മന്ത്രിയില്ലാതെ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികള്‍ സ്തംഭനത്തില്‍
text_fieldsകണ്ണൂ൪: തദ്ദേശ സ്വയംഭരണ വകുപ്പിന് മന്ത്രിയില്ലാത്തത് നടപടികൾ വൈകാൻ കാരണമാവുന്നതായി ആക്ഷേപം. ഉമ്മൻ ചാണ്ടി സ൪ക്കാ൪ 2011 മേയ് 28ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ മന്ത്രി പദവി ഒഴിവാക്കിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് തലവൻ. പഞ്ചായത്ത്,നഗരകാര്യം, ഗ്രാമ വികസനം എന്നീ വകുപ്പുകൾ ഇദ്ദേഹത്തിൻെറ കീഴിലാണ്. ഈ മൂന്ന് വകുപ്പുകൾക്കും ഓരോ മന്ത്രിമാരും ഓരോ ഡയറക്ട൪മാരുമുണ്ട്. സെക്രട്ടറിമാരില്ല. തദ്ദേശ സ്വയംഭരണ വകുപ്പിലെ സെക്രട്ടറിമാ൪ ഫയലുകൾ ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാ൪ക്കയക്കുന്നു. വകുപ്പ് തല ഏകോപനം ആവശ്യമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ചെയ൪മാനും പഞ്ചായത്ത്,നഗരകാര്യം, ഗ്രാമ വികസനം എന്നീ വകുപ്പ് മന്ത്രിമാ൪ അംഗങ്ങളുമായ ഉപസമിതി നിലവിലുണ്ട്. ഉപസമിതി യോഗം ചേരാറില്ല. പഞ്ചായത്ത് മന്ത്രിക്കാവട്ടെ നിയമസഭയിൽ നൽകിയ ഉറപ്പ് പോലും പാലിക്കാനാവുന്നില്ല.
മുസ്ലിം ലീഗ് നേതാക്കളായ രണ്ട് മുൻ തദ്ദേശ സ്വയം ഭരണ മന്ത്രിമാ൪ താമസിക്കുന്ന കാസ൪കോട് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ അക്കൗണ്ടൻറിനെ നിയമിക്കണമെന്ന ആവശ്യം നടപ്പാവാത്തത് ലീഗിൻെറ സംസ്ഥാന ഘടകത്തിൽ വരെ എത്തി. കോടികളുടെ കണക്കുകൾ കൈകാര്യം ചെയ്യുന്ന ചെങ്കള പഞ്ചായത്തിൽ അക്കൗണ്ടൻറ് ഇല്ലാത്തതിൻെറ പ്രയാസം ചൂണ്ടിക്കാട്ടി ഔദ്യാഗിക കത്തിടപാടുകളിൽ നടപടിയുണ്ടായില്ല. ഇതേ തുട൪ന്നാണ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പ്രശ്നം നിയമ സഭയിൽ ഉന്നയിച്ചത്. മന്ത്രി ഉറപ്പും നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഓഡിനേഷൻ സമിതി യോഗങ്ങളിലെ വകുപ്പ് സെക്രട്ടറിമാ൪ ഹാജരാവാതിരിക്കുന്നതും തീരുമാനങ്ങൾ ഉത്തരവായി ഇറങ്ങാൻ വൈകുന്നതും പതിവായി. കഴിഞ്ഞ സെപ്റ്റംബ൪ 26നു ചേ൪ന്ന യോഗത്തിൽ ധന സെക്രട്ടറി ഹാജരാവാത്തതിനെതിരെ മന്ത്രിമാരായ കെ.സി. ജോസഫ്, എം.കെ. മുനീ൪, മഞ്ഞളാം കുഴി അലി എന്നിവ൪ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ആശ്രയ പദ്ധതി നടപ്പാക്കുന്നതിനു ചാലഞ്ച് ഫണ്ട് ഉപയോഗിക്കുന്നത് സംബന്ധിച്ച് സമിതി യോഗം തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയതാവട്ടെ ഇരുപതാം ദിവസം ഒക്ടോബ൪ 16ന് മാത്രം. ആശ്രയ പദ്ധതിക്ക് കുടുംബശ്രീയിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് 15 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷമായി വ൪ധിപ്പിക്കാനും തുട൪ സേവനത്തിന് അഞ്ച് ലക്ഷം രൂപ നിശ്ചയിക്കാനും ആവശ്യപ്പെട്ട് സെപ്റ്റംബ൪ ആറിനാണ് കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ട൪ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്. ഇതിന്മേലുള്ള തീരുമാനമാണ് ഒക്ടോബ൪ 16 വരെ നീണ്ടത്. തദ്ദേശ സ്വയംഭരണ വകുപ്പിന് മന്ത്രിയുണ്ടായിരുന്നെങ്കിൽ ഉടൻ അനുവദിച്ച് ഉത്തരവിടാമായിരുന്ന ആവശ്യമാണിത്.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, വടവുകോട് ബ്ളോക് പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, മഞ്ചേരി നഗരസഭ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, വടകര നഗരസഭ, തൃശൂ൪ കോ൪പറേഷൻ, പെരുമണ, ബെള്ളൂ൪, മുളിയാ൪, കുംബഡാജെ പഞ്ചായത്തുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ ഉത്തരവ് കാത്ത് കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
