പരിവര്‍ത്തനത്തിന്റെയും പ്രത്യാശയുടെയും 10 വര്‍ഷങ്ങള്‍
text_fieldsഅങ്കാറ: തീവ്ര മതേതരവാദികളും അന്ധമായ ദേശഭക്തി പുല൪ത്തുന്ന സേനാ മേധാവികളും രാഷ്ട്രീയ കോയ്മ നിലനി൪ത്തിയിരുന്ന തു൪ക്കിയിൽ ഇസ്ലാമിക ജനാധിപത്യത്തിൻെറ വിശാല വീക്ഷണവുമായി ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാ൪ട്ടി (എ.കെ പാ൪ട്ടി) അധികാരമേറിയിട്ട് നവംബ൪ മൂന്നിന് 10വ൪ഷം തികയുന്നു.
രാഷ്ട്രീയ അനിശ്ചിതത്വം, നാണയപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവയുടെ ആഘാതത്തിൽനിന്ന് രാജ്യത്തെ വിമുക്തമാക്കി ഭരണസ്ഥിരതയുടെയും സമ്പത്തികോന്നമനത്തിൻെറയും അന്താരാഷ്ട്ര നയതന്ത്രജ്ഞതയുടെ വിസ്മയ ചരിതം രചിക്കാൻ ഇതിനകം പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ നേതൃത്വം നൽകുന്ന എ.കെ പാ൪ട്ടി ഭരണത്തിന് സാധിച്ചതായി സ്വതന്ത്ര നിരീക്ഷക൪ വിലയിരുത്തുന്നു.
2002ൽ എ.കെ.പിയെ അധികാരത്തിലേക്കുയ൪ത്തിയ തെരഞ്ഞെടുപ്പിൽ അതുവരെ മേധാവിത്വം പുല൪ത്തിയിരുന്ന വലത്-ഇടതുപക്ഷ പാ൪ട്ടികൾ വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രം നേടിയ വിസ്മയ ചരിത്രത്തിനും ലോകം സാക്ഷിയായി. 550ൽ 363 സീറ്റുകളും എ.കെ.പി ഒറ്റക്ക് നേടുകയായിരുന്നു. പിന്നീട് നടന്ന രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും വിജയം ആവ൪ത്തിക്കാൻ കഴിഞ്ഞ എ.കെ പാ൪ട്ടി അടുത്ത തെരഞ്ഞെടുപ്പിനെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
2010, 2011 കാലയളവിൽ സമ്പന്ന പാശ്ചാത്യ ദേശങ്ങൾപോലും സാമ്പത്തിക മാന്ദ്യത്തിൻെറ പിടിയിലമ൪ന്നപ്പോൾ തു൪ക്കിയുടെ സമ്പദ്ഘടന ഉ൪ദുഗാൻെറ ഭരണത്തിൻകീഴിൽ ഭദ്രമായി നിലകൊണ്ടു. കയറ്റുമതിയിൽ വ൪ധനയും വൈവിധ്യവും പ്രകടമായി.
മതേതര പാരമ്പര്യം തക൪ക്കുന്നു എന്ന് മുറവിളി കൂട്ടിയിരുന്ന സേനാ മേധാവികളെ വരച്ചവരയിൽ നി൪ത്താൻ ധീര നിലപാടുകളിലൂടെ പ്രധാനമന്ത്രിക്ക് കഴിഞ്ഞു.
ജുഡീഷ്യറിയിലും അദ്ദേഹം ഇളക്കിപ്രതിഷ്ഠകൾ നടത്തി. ശിരോവസ്ത്രം നിരോധിച്ചതിനാൽ അധ്യയനാവസരം നഷ്ടപ്പെട്ട വിദ്യാ൪ഥിനികളെ രക്ഷിക്കാൻ സ൪വകലാശാലകളിലെ ശിരോവസ്ത്ര നിരോധം ഉ൪ദുഗാൻ റദ്ദാക്കി.
മേഖലാ രാഷ്ട്രങ്ങളിലെ പ്രതിസന്ധികളിൽ നയതന്ത്ര ഇടപെടൽ വഴി പരിവ൪ത്തനം സൃഷ്ടിക്കാനുള്ള ഉ൪ദുഗാൻെറ ചാതുര്യവും അംഗീകരിക്കപ്പെട്ടു. സിറിയയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നിട്ടും സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ ജനദ്രോഹനയങ്ങളെ ഉ൪ദുഗാൻ നിശിതമായി വിമ൪ശിച്ചു. പതിനായിരക്കണക്കിന് സിറിയൻ അഭയാ൪ഥികൾക്ക് തു൪ക്കി അഭയമരുളി.
യു.എസ് മുന്നറിയിപ്പ് കൂസാതെ ഇറാൻ സന്ദ൪ശിക്കാൻ തയാറായ ഉ൪ദുഗാൻ യൂറോപ്യൻ യൂനിയനിൽ (ഇ.യു) അംഗത്വം നേടാനുള്ള ശ്രമങ്ങൾ ഊ൪ജിതമാക്കി.
ജനക്ഷേമ പദ്ധതികളിലൂടെ സാമൂഹിക മണ്ഡലങ്ങളിൽ നവോന്മേഷം പക൪ന്ന തു൪ക്കി ഭരണകക്ഷി മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും ലോകശ്രദ്ധയാക൪ഷിക്കുന്ന രാജ്യമാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
