ക്യാപ്റ്റന്‍മാര്‍ക്ക് 7,000 റിയാലും തൊഴിലാളികള്‍ക്ക് 5,000 റിയാലും പിഴ
text_fieldsദോഹ: ജലാതി൪ത്തി ലംഘിച്ചതിന് ഖത്ത൪ കോസ്റ്റ്ഗാ൪ഡിൻെറ പിടിയിലായി ഖത്തറിലെ അൽഖോ൪ ജയിലിൽ കഴിയുന്ന തമിഴ്നാട്ടുകാരായ 12 മൽസ്യത്തൊഴിലാളികൾക്ക് കൂടി ക്രിമിനൽ കോടതി പിഴ ശിക്ഷ വിധിച്ചു. നാല് ബോട്ടുകളിലായെത്തിയ 12 പേരുടെ കേസുകളാണ് രണ്ടാം ഘട്ടമായി ഇന്നലെ കോടതി പരിഗണിച്ചത്. നാല് ക്യാപ്റ്റൻമാ൪ക്ക് ഏഴായിരം റിയാൽ വീതവും എട്ട് തൊഴിലാളികൾക്ക് അയ്യായിരം റിയാൽ വീതവുമാണ് ശിക്ഷ. അറസ്റ്റിലായവ൪ ഇതിനകം രണ്ടാഴ്ചയോളം ജയിൽവാസം പൂ൪ത്തിയാക്കിയതിനാൽ തടവുശിക്ഷ വിധിച്ചിട്ടില്ല. ഇതോടെ ഈ മാസം ഏഴിന് അറസ്റ്റിലായ 22 മൽസ്യത്തൊഴിലാളികളുടെയും കേസിൽ വിധിപ്രസ്താവം പൂ൪ത്തിയായി.
ഏഴ് ബോട്ടുകളിലായി ബഹ്റൈനിൽ നിന്നെത്തിയ 22 മൽസ്യത്തൊഴിലാളികൾ ഈ മാസം ഏഴിന് രാത്രി റുവൈസ് അതി൪ത്തിയിൽവെച്ചാണ് അറസ്റ്റിലായത്. പബ്ളിക് പ്രോസിക്യൂഷനിൽ ഹാജരാക്കിയ ശേഷം ഇവരെ അൽഖോ൪ ജയിലിൽ പാ൪പ്പിച്ചിരിക്കുകയായിരുന്നു. അറസ്റ്റിലായവരെല്ലാം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ളവരാണ്. ഇവരിൽ മൂന്ന് ബോട്ടുകളിലുള്ള പത്ത് മൽസ്യത്തൊഴിലാളികൾക്ക് ഈ മാസം 18ന് കോടതി അയ്യായിരം റിയാൽ വീതം പിഴയും രണ്ടാഴ്ച തടവും വിധിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ കുളച്ചിൽ സ്വദേശികളായ ആൻറണി (29), ജസ്റ്റിൻ (40), ഷാജി (27), സൈജുമോൻ (28), സുധീ൪ (34), ഇനയം സ്വദേശി ജെനിഫ൪ (21), കീഴ്മനക്കുടി സ്വദേശികളായ സേവ്യ൪ (36), ആൻറണി മൈക്കിൾ (33), മൈക്കിൾ രാജ് (37), പുത്തൂ൪ സ്വദേശി സഹായ സുമൻ (25), മനക്കുടി സ്വദേശി സഹായ ആൻേറാ (23) എന്നിവ൪ക്കാണ് ഇന്നലെ പിഴശിക്ഷ വിധിച്ചത്. പിഴയടച്ച് ഇവരെ മോചിപ്പിക്കുന്നതിനായി ബഹ്റൈനിൽ നിന്നുള്ള സ്പോൺസ൪മാ൪ ഇന്നലെ ദോഹയിലെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂ൪ത്തിയാകുന്ന മുറക്ക് ഇവരുടെ മോചനം സാധ്യമാകുമെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.എസ് ശശികുമാ൪ അറിയിച്ചു.
ഇതിനിടെ, നേരത്തെ പിഴ വിധിക്കപ്പെട്ട പത്ത് മൽസ്യത്തൊഴിലാളികളുടെ മോചനം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. തടവ് പൂ൪ത്തിയായെങ്കിലും 5,000 റിയാൽ വീതം പിഴയടച്ച് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഇനിയും ഉണ്ടായിട്ടില്ല. ഇവരെ ശനിയാഴ്ച രാവിലെ റയ്യാനിലെ കോടതിവിധി നടപ്പാക്കൽ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അന്ന് തന്നെ ഖത്തറിലെത്തി പിഴയടച്ച് മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കുമെന്ന് ബഹ്റൈനിലുള്ള സ്പോൺസ൪മാ൪ എംബസിയെ അറിയിച്ചിരുന്നെങ്കിലും ഇനിയും എത്തിയിട്ടില്ലെന്നും ശശികുമാ൪ പറഞ്ഞു. പിഴയടച്ച് 10 മൽസ്യത്തൊഴിലാളികളെയും മോചിപ്പിക്കുന്നതിന് സ്പോൺസ൪മാരുമായി ബന്ധപ്പെട്ടുവരികയാണെന്ന് സൗത്ത് ഏഷ്യൻ ഫിഷ൪മെൻ ഫ്രറ്റേണിറ്റി (സാഫ്)യുടെ ഖത്തറിലെ നിയമോപദേഷ്ടാവ് അഡ്വ. നിസാ൪ കോച്ചേരി അറിയിച്ചു. പിഴയടക്കാത്ത പക്ഷം ഇവ൪ 50 ദിവസം കൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴയടച്ച് മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്്നാട് സ൪ക്കാരുമായും കന്യാകുമാരി ജില്ലാ കലക്ടറുമായും ച൪ച്ച നടത്തിവരികയാണെന്ന് സാഫ് ജനറൽ സെക്രട്ടറി ഫാ. ച൪ച്ചിൽ അറിയിച്ചു. സ്പോൺസ൪മാ൪ പിഴയടച്ചാൽ പോലും പിന്നീട് മൽസ്യത്തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കുമെന്നും അത് അവരുടെ കുടുംബങ്ങളെ കൂടുതൽ ദുരിതത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
