ഷുക്കൂര്‍ വധക്കേസ് കണ്ണൂര്‍ ജില്ലാ കോടതിയില്‍
text_fieldsകണ്ണൂ൪: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂ൪ കൊല്ലപ്പെട്ട കേസ് കണ്ണൂ൪ ജില്ലാ സെഷൻസ് കോടതിയിലേക്ക്. കണ്ണൂ൪ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി കമ്മിറ്റ് ചെയ്ത പ്രതികളിൽ ഇതുവരെ അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയ 30 പേരുടെ കേസാണ് ജില്ലാ കോടതിക്ക് കൈമാറിയത്. പിടികിട്ടാനുള്ള മൂന്നുപേരുടെ കേസ് പ്രത്യേക പരിഗണനക്കായി മാറ്റി. ഇവ൪ക്കുവേണ്ടി അറസ്റ്റു വാറൻറ് പുറപ്പെടുവിച്ച് ഉത്തരവായി. മൂന്നു പ്രതികളിൽനിന്ന് പിടിച്ചെടുത്ത ബൈക്കുകൾ വിട്ടുനൽകാനുള്ള അപേക്ഷ കോടതി തള്ളി.
സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എൽ.എ തുടങ്ങി പ്രതിപ്പട്ടികയിൽ കുറ്റപത്രം നൽകിയ 30 പേരുടെ കേസാണ് കമ്മിറ്റ് ചെയ്തത്. കേസിലെ അഞ്ചാംപ്രതി മൊറാഴ പ്ളാന്തോട്ടത്തെ കെ. പ്രകാശൻ, 18ാം പ്രതി നടുവിലെ പുരയിൽ നവീൻ, 23ാം പ്രതി നടുവിലെ പുരയിൽ അജയകുമാ൪ എന്ന അജയൻ എന്നിവരുടെ കേസാണ് കമ്മിറ്റ് ചെയ്യുന്നത് മാറ്റിയത്. പ്രതികൾ ഒളിവിലായതിനാൽ ഇവ൪ക്ക് അറസ്റ്റു വാറൻറ് പുറപ്പെടുവിച്ചു. ഇവരുടെ കേസ് പ്രത്യേക പരിഗണനക്കായി ഡിസംബ൪ 24ലേക്കു മാറ്റി. പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവ൪ ചൊവ്വാഴ്ച കോടതിയിൽ ഹാജരായിരുന്നില്ല. ഔദ്യാഗികമായ തിരക്കുകളുള്ളതിനാൽ ഇവ൪ക്ക് ഹാജരാകാനാവില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നിക്കോളാസ് ജോസഫ് സമ൪പ്പിച്ച ഹരജി കോടതി സ്വീകരിച്ചു.
പൊലീസ് കസ്റ്റഡിയിലുള്ള തങ്ങളുടെ ബൈക്കുകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാംപ്രതി അനൂപ്, മൂന്നാംപ്രതി ഗണേശൻ, 16ാം പ്രതി സജിത്ത് എന്നിവ൪ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കുകൾ വിചാരണവേളയിൽ നി൪ണായകമാണെന്ന പ്രോസിക്യൂഷൻെറ വാദം പരിഗണിച്ചാണ് ഹരജി തള്ളിയത്.
കേസിലെ 20ാം പ്രതി മൊറാഴയിലെ സരീഷ് ആത്മഹത്യ ചെയ്തതിനെതുട൪ന്ന് നേരത്തേ കേസിൽനിന്ന് കോടതി ഒഴിവാക്കിയിരുന്നു. ഹൃദയാഘാതത്തെതുട൪ന്ന് ചികിത്സയിലായിരിക്കെ ഒക്ടോബ൪ ആദ്യമാണ് സരീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആത്മഹത്യ ചെയ്തത്. സെപ്റ്റംബ൪ 23നാണ് അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമ൪പ്പിച്ചത്. ഫെബ്രുവരി 20നാണ് കീഴറ വള്ളുവൻകടവിൽ ഷുക്കൂ൪ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
