എന്‍.ആര്‍.എല്‍.എം നോഡല്‍ ഏജന്‍സി കുടുംബശ്രീ തന്നെ -ജയറാം രമേശ്
text_fieldsതിരുവനന്തപുരം: കുടുംബശ്രീ തന്നെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷൻെറ (എൻ.ആ൪.എൽ.എം) കേരളത്തിലെ നോഡൽ ഏജൻസിയെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. അതേസമയം എൻ.ആ൪.എൽ. എം കേരളത്തിൽ നടപ്പാക്കുന്നതിന് പ്രത്യേക സംസ്ഥാനതല മിഷൻ രൂപവത്കരിക്കുന്നത് സംബന്ധിച്ച് സ൪ക്കാറിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ശിപാ൪ശ ലഭിച്ചിട്ടുണ്ട്. ഈ ശിപാ൪ശക്ക് കേന്ദ്ര സ൪ക്കാ൪ അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.ആ൪.എൽ.എമ്മിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹികസംഘടനകളും തമ്മിലുള്ള സംയോജനത്തെക്കുറിച്ചുള്ള ദേശീയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയറാം രമേശ്. കുടുംബശ്രീയെ നശിപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. കുടുംബശ്രീ ദേശീയ സമ്പത്താണെന്നും അതിനെ ദു൪ബലപ്പെടുത്തുന്നതൊന്നും ചെയ്യില്ലെന്നുമാണ് ഞായറാഴ്ച കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്. കേന്ദ്ര മന്ത്രി എ.കെ. ആൻറണിയും കുടുംബശ്രീയെ സംരക്ഷിക്കണമെന്നാണ് പറഞ്ഞത്. കെ.സി. ജോസഫുമായും സംസാരിച്ചിരുന്നു.
ദാരിദ്ര്യ നി൪മാ൪ജന പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി ചെയ൪മാനായ സംസ്ഥാനതല മിഷൻ രൂപവത്കരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സ൪ക്കാറിൽ നിന്ന് ശിപാ൪ശ ലഭിച്ചിട്ടില്ല. എന്നാൽ സ൪ക്കാറിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചു. ആന്ധ്രപ്രദേശ്, ക൪ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒറീസ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംസ്ഥാന മിഷൻ പ്രവ൪ത്തിക്കുന്നുണ്ടെന്നും അവക്ക് എൻ.ആ൪.എൽ.എം ഫണ്ട് നൽകുന്നുണ്ടെന്നതും ശരിയാണ്. എന്നാൽ കേരളത്തിൽ കുടുംബശ്രീ 12 വ൪ഷമായി പ്രവ൪ത്തിക്കുകയാണ്. അതിനെ സംരക്ഷിച്ച് നിലനി൪ത്തും. കേരളത്തിൽ സംസ്ഥാനതല മിഷൻ രൂപവത്കരിച്ചാൽ അതിന് എൻ.ആ൪.എൽ.എം ഫണ്ട് നൽകേണ്ടിവരും. എന്നാൽ കുടുംബശ്രീക്ക് പകരമായി ഒന്നുമില്ല. ഇനി അഥവാ മറ്റൊരു ഏജൻസി ഉണ്ടാവുകയാണെങ്കിൽ അത് കുടുംബശ്രീക്കൊപ്പമായിരിക്കും. ഇത് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളും. ഒന്നുകിൽ ചില൪ക്ക് സന്തോഷവും മറ്റ് ചില൪ക്ക് വിഷമവും ഉണ്ടാകും. അല്ലെങ്കിൽ ആ൪ക്കും ഇഷ്ടപ്പെടില്ല.
കുടുംബശ്രീയെ കൂടുതൽ പ്രഫഷനലാക്കേണ്ടതുണ്ട്. ആദിവാസി, ദലിത൪, തീരദേശവാസികൾ തുടങ്ങിയ വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളണം. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സ്ത്രീ സ്വയം സഹായ സംഘങ്ങളും യോജിച്ച് പ്രവ൪ത്തിക്കേണ്ടതുണ്ട്. ഇതിനായി ജമ്മു കശ്മീരിന് പ്രത്യേക പദ്ധതി രൂപവത്കരിക്കും- ജയറാം രമേശ് പറഞ്ഞു. എൻ.ആ൪.എൽ.എം നടപ്പാക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം മുഖ്യമന്ത്രിക്കോ, ഗ്രാമ വികസനമന്ത്രിക്കോ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എം.കെ. മുനീറും പറഞ്ഞു. കുടുംബശ്രീ തന്നെ നോഡൽ ഏജൻസിയായി നിലനിൽക്കും. കുടുംബശ്രീയിൽപെടാത്ത ജനവിഭാഗങ്ങളെ കൂട്ടി കൂടുതൽ അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
എൻ.ആ൪.എൽ.എമ്മിൻെറ ഭാഗമായി ബിഹാറിൽ തൊഴിൽ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിൻെറ കൺസൾട്ടൻറായി കുടുംബശ്രീയെ നിയോഗിച്ചതിൻെറ ധാരണാപത്രവും ചടങ്ങിൽ ഒപ്പുവെച്ചു. ബിഹാറിലെ ഗയ, മുസഫ൪പൂ൪ ജില്ലകളിലാവും അഞ്ച് വ൪ഷം പൈലറ്റ് പ്രോജക്ട് നടപ്പാക്കുക. കുടുംബശ്രീ എക്സിക്യൂട്ടീവ് മിഷൻ ഡയറക്ട൪ കെ.ബി. വത്സല കുമാരിയും ബിഹാറിനു വേണ്ടി പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ അരവിന്ദ്കുമാ൪ ചൗധരിയുമാണ് എം.ഒ.യുവിൽ ഒപ്പുവെച്ചത്.
‘ജനശ്രീയോ... അതെന്താ?’
തിരുവനന്തപുരം: ജനശ്രീ എന്താണെന്ന് തനിക്കറിയില്ലെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ്. എൻ.ആ൪.എൽ.എം സംബന്ധിച്ച ദേശീയ ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകവെയാണ് നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ നിന്ന് ജനശ്രീക്ക് ഒരു രൂപ പോലും നൽകിയിട്ടില്ല. എൻ. ആ൪.എൽ.എമ്മിൻെറ നോഡൽ ഏജൻസിയായതിനാൽ ഈ വ൪ഷം കേരളത്തിന് നൽകിയ 57 കോടിയും കുടുംബശ്രീക്കാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാ൪ട്ടികൾ അതിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് പാലോളി മുഹമ്മദ് കുട്ടിയല്ലാതെ മറ്റാരും അതിൽ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ കുടുംബശ്രീയുടെ ചാമ്പ്യന്മാരായി അവ൪ വരുന്നത് കാപട്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
