മലങ്കരസഭയുടെ രാജകുമാരനായി ബസേലിയസ് ക്ളീമ്മീസ്
text_fieldsതിരുവല്ല: അത്യുന്നത ക൪ദിനാൾ സ്ഥാനത്തിലൂടെ മേജ൪ ആ൪ച്ച് ബിഷപ് മാ൪ ബസേലിയസ് ക്ളീമിസ് കാതോലിക്ക ബാവ ‘രാജകുമാര’നായത് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ആത്മീയ പാരമ്പര്യത്തിനും പൈതൃകത്തിനുമുള്ള അംഗീകാരമായി.
രണ്ടാം വത്തിക്കാൻ സുന്നഹദോസിൻെറ സുവ൪ണജൂബിലി വ൪ഷത്തിൽ, സാ൪വത്രിക സഭയുടെ വിശ്വാസവ൪ഷത്തിൻെറ തുടക്കത്തിൽ തന്നെ സീറോ മലങ്കര സഭക്ക് ലഭിച്ച രാജകുമാര പദവിയായ അത്യുന്നത ക൪ദിനാൾ സ്ഥാനം മലങ്കര സഭ സാ൪വത്രിക സഭയുമായി പുനരൈക്യപ്പെട്ടതിൻെറ 82ാം വാ൪ഷിക സമ്മാനം കൂടിയായി. മാ൪പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ലഭിക്കുന്ന ഈ പദവിയിലെത്തുന്ന കേരള സഭയിൽനിന്നുള്ള അഞ്ചാമനാണ് മാ൪ ബസേലിയസ് ക്ളീമിസ്.
1959 ജൂൺ 15ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്ത് മുക്കൂറിൽ തോട്ടുങ്കൽ വീട്ടിൽ പരേതരായ മാത്യു - അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച മാ൪ ക്ളിമ്മീസ് 1986ൽ വൈദികനായി. 2001 ജൂണിൽ മെത്രാൻ പദവിയിലേക്ക് ഉയ൪ത്തപ്പെട്ടു. തിരുവല്ല രൂപതയിൽ ബിഷപ്പായിരിക്കെ 2006ൽ ആ൪ച്ച് ബിഷപ്പായി നിയമിച്ചു. സിറിൽ മാ൪ ബസേലിയോസ് കാലംചെയ്തതിനെ തുട൪ന്ന് 2007 ഫെബ്രുവരി പത്തിന് ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡൻറായും ഇപ്പോൾ പ്രവ൪ത്തിക്കുകയാണ്.
ക൪ദിനാൾ പദവിയിലേക്ക് ഉയ൪ത്തപ്പെട്ട ഔദ്യാഗിക പ്രഖ്യാപനം റോമിൽ നടക്കുമ്പോൾ സുന്നഹദോസിൽ സംബന്ധിക്കുന്നതിനായി ക്ളിമ്മീസ് കാതോലിക്കാബാവയും അവിടെ ഉണ്ടായിരുന്നു. ഒക്ടോബ൪ 31ന് മടങ്ങിയെത്തും. സ്ഥാനാരോഹണ ചടങ്ങുകൾക്കായി നവംബറിൽ വീണ്ടും റോമിലേക്ക് പോകും.1912ൽ കാതോലിക്കേറ്റ് നിരണത്ത് സ്ഥാപിതമായതിൻെറ ശതാബ്ദിവ൪ഷം തന്നെ ക൪ദിനാൾ പദവി ലഭിച്ചത് സാ൪വത്രിക സഭയുടെ ഐക്യം വിളിച്ചോതൽ കൂടിയാണ്.
ഉയ൪ന്ന ആത്മീയപ്രഭാവവും ഭരണ നൈപുണ്യവും ഇതര സഭകളുമായും മതങ്ങളുമായും പുല൪ത്തിപ്പോരുന്ന സഹവ൪ത്തിത്വവും മാ൪പാപ്പയുടെ വലതുഭാഗത്ത് രാജകുമാരനായി വാഴാൻ മാ൪ ക്ളീമിസിന് അവസരമൊരുക്കി.
പുതിയ സ്ഥാനലബ്ധിയിൽ തിരുവല്ല അതിരൂപതയിൽ സന്തോഷം പതിന്മടങ്ങാണ്.
നിലവിൽ, നാഷനൽ അസോസിയേഷൻ ഫോ൪ ദ ബൈ്ളൻറ് പ്രസിഡൻറും റോമിലെ ഓറിയൻറൽ സഭകളുടെ പ്രതിനിധിയും ഏഷ്യയിലെ മെത്രാൻ സംഘത്തിൻെറ പ്രതിനിധിയും കാതലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ഉപാധ്യക്ഷനും കേരളാ കാതലിക് ബിഷപ് കോൺഫറൻസിൻെറ വിദ്യാഭ്യാസ-ആരോഗ്യ കമീഷൻ വൈസ് ചെയ൪മാനുമാണ് മാ൪ ക്ളീമിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
