വിവരാവകാശ നിയമ ഭേദഗതി ഉപേക്ഷിച്ചു
text_fieldsന്യൂദൽഹി: വിവരാവകാശ നിയമത്തിൽ വെള്ളംചേ൪ക്കുംവിധം തയാറാക്കിയ കരടുഭേദഗതി ഉപേക്ഷിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സാമൂഹിക പ്രവ൪ത്തകരുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് യു.പി.എ അധ്യക്ഷ സോണിയഗാന്ധി നടത്തിയ ഇടപെടലിനെ തുട൪ന്നാണ് സ൪ക്കാ൪ നിലപാട് മാറ്റിയത്.
2006ൽ മുന്നോട്ടുവെച്ച നിയമഭേദഗതിയാണ് മന്ത്രിസഭ പിൻവലിക്കുന്നത്. സ൪ക്കാ൪ ഫയലുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റും എഴുതുന്ന കുറിപ്പുകൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് നൽകേണ്ടതില്ലെന്നായിരുന്നു പ്രധാന ഭേദഗതി. വികസനം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിൽ മാത്രം കുറിപ്പുകൾ പൊതുജനങ്ങളുമായി പങ്കുവെക്കാമെന്നും സ൪ക്കാ൪ നിലപാടെടുത്തു. സ൪ക്കാ൪ നിയമനത്തിന് സെലക്ഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവരാവകാശ നിയമപരിധിയിൽനിന്ന് ഒഴിവാക്കാനും വ്യവസ്ഥ വെച്ചു. ഭേദഗതി നി൪ദേശങ്ങളോടുള്ള എതി൪പ്പുകൾ കാരണം ബിൽ പാ൪ലമെൻറിൽ അവതരിപ്പിച്ചിരുന്നില്ല.
വിവരാവകാശ നിയമം ദുരുപയോഗംചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി, ചില തിരുത്തലുകൾ വരുത്തുമെന്ന സൂചന ഏതാനും ആഴ്ചകൾക്കു മുമ്പ് പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ നൽകിയിരുന്നു. വ്യക്തിസ്വകാര്യത ലംഘിക്കാൻ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ നിയമത്തിൽ പഴുതുകളുണ്ടെന്നും വിവരാവകാശ നിയമവും സ്വകാര്യതയുമായി സന്തുലനം ആവശ്യമുണ്ടെന്നുമുള്ള കാഴ്ചപ്പാടും അദ്ദേഹം വിവരാവകാശ കമീഷണ൪മാരുടെ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
