Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപുഷ്കരശരവര്‍ഷം

പുഷ്കരശരവര്‍ഷം

text_fields
bookmark_border
പുഷ്കരശരവര്‍ഷം
cancel

കേരനിരകളാടും ഒരു ഹരിതചാരുതീരമാണല്ലോ നമ്മുടെ നാട്. സഹ്യസാനു ശ്രുതി ചേ൪ത്തുവെച്ച മണിവീണയാണെൻെറ കേരളം എന്ന് കവികൾക്ക് തോന്നിയിട്ടുണ്ട്. ഇളകിയാടുന്ന ഹരിതമേഖലയിലലയിടുന്ന കളനിസ്വനം ഇവിടെയല്ലാതെ എവിടെ കേൾക്കാനാണ്! കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ വിളഞാറിൻ ഇടയാടും കുളിരുലാവും നാട്ടിൽ പുഷ്കലമായ മറ്റൊരു സംഗതിയുണ്ടല്ലോ. കേരളീയ പുരുഷൻെറ മര്യാദ. അതിനെപ്പറ്റി കവികളെവിടെയും വ൪ണിച്ചുപാടിയിട്ടില്ല. വിദേശിപ്പെണ്ണുങ്ങൾ വരാതാവുമോ എന്ന ഭീതി കാരണം ഇവിടത്തെ പുരുഷന്മാരുടെ ആതിഥ്യമര്യാദയെ വ൪ണിച്ച് ടൂറിസം ബ്രോഷറുകളിലും ഒരു വാക്കോ വരിയോ ആരും എഴുതിച്ചേ൪ത്തിട്ടില്ല. പരദേശത്ത് കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അതിഥികളെ സ്വീകരിക്കുന്ന പതിവുണ്ട്. തോണ്ടിയും തുറിച്ചുനോക്കിയും തരംകിട്ടിയാൽ മാനംകവ൪ന്നും സ്നേഹം പ്രകടിപ്പിക്കുന്ന സവിശേഷമായ രീതി വികസിപ്പിച്ചെടുത്തത് മലയാളി പുരുഷന്മാരാണ് എന്ന സത്യം നരവംശശാസ്ത്ര ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേ൪ക്കേണ്ടതാണ്. പുഷ്കരശരൻ അഥവാ കാമദേവൻെറ കളിയാണ് അതിനു പിന്നിലെന്ന് ധരിച്ചേക്കരുത്. സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണത്. ആ സ്നേഹപ്രകടനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേന്ദ്രമന്ത്രിയുടെ പട്ടമഹിഷി സുനന്ദ പുഷ്കറിനോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.
മന്ത്രിപത്നിയോ വിദേശികളോ ആവണമെന്നില്ല മലയാളിപുരുഷന് സ്നേഹം പ്രകടിപ്പിക്കാൻ. തനിനാട്ടുകാരായ പെണ്ണുങ്ങളും ഈ സ്നേഹപ്രകടനത്തിൻെറ ഇരകളാണ്. സെലിബ്രിറ്റി പ്രൊഫൈൽ നോക്കിയല്ല സ്നേഹിക്കുന്നത് എന്ന൪ഥം. ആണോ പെണ്ണോ എന്ന ലിംഗഭേദം മാത്രമേ ഇതിൽ പരിഗണിക്കപ്പെടുന്നുള്ളൂ. ഈ ഹരിതചാരുതീരത്തിൽ പെണ്ണുങ്ങൾക്കെതിരെ പരസ്യമായും രഹസ്യമായും നടക്കുന്ന ഉപദ്രവങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും സാമ്പിൾ വെടിക്കെട്ടാണ് മന്ത്രിപത്നിക്കു കിട്ടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് സുനന്ദയോട് സ്നേഹം പ്രകടിപ്പിച്ചത് പത്തൊമ്പതുകാരൻ പയ്യൻ. ഭ൪ത്താവ് ശശി തരൂരിന് സ്വീകരണം കൊടുക്കുന്ന കൂട്ടത്തിൽ ഭാര്യയെക്കൂടി പുഷ് ചെയ്ത് സ്വീകരിച്ചതാണ് പയ്യൻ. ആളു ചില്ലറക്കാരനൊന്നുമല്ല. ചാക്ക ഐ.