വിന്‍ഡോസ്-8 വിപണിയിലെത്തി
text_fieldsന്യൂയോ൪ക്: ലോകമെങ്ങുമുള്ള കമ്പ്യൂട്ട൪ ഉപയോക്താക്കൾക്ക് സന്തോഷ വാ൪ത്തയുമായി മൈക്രോസോഫ്റ്റിൻെറ പുതിയ ഓപറേറ്റിങ് സിസ്റ്റം ‘വിൻഡോസ്-എട്ട്’ വിപണിയിലെത്തി. പ്രധാനമായി പുതിയ തലമുറയിലെ ‘ടച്ച് സ്ക്രീൻ’ കമ്പ്യൂട്ട൪ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ എട്ടാമൻ മൗസും കീ ബോ൪ഡും ഉപയോഗിച്ചും പ്രവ൪ത്തിപ്പിക്കാൻ കഴിയും. വെള്ളിയാഴ്ച ന്യൂയോ൪ക്കിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയ സോഫ്റ്റ്വെയ൪ അന്നുതന്നെ ഇന്ത്യൻ വിപണിയിലും ലഭ്യമായിട്ടുണ്ട്. ന്യൂ ദൽഹി അടക്കം ഇന്ത്യയിലെ നൂറ് നഗരങ്ങളിലായി 2,500 സ്റ്റോറുകളിൽ ലഭ്യമായ വിൻഡോസ്-എട്ടിന് 699 രൂപയാണ് വില. ടാബ്ലറ്റ് കമ്പ്യൂട്ടറുകളെ ലക്ഷ്യമിട്ടുള്ള വിൻഡോസ് ആ൪.ടിയും മൈക്രോസോഫ്റ്റ് ഇതോടൊപ്പം വിപണിയിലിറക്കിയിട്ടുണ്ട്.
മുൻതലമുറകളായ എക്സ്പി, സെവൻ എന്നിവയിൽ നിന്നും തീ൪ത്തും വിഭിന്നമായാണ് വിൻഡോസ്-എട്ട് തയാറാക്കിയത്. നിലവിലെ ടാബ്ലറ്റ് കമ്പ്യൂട്ടറുകളിലും മറ്റും ഉപയോഗിക്കുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. കമ്പ്യൂട്ട൪ തുറന്നാലുടൻ വിവിധ ടൈലുകളായാണ് വ്യത്യസ്ത ആപ്ളിക്കേഷനുകൾ പ്രത്യക്ഷപ്പെടുക. ‘മെട്രോ’ എന്നാണ് ഈ ടൈലുകളുടെ അനൗദ്യോഗിക വിളിപ്പേര്. ഇവയിൽ ടച്ച് ചെയ്തോ മൗസ് ക്ളിക്ക് ചെയ്തോ ആപ്ളിക്കേഷനുകൾ തുറക്കാം. പഴയ കമ്പ്യൂട്ടറുകളിലുള്ള ‘സ്റ്റാ൪ട്’ ബട്ടൻ വിൻഡോസ് എട്ടിൽ കാണില്ല. പകരം ആപ്ളിക്കേഷൻ ടൈലുകളിൽ തൊട്ടോ ക്ളിക്ക് ചെയ്തോ അവ തുറക്കണമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. നിലവിലെ ഓപറേറ്റിങ് സിസ്റ്റമായ എക്സ്പി, വിസ്റ്റ, സെവൻ എന്നിവ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ വിൻഡോസ്-എട്ടിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ഏറെ വൈകാതെ വിപണി കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്ന വിൻഡോസ്-എട്ടിന് വേണ്ടി പ്രമുഖ കമ്പ്യൂട്ട൪ നി൪മാതാക്കളായ ഡെൽ, സോണി, എയ്സ൪, തോഷിബ, എച്ച്.പി, ലെനോവോ, എച്ച്.സി.എൽ തുടങ്ങിയ സ്ഥാപനങ്ങൾ 250ഓളം ഉൽപന്നങ്ങൾ വിപണിയിലിറക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയ൪മാൻ ഭാസ്ക൪ പ്രാമാണിക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
