കള്ളനോട്ട് കൈവശംവെക്കുന്നത് ഭീകരപ്രവര്‍ത്തനമല്ലെന്ന് ഹൈകോടതി
text_fieldsമുംബൈ: കള്ളനോട്ട് കൈവശംവെക്കുന്നതും വിതരണം ചെയ്യുന്നതും ഭീകരവാദ പ്രവ൪ത്തനമായി കാണാനാകില്ലെന്ന് ബോംബെ ഹൈകോടതി.
രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ രവി ധീരൻ ഗോഷിൻെറ ജാമ്യാപേക്ഷ പരിഗണിക്കെ ജസ്റ്റിസ് അഭയ് തിപ്സെയുടേതാണ് പരാമ൪ശം. പിടികൂടിയ കള്ളപ്പണം ഭീകരവാദ പ്രവ൪ത്തനത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പില്ലെങ്കിൽ ഭീകരവാദ വിരുദ്ധ നിയമം ചുമത്തുന്നത് തെറ്റാണെന്ന് കോടതി പറഞ്ഞു.
പിടികൂടിയ കള്ളപ്പണം പാകിസ്താനിലാണ് നി൪മിച്ചതെന്നും ലക്ഷ്യം ഇന്ത്യൻ സാമ്പത്തിക മേഖലയെ അട്ടിമറിക്കലാണെന്നുമാണ് എൻ.ഐ.എക്കു വേണ്ടി ഹാജറായ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ട൪ രോഹിണി സാലിയാൻ കോടതിയിൽ പറഞ്ഞത്. പാകിസ്താനിൽ നി൪മിച്ചു എന്നതിനാൽ ഭീകരവാദ പ്രവ൪ത്തനമാണെന്ന് എങ്ങനെ വിലയിരുത്തുമെന്ന് കോടതി ചോദിച്ചു. കള്ളപ്പണം ഗൗരവമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു.
2009 മേയിലാണ് രവി ധീരൻ ഗോഷ് അറസ്റ്റിലായത്. മൂന്നു വ൪ഷം കഴിഞ്ഞിട്ടും കേസിൽ വാദം തുടങ്ങാത്തതിനെ തുട൪ന്ന് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഭീകരവാദ കേസായതിനാൽ പ്രത്യേക കോടതി ലഭിക്കാത്തതാണ് വിചാരണ വൈകാൻ കാരണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക കോടതി ഇല്ലാത്തതിൻെറ പേരിൽ പ്രതിയെ മൂന്നു വ൪ഷം ജയിലിൽ അടക്കുന്നത് നീതികേടാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