ടി.ഐയിൽ പഠിക്കുന്നയാളാണ്. (എന്താണാവോ പഠിക്കുന്നത്!) പൊലീസ് അവൻെറ ഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് കേണപേക്ഷിച്ചതുകൊണ്ടാണ് കേസിനുപോവാതിരുന്നത്. അപമാനിച്ചയാളെ തല്ലിയില്ല. അവൻെറ കൈ തട്ടിമാറ്റുകയേ ചെയ്തുള്ളൂ. എന്നാലും പ്രതികരിച്ചത് നന്നായി എന്ന അഭിപ്രായക്കാരിയാണ്. എല്ലാം സഹിച്ചുനിൽക്കാൻ സാധാരണ പെണ്ണല്ല. ലോകം കുറേ കണ്ടതാണ്. പരസ്യമായി പ്രതികരിക്കാൻ കാണിച്ച ആ൪ജവത്തിൻെറയും ആത്മാഭിമാനത്തിൻെറയും പേരിൽ കേരളത്തിലെ സ്ത്രീകൾ ഇപ്പോൾ അഭിനന്ദിക്കുകയാണ്. സുനന്ദ തങ്ങളുടെ റോൾ മോഡലാണെന്നാണ് എല്ലാവരും പറയുന്നത്. നോക്കിനിന്ന പൊലീസിനും മഹിളാകോൺഗ്രസിനും അത് പീഡനമല്ല. അതിക്രമം കണ്ടാൽ പരാതിയില്ലെങ്കിലും കേസെടുക്കാൻ ബാധ്യതയുള്ള പൊലീസിൽനിന്നുപോലും സുനന്ദക്ക് സാമാന്യനീതി കിട്ടിയില്ല.
സുനന്ദയുടെ കണ്ണിൽ ഐ.ടി.ഐക്കാരൻ പയ്യൻ പാവം. പല മലയാളി പുരുഷന്മാരും ചെയ്യുന്നതു കണ്ട് അവനും തന്നാലാവുമ്പോലെ അനുകരിച്ചുനോക്കിയതാണ്. ആൻറി സോഷ്യൽ പേഴ്സനാലിറ്റി ഡിസോ൪ഡ൪ എന്ന മനോവൈകല്യം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ. പക്ഷേ, നരേന്ദ്രമോഡിയുടെ കാര്യം അങ്ങനെയാണോ? ‘അമ്പതുകോടിയുടെ കാമുകി’ എന്ന് വിളിച്ച് അപമാനിച്ചത് ഒരു സംസ്ഥാനത്തിൻെറ മുഖ്യമന്ത്രിയാണ്. ഒരു കാലത്ത് മരണവ്യാപാരിയായിരുന്ന ആൾ ഇപ്പോൾ നാട്ടിലെ പെണ്ണുങ്ങൾക്കുള്ള വിലവിവരപ്പട്ടികയുമായാണ് നടപ്പ് എന്നുതോന്നുന്നു. നല്ല മറുപടിയാണ് സുനന്ദ കൊടുത്തത്. നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയിട്ടും കുറ്റബോധമില്ലാത്തയാൾ തന്നോടു ക്ഷമ പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന്. സ്ത്രീകളെ അവഹേളിക്കുന്ന അധമരാഷ്ട്രീയക്കാരനെ ഗുജറാത്തിലെ സ്ത്രീകൾ വോട്ടുകൊണ്ടു നേരിടണമെന്ന ആ൪ജവമുള്ള മറുപടിയുടെ പേരിലും സുനന്ദ അഭിനന്ദനം അ൪ഹിക്കുന്നു. തൻെറ ഭാര്യ വിലമതിക്കാനാവാത്ത സ്വത്താണ് എന്നും അവളുടെ മൂല്യം അളക്കാൻ മോഡിക്കാവില്ല എന്നും, അതറിയണമെങ്കിൽ ആരെയെങ്കിലും സ്നേഹിക്കാൻ കഴിയണം എന്നും പറഞ്ഞ് തരൂരും തിരിച്ചടിച്ചു. പ്രണയഗുരുവെന്ന് ഭ൪ത്താവിനെ വിളിച്ചത് ബി.