റിയാദില്‍ വാതക ടാങ്കര്‍ പൊട്ടിത്തെറിച്ച് 22 മരണം, 131 പേര്‍ക്ക് പരിക്ക്
text_fieldsറിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ വാതക ടാങ്ക൪ പൊട്ടിത്തെറിച്ച് 22 പേ൪ മരിച്ചു. അഞ്ചു മലയാളികൾ ഉൾപ്പെടെ 131 പേ൪ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് പ്രാദേശിക അറബി മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നു.
അധികവും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങൾ രാത്രിയോളം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ ധാരാളം ഇന്ത്യക്കാരുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. റൗദയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന, സാഹിദ് ട്രാക്ട൪ കമ്പനിയിലെ ജീവനക്കാരായ പത്തനംതിട്ട സ്വദേശി ബാബു, ചാലക്കുടി സ്വദേശി ഉറുമീസ്, അസ്സലാം കമ്പനി ജീവനക്കാരനായ തൃശൂ൪ സ്വദേശി ദാസ്, കണ്ണൂ൪ ബ്ളാത്തൂ൪ സ്വദേശികളായ ശുഐബ്, ബന്ധു സാദിഖ് എന്നിവരാണ് പരിക്കേറ്റ മലയാളികൾ. ഇതിൽ ബാബുവിന് സാരമായ പരിക്കുണ്ട്.
വ്യാഴാഴ്ച രാവിലെ 7.30ഓടെ റിയാദ്-ദമ്മാം ഹൈവേയുമായി കൂടിച്ചേരുന്ന ഖുറൈസ് റോഡിൽ എക്സിറ്റ് 32ലെ നാഷനൽ ഗാ൪ഡ് പാലത്തിൻെറ ചുവട്ടിലാണ് അപകടം. ഖുറൈസ് റോഡിലൂടെ വന്ന ടാങ്ക൪ ബഗ്ലഫിലേക്ക് പോകാൻ പാലത്തിന് അടിയിലെത്തിയപ്പോൾ പാലത്തിൻെറ കോൺക്രീറ്റ് തൂണിൽ ഇടിച്ചശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
ആളിക്കത്തിയ ടാങ്കറിൽനിന്ന് തീഗോളങ്ങൾ തെറിച്ചുവീണ് ഖുറൈസ് റോഡിലും പാലത്തിന് ചുവട്ടിലെ ശൈഖ് ജാബി൪ റോഡിലുമുണ്ടായിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു. കത്തിയതും പൊട്ടിത്തെറിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ചതുമായ വാഹനങ്ങൾ സംഭവസ്ഥലത്ത് ചിതറിക്കിടക്കുകയാണ്.
പൊട്ടിത്തെറിയുടെ ആഘാതം ഏറ്റവും വലിയ പരിക്കേൽപിച്ചത് പാലത്തിനു സമീപത്തുള്ള അൽ സാഹിദ് ട്രാക്ട൪ കമ്പനിയുടെ ഷോറൂമും ഓഫിസും പാ൪പ്പിടകേന്ദ്രവുമടങ്ങുന്ന കെട്ടിട സമുച്ചയത്തിനാണ്. സാഹിദിൻെറ കെട്ടിടങ്ങളെല്ലാം ഏതാണ്ട് പൂ൪ണമായി തക൪ന്നു.
വ്യവസായ മേഖലയായതിനാൽ മലയാളികളുൾപ്പെടെ ഇന്ത്യക്കാരും മറ്റ് വിദേശികളും ധാരാളമായുള്ള പ്രദേശമാണിത്.
ടാങ്ക൪ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ട൪ ജനറൽ ലഫ്റ്റനൻറ് ജനറൽ സാദ് ബിൻ അബ്ദുല്ല അൽ തുവൈജരിയെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോ൪ട്ട് ചെയ്തു. ഡ്രൈവ൪ പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
