കുന്ന എക്സിബിഷൻ ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്.
ഉച്ചകഴിഞ്ഞ് സഅബീൽ പാലസിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഡേവിഡ് കാമറൂണിനെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഡമാക്കുന്നതിനെ കുറിച്ചും മിഡിലീസ്റ്റിലെ സമകാലിക രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും ഇരുവരും ച൪ച്ച ചെയ്തു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു.
പിന്നീട് അബൂദബിയിൽ നടന്ന യു.എ.ഇ-ബ്രിട്ടീഷ് സംയുക്ത യോഗത്തിൽ ഡേവിഡ് കാമറൂണും ശൈഖ് മുഹമ്മദ് ബിൻ സായിദും പങ്കെടുത്തു. യു.എ.ഇ സംഘത്തെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ബ്രിട്ടീഷ് സംഘത്തെ പ്രതിരോധ സെക്രട്ടറി ഫിലിപ്പ് ഹമോണ്ടും നയിച്ചു. ‘നൂതന കണ്ടുപിടിത്തങ്ങളിലെ പങ്കാളികൾ’ എന്ന ആശയത്തിൽ നടന്ന യോഗത്തിൽ വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ച൪ച്ച ചെയ്തു. അബൂദബി സായിദ് യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഡേവിഡ് കാമറൂൺ വിദ്യാ൪ഥികളെ അഭിസംബോധന ചെയ്തു. യു.എ.ഇ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് അദ്ദേഹം സൗദി അറേബ്യക്ക് തിരിക്കും.
അതേസമയം, ബ്രിട്ടൻെറ ടൈഫൂൺ യുദ്ധവിമാനങ്ങൾക്ക് യു.എ.ഇയിൽ നിന്നും സൗദിയിൽ നിന്നും കൂടുതൽ ഓ൪ഡറുകൾ ഉറപ്പുവരുത്തുകയാണ് ഡേവിഡ് കാമറൂണിൻെറ സന്ദ൪ശന ലക്ഷ്യമെന്ന് അന്താരാഷ്ട്ര വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ച൪ച്ചകൾ യു.എ.ഇ ഭരണാധികാരികളുമായി നടത്തിയെന്നും യു.എ.ഇ 60 വിമാനങ്ങൾ വാങ്ങാൻ സന്നദ്ധ പ്രകടിപ്പിച്ചെന്ന് അറിയുന്നെന്നും റിപ്പോ൪ട്ടിൽ പറയുന്നു. നിലവിലുള്ള 72 വിമാനങ്ങൾക്ക് പുറമേ കൂടുതൽ ഓ൪ഡ൪ ലഭിക്കുകയാണ് സൗദി സന്ദ൪ശനത്തിന് പിന്നിലെന്നും റിപ്പോ൪ട്ടിലുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2012 8:58 AM GMT Updated On
date_range 2012-11-06T14:28:23+05:30ദുബൈ മെട്രോയില്‍ ലണ്ടന്‍ സര്‍പ്രൈസ്
text_fieldsNext Story