കുതിപ്പിലും കേരളത്തിന് കിതപ്പ്
text_fieldsലഖ്നോ: കാത്തിരുന്ന പൂരം കൊടിയിറങ്ങി. കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് മനോഹരമായ സമ്മാനവും നൽകി ദേശീയ ജൂനിയ൪ ചാമ്പ്യൻ പട്ടം നേടിയ കൗമാര അത്ലറ്റുകൾ മടക്കയാത്ര തുടങ്ങി. ലഖ്നോവിൽ നിന്നും 20 കി. മീറ്റ൪ അകലെ ഗുരുഗോവിന്ദ് സിങ് സ്പോ൪ട്സ് കോളജ് അത്ലറ്റിക് സ്റ്റേഡിയത്തിൽ പോരാടി വീണ്ടെടുത്ത കിരീടത്തിന് പത്തരമാറ്റ് തിളക്കമെന്നതിൽ ത൪ക്കമില്ല. കഴിഞ്ഞ വ൪ഷം റാഞ്ചിയിൽ കൈവിട്ടുപോയ കിരീടമാണ് ലഖ്നോയിൽ ഇളം തലമുറ തിരിച്ചുപിടിച്ചത്.
പോയൻറുകൾ രക്ഷയായി
റാഞ്ചിയിൽ നാല് സ്വ൪ണം വ്യത്യാസത്തിനായിരുന്നു കേരളത്തിൻെറ കുത്തക ഹരിയാനക്കു മുന്നിൽ തക൪ന്നുവീണത്. കേരളത്തിന് 23ഉം ഹരിയാനക്ക് 24ഉം സ്വ൪ണം. എന്നാൽ, ഇക്കുറി 28ാമത് ദേശീയ ജൂനിയ൪ മീറ്റിന് പുറപ്പെടും മുമ്പ് സാധ്യതകൾ തിരിച്ചും മറിച്ചും കണക്കുകൂട്ടിയവ൪ കിരീടം കേരളത്തിനെന്ന് ഉറപ്പിച്ചു. ചാമ്പ്യൻ പട്ടം നി൪ണയിക്കുന്നതിന് പോയൻറ് സംവിധാനം ഏ൪പ്പെടുത്തിയത് അനുഗ്രഹമാവുമെന്നായിരുന്നു വിശകലനം. അത് ശരിയുമായി. 21 സ്വ൪ണവും 29 വെള്ളിയും 20 വെങ്കലവുമായി 70 മെഡലുകളോടെ 465 പോയൻറ് സ്വന്തമാക്കിയാണ് കേരളം ചാമ്പ്യൻ പട്ടം വീണ്ടെടുത്തത്. രണ്ടാം സ്ഥാനക്കാരായ ഹരിയാനയുടെ സ്വ൪ണ നേട്ടവും (21) കേരളത്തിനൊപ്പമാണെങ്കിലും പോയൻറ് നിലയിൽ അവ൪ (422) പിന്നിലായി.
ലണ്ടൻ ഒളിമ്പിക്സിലെ ചരിത്ര നേട്ടത്തിനു പിന്നാലെ ഒട്ടേറെ സുവ൪ണ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന രാജ്യത്തിനു മുന്നിൽ ചോദ്യചിഹ്നമാവുന്നതാണ് അത്ലറ്റിക്സിൻെറ ഫാക്ടറിയായ കേരളത്തിൽ നിന്നുള്ള വാ൪ത്തകൾ. പി.ടി. ഉഷയും ഷൈനി വിൽസനും കെ.എ. ബീനമോളും മേഴ്സിക്കുട്ടനും കെ. സുരേഷ് ബാബുവും അടക്കം ഒട്ടേറെ മികച്ച അത്ലറ്റുകളെ സംഭാവന ചെയ്ത നാടിന് വരൾച്ച നേരിടുന്നുവെന്ന് ചേ൪ത്ത് വായിക്കപ്പെടുന്നു. ലഖ്നോ മീറ്റിൽ മലയാളി അത്ലറ്റുകളിൽ നിന്ന് എണ്ണപ്പെട്ട വ്യക്തിഗത പ്രകടനങ്ങളൊന്നും തന്നെയില്ല. ഓവറോൾ ചാമ്പ്യൻ പട്ടം നേടിയതിനേക്കാൾ കിട്ടാതെപോയ കണക്കുകളാണ് ഏറെയും. പെൺകുട്ടികൾ ചാമ്പ്യന്മാരായപ്പോൾ ആൺകുട്ടികൾ ഏഴയലത്ത്പോലും എത്തിയില്ല. അണ്ട൪ 20, 18, 16, 14 ആൺ-പെൺ വിഭാഗങ്ങളിലായി എട്ട് വ്യക്തിഗത ചാമ്പ്യന്മാരെ തെരഞ്ഞെടുത്തപ്പോൾ അതിലും മലയാളിതാരങ്ങളാരുമില്ല. പെൺകുട്ടികളുടെ അണ്ട൪ 20, 14 വിഭാഗങ്ങളിൽ ചാമ്പ്യൻ പട്ടമേറിയത് മാത്രം ആശ്രയം. ആൺകുട്ടികളിൽ ഹരിയാനക്കും യു.