ജെ.പി ഉപാധ്യക്ഷനും വക്താവുമായ മുക്താ൪ അബ്ബാസ് നഖ്വി. തരൂരിനുവേണ്ടി പ്രണയകാര്യവകുപ്പ് ഉണ്ടാക്കണമെന്ന അഭിപ്രായക്കാരനാണ് നഖ്വി. നോക്കൂ, സ്ത്രീപുരുഷബന്ധത്തിൽ രാഷ്ട്രീയം ഇടപെടുന്ന വിധം. വ്യക്തിബന്ധങ്ങളെ അതിൻെറ വിശാലാ൪ഥത്തിൽ കാണാതെ സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി അവയെ അപഹസിക്കുന്ന അന്തസ്സില്ലായ്മയുടെ ആൾരൂപങ്ങൾ. ശശി തരൂരിനോടുള്ള അസൂയയാണ് അവരുടെ പ്രശ്നം. പുഷ്കരശരമേറ്റു വലഞ്ഞവ൪. ആശ്രമക്കിളി നിന്നെ എയ്തെയ്തെൻെറ ആവനാഴിയിൽ അമ്പുതീ൪ന്നു എന്നായി അവരുടെ അവസ്ഥ.
മോഡിക്കു കൊടുത്ത മറുപടിയിൽ നിലപാടുള്ള ഒരു സ്ത്രീയുടെ സ്വരമുണ്ട്. ‘എന്നെയല്ല ഇന്ത്യൻ സ്ത്രീകളെയാണു മോഡി അപമാനിച്ചത്. ഗുജറാത്തി പെൺകുട്ടികളിൽ പോഷകാഹാരക്കുറവുണ്ടാകുന്നതു ചൂണ്ടിക്കാണിച്ചപ്പോൾ, സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഭക്ഷണം കഴിക്കാത്തതാണ് അവ൪ എന്നു പറഞ്ഞ നേതാവല്ലേ അദ്ദേഹം. പോഷകാഹാരക്കുറവുള്ള പെൺകുട്ടികളെക്കുറിച്ച് അദ്ദേഹം ഒരുവട്ടമെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഗാന്ധിജിക്കും സ൪ദാ൪ പട്ടേലിനും ജന്മം നൽകിയ ഗുജറാത്തിൽനിന്നാണല്ലോ മോഡിയും വരുന്നത്. ഇന്ത്യയിൽ സ്ത്രീകൾ ധാരാളം ഉയ൪ന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ സ്പീക്ക൪ മീരാകുമാ൪, എന്തിന് ലോക്സഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് തുടങ്ങിയവരും സ്ത്രീകളാണ്. അങ്ങനെയൊരു രാജ്യത്ത് സ്ത്രീകളെ അവഹേളിക്കുന്ന പരാമ൪ശം ശരിയായില്ല. ഏതെങ്കിലുമൊരു സ്ത്രീയുടെ ഗ൪ഭപാത്രത്തിൽ നിന്നാണ് എല്ലാവരും വന്നതെന്നും മറക്കരുത്. സ്ത്രീകളോടുള്ള മോഡിയുടെ നിലപാടാണ് ഈ പരാമ൪ശങ്ങൾ കാണിക്കുന്നത്. അതിനാൽ അദ്ദേഹത്തോട് വെറുപ്പല്ല, അദ്ദേഹത്തിൻെറ വിവരക്കേടിൽ അനുകമ്പയാണ് തോന്നുന്നത്.’-ഹെഡ്ലൈൻസ് ടുഡേക്കു നൽകിയ അഭിമുഖത്തിൽ സുനന്ദ പറഞ്ഞു.
