ആറന്മുള വിമാനത്താവളം: വ്യവസായ വകുപ്പ് തലയൂരി
text_fieldsപത്തനംതിട്ട: ഓഹരി പങ്കാളിത്തമടക്കമുള്ള വിവാദങ്ങൾ കനത്തതോടെ നി൪ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിയിൽ നിന്ന് വ്യവസായ വകുപ്പ് തലയൂരി. പദ്ധതിയുടെ ചുമതല വിമാനത്താവള വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ.ബാബുവിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വ്യവസായ വകുപ്പ് തങ്ങൾക്ക് കൈമാറിയതായി വിമാനത്താവള വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇടതുപക്ഷ മന്ത്രിസഭയുടെ കാലത്ത് വിമാനത്താവള വകുപ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നെങ്കിലും ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തത് വ്യവസായ വകുപ്പായിരുന്നു. പദ്ധതിക്ക് വേണ്ടി നടന്ന വ്യവസായ മേഖല പ്രഖ്യാപനവും മറ്റ് നടപടികളും താൻ അറിഞ്ഞിരുന്നില്ലെന്ന് അന്ന് വ്യവസായ മന്ത്രി ആയിരുന്ന എളമരം കരീം എം.എൽ.എ ‘മാധ്യമ’ത്തോട് പറഞ്ഞു. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ ഒപ്പിട്ടത് അന്ന് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണനാണ്. ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു.
ഇതിനിടെ പദ്ധതിയിൽ സ൪ക്കാ൪ ഓഹരി പങ്കാളിത്തത്തിന് ച൪ച്ചകൾ തുടങ്ങിയിട്ടുണ്ട്. 10 ശതമാനം ഓഹരിയും ചെയ൪മാൻ സ്ഥാനവുമാണ് വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഡെവലപ്പേഴ്സ് സ൪ക്കാറിന് വാഗ്ദാനം ചെയ്തത്.
അതിനിടെ, മലേഷ്യൻ കമ്പനിക്ക് 15 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകുമെന്ന വാ൪ത്തകളും പുറത്തുവന്നിട്ടുണ്ട്. ‘മലേഷ്യ എയ൪പോ൪ട്സ് ഹോൾഡിങ് ബ൪ഹദ്’ (എം.എ.എച്ച്.ബി) എന്ന കമ്പനിയാണ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. കെ.ജി.എസ് ഗ്രൂപ്പിൽ റിലയൻസിന് 15 ശതമാനം ഓഹരിയുണ്ടെന്ന് കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2000 കോടി രൂപയുടേതാണ് പദ്ധതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ൪ക്കാറിന് ഓഹരി പങ്കാളിത്തമുണ്ടെന്ന് വരുന്നതോടെ പദ്ധതി പൊതു-സ്വകാര്യ സംരംഭമാണെന്ന് വരുത്തിത്തീ൪ത്ത് നാട്ടുകാരുടെ എതി൪പ്പിന് തടയിടാനാണ് കെ.ജി.എസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഇടതുഭരണകാലത്ത് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്ണൻ വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്രയെകൊണ്ട് പദ്ധതിയിൽ ഓഹരി നിക്ഷേപം നടത്താൻ നീക്കം നടത്തിയിരുന്നു. വ്യവസായ വകുപ്പ് പദ്ധതി കൈയൊഴിഞ്ഞതിനാൽ ഇപ്പോൾ കിൻഫ്രക്ക് മേൽ സമ്മ൪ദം ഇല്ല. പ്രദേശത്ത് കെ.ജി.എസ് കൈയേറിയ 20 ഏക്ക൪ സ൪ക്കാ൪ ഭൂമി റവന്യൂ വകുപ്പ് പിടിച്ചെടുത്ത് ബോ൪ഡ് സ്ഥാപിച്ചിരുന്നു. ഈ ഭൂമി വിട്ടുനൽകാതെ പദ്ധതി നടപ്പാക്കാനാവില്ല. വിമാനത്താവള റൺവേയിൽ വരുന്നതാണ് ഈ ഭൂമി. ഇത് കമ്പനിക്ക് നൽകി അത് ഓഹരി നിക്ഷേപമായി പരിഗണിക്കാനാണ് നീക്കമെന്നറിയുന്നു. സ൪ക്കാ൪ ഓഹരി നിക്ഷേപം എങ്ങനെ എന്നതിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ.ബാബുവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ച൪ച്ച തുടരുമെന്നും അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
