Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഭാഷയുടെ ഉത്സവം;...

ഭാഷയുടെ ഉത്സവം; സാഹിത്യത്തിന്‍െറയും

text_fields
bookmark_border
ഭാഷയുടെ ഉത്സവം; സാഹിത്യത്തിന്‍െറയും
cancel

ആശയ വിനിമയത്തിനുള്ള ഒരുപാധിയെന്നതിനപ്പുറത്ത് ഭാഷ സമൂഹത്തിൻെറ സാംസ്കാരിക പാരമ്പര്യങ്ങളുടെ അനശ്വരമായ ഈടുവെപ്പായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ, മാറിയ കാല സാഹചര്യങ്ങളിൽ മലയാളി അക്കാര്യം മറന്നുപോവുകയാണോ എന്ന് സംശയിക്കാവുന്ന സാഹചര്യം നമ്മെ ചൂഴ്ന്നുനിൽക്കുന്നു. മലയാളികൾ മലയാളം മറക്കുകയാണോയെന്ന് വേദനയോടെ ഓ൪മിക്കേണ്ട ഒരവസ്ഥയെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. ‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാ൪, മ൪ത്യനു പെറ്റമ്മ തൻഭാഷ താൻ’ എന്നൊക്കെ പാടി പഠിച്ചിട്ടും നാം മാതൃഭാഷയെ നമ്മുടെ ജീവിതത്തിൽ നിന്നു പതുക്കെ പതുക്കെ പുറത്താക്കുകയല്ലേ ചെയ്യുന്നത്?
മാതൃഭാഷാ പഠനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഒരു നിരീക്ഷണം ഓ൪മയിൽ വരുന്നു: ‘തങ്ങളുടേതല്ലാത്ത ഭാഷയിൽ ബോധനം സ്വീകരിക്കുന്ന ഒരു രാജ്യത്തിലെ കുട്ടികൾ ആത്മഹത്യ ചെയ്യുകയാണെന്ന് എനിക്കുറപ്പുണ്ട്. അതവരുടെ ജന്മാവകാശത്തെ അപഹരിക്കലാണ്. ഒരു വിദേശഭാഷ ചെറുപ്പക്കാരുടെമേൽ അവര൪ഹിക്കാത്ത ഒരു ഭാരം കയറ്റിവെക്കുന്നു. അതവരുടെ നൈസ൪ഗിക സിദ്ധികളെ അപഹരിക്കുന്നു. വള൪ച്ച മുരടിക്കുന്നു. അതവരെ വീട്ടിൽനിന്ന് ഒറ്റപ്പെടുത്തുന്നു. തന്മൂലം ഞാനതിനെ സ൪വപ്രധാനമായ ഒരു ദേശീയദുരന്തമായി കണക്കാക്കുന്നു.’
ഒരാൾ മാതൃഭാഷയിൽ നിന്നു പുറത്തുകടക്കുമ്പോൾ അയാൾ സ്വന്തം സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്ന് പുറത്തു കടക്കുകയാണ്. സംസ്കാര ശുദ്ധമായ ജീവിതത്തിൻെറ പുണ്യങ്ങളിൽ നിന്ന് പുറത്തുകടക്കുകയാണ്. ഭാഷകളുടെ മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമുക്ക് നമ്മുടെ മാതൃഭാഷയെയും അതിൻെറ സാംസ്കാരിക പാരമ്പര്യങ്ങളെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. മലയാളത്തിൻെറ ശ്രേഷ്ഠഭാഷാ പദവിക്കു വേണ്ടി ഭാഷാസ്നേഹികളും ഗവൺമെൻറും ഒന്നിച്ചു പ്രവ൪ത്തിക്കുന്ന ഈ സന്ദ൪ഭത്തിൽ വിശ്വ മലയാള മഹോത്സവം പോലെ ഒരു സാംസ്കാരിക സംഭവത്തിന് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് ആ൪ക്കാണ് അറിഞ്ഞുകൂടാത്തത്?
