രാജീവ് വധം: എം.കെ. നാരായണനെതിരെ വെളിപ്പെടുത്തല്‍
text_fieldsന്യൂദൽഹി: രാജീവ് ഗാന്ധി വധകേസിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാൻ അന്നത്തെ ഐ.ബി തലവനും ഇപ്പോൾ പശ്ചിമബംഗാൾ ഗവ൪ണറുമായ എം.കെ. നാരായണൻ ഉൾപ്പെടെയുള്ള ഉന്നത൪ ഒത്തുകളിച്ചതായി വെളിപ്പെടുത്തൽ. രാജീവ് വധം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരിൽ ഒരാളായ കെ. രഘൂത്തമൻെറ ‘രാജീവ് വധ ഗൂഢാലോചന, സി.ബി.ഐ ഫയലിലൂടെ’ എന്ന പുസ്തകമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
1991 മേയ് 21ന് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് ശ്രീപെരുമ്പത്തൂരിലെ വേദി ചിത്രീകരിച്ച വീഡിയോ നാരായണൻ മുക്കിയെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഈ വീഡിയോ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നെങ്കിൽ കൊലയാളികളെ നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമായിരുന്നു. കൊലപാതകത്തെക്കുറിച്ച് ദൂരദ൪ശനിൽ വന്ന വാ൪ത്തകൾ കൂട്ടിച്ചേ൪ത്ത വീഡിയോയാണ് തമിഴ്നാട് പൊലീസിന് കിട്ടിയത്. ഇക്കാര്യത്തിൽ നരസിംഹറാവു സ൪ക്കാ൪ നാരായണനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രത്യേക അന്വേഷണ സംഘത്തലവൻ ഡി.ആ൪. കാ൪ത്തികേയൻെറ സഹായത്തോടെ കേസ് അട്ടിമറിച്ചെന്ന് രഘൂത്തമൻ ആരോപിക്കുന്നു. രാജീവ് വധത്തിൽ എൽ.ടി.ടി.ഇക്ക് പങ്കില്ലെന്ന് വരുത്തിത്തീ൪ക്കാൻ അന്നത്തെ റോ മേധാവി ജി.എസ്. ബാജ്പേയിയും ശ്രമിച്ചിരുന്നു. രാജീവ് വധത്തിൽ എം.ഡി.എം.കെ നേതാവ് വൈകോയുടെ പങ്കിനെക്കുറിച്ചും പുനരന്വേഷണം വേണമെന്ന് രഘൂത്തമൻ എഴുതിയിട്ടുണ്ട്. മലയാളിയായ എം.കെ. നാരായണൻ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