കശ്മീരാണ് സ്വദേശം. സോപൂരിൽനിന്ന് എട്ടു കിലോമീറ്റ൪ അകലെ ബോമയിൽ ഭൂവുടമകളുടെയും പട്ടാള ഓഫിസ൪മാരുടെയും കുടുംബത്തിൽ ജനനം. ആദ്യഭ൪ത്താവ് സഞ്ജയ് റയ്ന കശ്മീരിയായിരുന്നു. ആ ദാമ്പത്യം പരാജയമായതിനെത്തുട൪ന്ന് സുജിത്മേനോൻ എന്ന മലയാളി ബിസിനസുകാരനെ വിവാഹം കഴിച്ചു. അദ്ദേഹം 1997ൽ വാഹനാപകടത്തിൽ മരിച്ചു. ആ വിവാഹത്തിൽ ഒരു മകനുണ്ട്. ശിവമേനോൻ. അവനിപ്പോൾ 19 വയസ്സ്. അപമാനിച്ച മലയാളിയുവാവിൻെറ അതേപ്രായം. കുറച്ചുകാലം കാനഡയിലായിരുന്നു. അവിടെ പൗരത്വവും കിട്ടി. അംബരചുംബികൾ ഉയരുന്നതിനു മുമ്പാണ് ദുബൈയിലെത്തിയത്. കൂടെ മകനുമുണ്ടായിരുന്നു. മുറുക്കാൻ കടകളും ചായപ്പീടികകളുമുള്ള മിനി ഇന്ത്യയായ കരാമയിലായിരുന്നു താമസം. തൊണ്ണൂറുകളുടെ മധ്യത്തിൽ ടീകോമിൽ ചേ൪ന്നു. മീഡിയാ സിറ്റി,നോളജ് വില്ലേജ്, ഇൻറ൪നെറ്റ് സിറ്റി തുടങ്ങിയ ബിസിനസ് പാ൪ക്കുകളുടെ ചുമതലയുള്ള സ൪ക്കാ൪ സ്ഥാപനമായ ടീകോമിലെ സെയിൽസ് ഡയറക്ട൪ ജോലി സുനന്ദയുടെ വള൪ച്ചയെ സഹായിച്ചു. പിന്നീട് ആഡംബര കൂട്ടായ്മകളിലെയും ഗ്ളോസി മാഗസിനുകളിലെയും താരമായി. കൈയിലും നഖത്തിലും ചായംപൂശി വെയിലിൽ വെട്ടിത്തിളങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾ ധരിച്ച് ഡിന്ന൪പാ൪ട്ടികളിൽ പ്രത്യക്ഷപ്പെട്ടു. പിന്നീടാണ് ശശി തരൂരിനെ കണ്ടുമുട്ടുന്നത്. അദ്ദേഹവും രണ്ടുവിവാഹങ്ങൾ കഴിച്ചയാളാണ്. അങ്ങനെ 2010 ആഗസ്റ്റിൽ വിവാഹിതരായി. വിവാദങ്ങളുടെ കളിത്തോഴനാണ് ഇപ്പോഴത്തെ ഭ൪ത്താവ്. രണ്ടാം യു.പി.എ മന്ത്രിസഭയിൽ വിദേശകാര്യസഹമന്ത്രിയായിരിക്കെ ഭരണം ട്വിറ്ററിലൂടെയായിരുന്നു. കന്നുകാലിക്ളാസ് പോലുള്ള മഹത്തായ പദാവലികളിലൂടെ വിവാദങ്ങളിൽ നിറസാന്നിധ്യമായി. പിന്നീട് ഐ.പി.എൽ വിവാദത്തെ തുട൪ന്ന് രാജിവെക്കുകയായിരുന്നു. പറയുന്നതെന്തും വിവാദമാവുന്ന അദ്ദേഹത്തിന് ലഭിച്ച രണ്ടാമൂഴത്തിൽ പക്ഷേ, ആദ്യം വിവാദമുയ൪ന്നത് ഭാര്യയുടെ പേരിലാണെന്നു മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story