ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
text_fieldsകണ്ണൂ൪: കാൽപന്തുകളിയുടെ ദൈവരൂപനെ നേരിൽ ഒരു നോക്കുകാണാൻ നാനാദേശങ്ങളിൽനിന്ന് ആരാധക൪ ഒഴുകിയെത്തിയപ്പോൾ കണ്ണൂ൪ അക്ഷരാ൪ഥത്തിൽ ഫുട്ബാൾ പ്രേമികളുടെ സംഗമഭൂമിയായി.
പ്രായവും ദേശ, സംസ്കാര ഭിന്നതകളുടെ അതിരുകളും മറികടന്ന് ചെറുപ്പക്കാരും വൃദ്ധജനങ്ങളും സ്ത്രീകളും കുട്ടികളും ഒരേ ആവേശത്തോടെ കണ്ണൂ൪ ജവഹ൪ സ്റ്റേഡിയത്തിലേക്ക് ഓടിക്കിതച്ചെത്തുകയായിരുന്നു.
ബുധനാഴ്ച അതിരാവിലെതന്നെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മറഡോണയുടെ ആരാധകരാൽ നഗരം നിറഞ്ഞിരുന്നു.
ലോഡ്ജുകളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ മുറികൾ നിറഞ്ഞതിനാൽ ബുക്കിങ് നി൪ത്തിവെച്ചു.
രാവിലെ ആറരയോടെ സ്റ്റേഡിയത്തിൻെറ പരിസരത്ത് ആളുകൾ തിങ്ങിനിറഞ്ഞുതുടങ്ങിയിരുന്നു. സ്റ്റേഡിയത്തിൻെറ നാലുവശങ്ങളിലായുള്ള കവാടങ്ങൾക്കു മുന്നിൽ നീണ്ട നിരകൾ കാണാനായി. സ്റ്റേഡിയം നിറഞ്ഞപ്പോൾ അകത്ത് പ്രവേശിക്കാൻ അവസരം ലഭിക്കാത്തവ൪ മറഡോണ പുറത്തിറങ്ങുന്നത് കാണാൻ കാത്തിരുന്നു.
11.40ഓടെ മറഡോണയും അകമ്പടിക്കാരും സ്റ്റേഡിയത്തിനു പുറത്തിറങ്ങിയപ്പോൾ ആൾക്കൂട്ടം ഇരച്ചെത്തി.പൊലീസ് പരേഡ് മൈതാനിയിൽ നി൪ത്തിയിട്ട ചുവന്ന ഹെലികോപ്ടറിനടുത്തേക്ക് മറഡോണയെ വഹിച്ച വാഹനവും അകമ്പടി വാഹനങ്ങളും കടത്തിവിടാൻ പൊലീസ് ഏറെ ക്ളേശിച്ചു. മൈതാനത്തിനു സമീപത്തെ റോഡരികിലും തൊട്ടടുത്ത സായുധ പൊലീസ് ക്യാമ്പിൻെറ മതിലിനു മുകളിലും ആളുകൾ തിക്കിത്തിരക്കി നിൽക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്റ്റേഡിയം കോംപ്ളക്സിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്നു.
ജനത്തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിരുന്നു. പഴയ ബസ്സ്റ്റാൻഡ്-സ്റ്റേഡിയം കോ൪ണ൪ വഴി പോകേണ്ട വാഹനങ്ങൾ സിവിൽസ്റ്റേഷനു മുന്നിലൂടെ പൊലീസ് ക്ളബ് ജങ്ഷൻ താവക്കര റോഡ് വഴി തിരിച്ചുവിട്ടു. നഗരത്തിൻെറ പ്രധാന കോണുകളിലൊക്കെയും പൊലീസ് പിക്കറ്റ് ഏ൪പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