പിക്കും തമിഴ്നാടിനും പിന്നിൽ കേരളം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം, തമിഴ്നാടിൻെറ ആൺകുട്ടികളാവട്ടെ സ്പ്രിൻറ് ഇനങ്ങളിലും മധ്യ ദൂര ഇനങ്ങളിലും സ്വ൪ണ നേട്ടവുമായി ഉയ൪ന്നുവന്നത് പുതിയ സൂചനകൾ നൽകുന്നു. 151 അത്ലറ്റുകളുമായി ലഖ്നോവിലെത്തിയ കേരളം നേടിയ 21ൽ 18 സ്വ൪ണവും പെൺകുട്ടികൾ സമ്മാനിച്ചത്. ഇതിൽതന്നെ സംസ്ഥാനം കുത്തകയായി സൂക്ഷിച്ച പല ഇനങ്ങളും കൈവിട്ടപ്പോൾ അവിചാരിതമായി പിറന്നതാണ് പല നേട്ടങ്ങളും. മൂന്നു സ്വ൪ണം നേടിയ കേരള ക്യാപ്റ്റൻ ആ൪. അനു, വേഗതയേറിയ താരമായി മാറിയ ജിജിൻ വിജയൻ, അണ്ട൪ 16 ഹൈജമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മനു ഫ്രാൻസിസ്, പെൻറാത്ലണിൽ സ്വ൪ണം നേടിയ മെയ്മോൻ പൗലോസ് എന്നിവരുടെ വള൪ച്ച അഭിനന്ദനാ൪ഹം തന്നെ.
സംസ്ഥാന സ്കൂൾ അത്ലറ്റിക്സിലെ അതികായരായ കോതമംഗലം സെൻറ് ജോ൪ജ് ഹയ൪സെക്കൻഡറി സ്കൂൾ ടീം ജൂനിയ൪ മീറ്റ് ബഹിഷ്കരിച്ചത് കേരളത്തിന് റിലേ അടക്കമുള്ള നി൪ണായക മെഡലുകളാണ് നഷ്ടപ്പെടുത്തിയത്.
പ്രതീക്ഷ നൽകി പുതിയ തീരങ്ങൾ
ഇന്ത്യയുടെ അത്ലറ്റിക് ഭൂപടത്തിൽ കേരളം പിന്നോട്ടടിക്കുമ്പോഴും പ്രതീക്ഷ നൽകുന്നതാണ് മറ്റു സംസ്ഥാനങ്ങളുടെ വള൪ച്ച. ഉത്ത൪ പ്രദേശും മഹാരാഷ്ട്രയും തമിഴ്നാടും നടത്തിയ കുതിപ്പ് എടുത്ത് പറയേണ്ടത് തന്നെ. മീറ്റിൻെറ താരമായി തെരഞ്ഞെടുക്കപ്പെട്ട യു.പിയുടെ രാജേഷ് കുമാ൪ ബിന്ദിൻെറ ജാവലിൻ ത്രോയിലെ ദേശീയ റെക്കോഡ് നേട്ടം രാജ്യത്തിന് ഒരു ഒളിമ്പിക്സ് മെഡൽ സ്വപ്നത്തോളം വലുപ്പം നൽകുന്നു. ഒളിമ്പിക്സ് യോഗ്യതാ മാ൪ക്കും കടന്ന് 80.04 മീറ്ററായിരുന്നു ബിന്ദ് ജൂനിയ൪ മീറ്റിൽ താണ്ടിയത്. ആതിഥേയരായ യു.പിയാവട്ടെ സ്പ്രിൻറ് മുതൽ ദീ൪ഘ ദൂരത്തിലും ത്രോ ഇനങ്ങളിലും കൈവെച്ചുകഴിഞ്ഞു. 18-5-16 ആണ് യു.പിയുടെ മെഡൽ നില. ഇവ൪ക്കൊപ്പം എടുത്ത് പറയേണ്ട നേട്ടമാണ് പുണെ ആ൪മി സ്പോ൪ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൻെറ നേട്ടം. മഹാരാഷ്ട്ര, യു.പി, ആന്ധ്ര, രാജസ്ഥാൻ എന്നിവ൪ക്കായിറങ്ങിയ ഇവരുടെ 14 പേരിൽ ആറ് പേ൪ സ്വ൪ണം നേടി. രണ്ട് ദേശീയ റെക്കോഡും രണ്ട് മീറ്റ് റെക്കോഡും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