മാറുന്ന കാലസന്ധികളിൽ ഒരു സംസ്കാരത്തിൻെറ ഭൂതകാലം ഓ൪മിച്ചെടുക്കുകയെന്നത് ഭാഷയുടെ ഒരു നിയോഗമായിത്തീരുന്നു. മലയാളത്തിൻെറ മഹത്തായ സാഹിത്യ, കലാസാംസ്കാരിക പാരമ്പര്യങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെ സാംസ്കാരിക വകുപ്പിൻെറ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വിശ്വ മലയാള മഹോത്സവം എല്ലാ അ൪ഥത്തിലും ഒരു ചരിത്രനിയോഗം തന്നെയാണ്. കേരള സാഹിത്യ അക്കാദമിയുടെ 56 വ൪ഷത്തെ ചരിത്രത്തിൽ ഇങ്ങനെ ഒരുത്സവം ആദ്യമായാണ്.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന വിശ്വ മലയാള മഹോത്സവം ഒക്ടോബ൪ 30ന് രാവിലെ 10.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ രാഷ്ട്രപതി പ്രണബ്കുമാ൪ മുഖ൪ജി ഉദ്ഘാടനം ചെയ്യും. തുട൪ന്ന് വി.ജെ.ടി ഹാൾ, ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയം, കനകക്കുന്ന് കൊട്ടാരം എന്നീ വേദികളിൽ സമ്മേളനങ്ങളും സെമിനാറുകളും കഥാ സംഗമങ്ങളും കാവ്യ സന്ധ്യകളും സ൪ഗ സംവാദങ്ങളും പ്രവാസി സംഗമവും നടക്കും. മൂന്നുദിവസങ്ങളിൽ മൂന്നുവേദികളിലായി നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ എം.ടി. വാസുദേവൻ നായ൪, ഒ.എൻ.വി. കുറുപ്പ്, ടി. പത്മനാഭൻ, സുഗതകുമാരി, ആനന്ദ്, അടൂ൪ ഗോപാലകൃഷ്ണൻ, കാവാലം നാരായണപ്പണിക്ക൪, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ. സച്ചിദാനന്ദൻ, സേതു, ആറ്റൂ൪ രവി വ൪മ, സക്കറിയ, സാറാ ജോസഫ്, ഖദീജാ മുംതാസ്, ചന്ദ്രമതി, ഗ്രേസി, എം.കെ. സാനു, ഡോ. വി. രാജകൃഷ്ണൻ, ഡോ. പി.കെ. രാജശേഖരൻ, ഒ.വി. ഉഷ, സി. രാധാകൃഷ്ണൻ, എം.പി. വീരേന്ദ്രകുമാ൪, നീലമ്പേരൂ൪ മധുസൂദനൻ നായ൪, ഏഴാച്ചേരി രാമചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാ൪, ബെന്യാമിൻ തുടങ്ങിയവ൪ എത്തും. ബുക്ക൪ പ്രൈസ് നേടിയ ബെൻ ഓക്രി, ചൈനീസ് എഴുത്തുകാരി ടങ് യിങുമൊത്ത്, ഇന്ദിര പാ൪ഥസാരഥി, സി൪പി ബാലസുബ്രഹ്മണ്യം (തമിഴ്), ഷ൪മിള റേ (ബംഗാളി), ഡോ. സിദ്ധലിംഗ പട്ടാൻ ഷെട്ടി (കന്നട), അനിത നായ൪ (ഇംഗ്ളീഷ്) തുടങ്ങിയവ൪ മഹോത്സവത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ്, കേന്ദ്രമന്ത്രി വയലാ൪ രവി, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സ്പീക്ക൪ ജി. കാ൪ത്തികേയൻ, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, ധനമന്ത്രി കെ.എം. മാണി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, രമേശ് ചെന്നിത്തല, പിണറായി വിജയൻ, പന്ന്യൻ രവീന്ദ്രൻ, ഒ. രാജഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന വികസന വിചാരം കേരളത്തിൻെറ ഭാവിയെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും. മഹോത്സവത്തിന് മോടി കൂട്ടാൻ കേരളത്തിൻെറ പാരമ്പര്യ കലകളും അരങ്ങേറുന്നുണ്ട്.
ഇത് ഭാഷയുടെ ഉത്സവമാണ്. ഇത് സാഹിത്യത്തിൻെറ ഉത്സവമാണ്. ഇത് കേരളീയ പാരമ്പര്യ കലകളുടെ ഉത്സവമാണ്. ഭാഷയെയും സാഹിത്യത്തെയും കലകളെയും സംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ നിറഞ്ഞ സാന്നിധ്യം വി.ജെ.ടി ഹാളിലും ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലും ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story