Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമിനായും അറഫയും ഒരുങ്ങി

മിനായും അറഫയും ഒരുങ്ങി

text_fields
bookmark_border
മിനായും അറഫയും ഒരുങ്ങി
cancel

ജിദ്ദ: ഹജ്ജിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂ൪ത്തിയായി. തീ൪ഥാടക ലക്ഷങ്ങളെ വരവേൽക്കാൻ പുണ്യസ്ഥലങ്ങളായ മിനായും മുസ്ദലിഫയും അറഫയും ഒരുങ്ങിക്കഴിഞ്ഞു. 30 ലക്ഷത്തോളം തീ൪ഥാടക൪ക്ക് സമാധാനത്തോടെ സുഗമമായി ഹജ്ജ് നി൪വഹിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് ഇത്തവണ പുണ്യസ്ഥലങ്ങളിൽ സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി, മുനിസിപ്പൽ ഗ്രാമ മന്ത്രി, മക്ക ഗവ൪ണ൪ എന്നിവ൪ അവസാനഘട്ട ഹജ്ജ് ഒരുക്കങ്ങൾ പരിശോധിച്ചു. പുണ്യസ്ഥലങ്ങളിൽ ഓരോ വ൪ഷവും കോടികളുടെ ഭീമൻ പദ്ധതികളാണ് തീ൪ഥാടക൪ക്ക് വേണ്ടി നടപ്പിലാക്കുന്നത്. മിനായിലെ തീപിടിക്കാത്ത തമ്പുകളും ജംറപാലവും മെട്രോ റെയിൽവേ പദ്ധതിയുമെല്ലാം ഇതിനകം പൂ൪ത്തിയായ വൻപദ്ധതികളാണ്. ഈ വ൪ഷവും തീ൪ഥാടക൪ക്കുവേണ്ടി പല പദ്ധതികളും പൂ൪ത്തിയാക്കിയിട്ടുണ്ട്. ചിലതിപ്പോഴും നടപ്പിലാക്കിവരികയാണ്. അൽമുഅയ്സിം ഭാഗത്തെ മിനായുമായി ബന്ധിപ്പിക്കുന്ന ശുഅയ്ബയിൻ തുരങ്കം, അസീസിയ ഭാഗത്തെ മിനായുമായി ബന്ധിപ്പിക്കുന്ന അസീസിയ തുരങ്കം എന്നിവ ഈ വ൪ഷം നടപ്പിലാക്കിയ പദ്ധതികളിൽ പ്രധാനമാണ്. ശുഅയ്ബയിൻ തുരങ്കത്തെ ജംറയുടെ മൂന്നാം നിലയും അസീസിയ തുരങ്കത്തെ ജംറയുടെ രണ്ടാം നിലയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ജംറയുടെ താഴെ നിലയിലും ഒന്നാം നിലയിലുമുണ്ടാകുന്ന തിരക്ക് ഇതോടെ കുറക്കാനാകും. അസീസിയ, മുഅയ്സിം ഭാഗത്ത് നിന്ന് ആളുകൾക്ക് വേഗത്തിൽ ജംറകളിലെത്താനും സാധിക്കും. ഒട്ടകം, പശു എന്നിവയെ അറുക്കുന്നതിന് 225000 ചതു.മീറ്ററിൽ അത്യുധുനിക സൗകര്യത്തോടെ പുതിയ അറവുശാല അൽമുഅയ്സിമിൽ സ്ഥാപിച്ചതും ഈ വ൪ഷമാണ്. പുണ്യസ്ഥലങ്ങളിൽ 600 ഓളം പുതിയ ശൗച്യാലയ കെട്ടിടങ്ങൾ നി൪മിക്കുന്ന പദ്ധതിക്ക് കീഴിലെ നൂറെണ്ണം ഈ വ൪ഷം പൂ൪ത്തിയായിട്ടുണ്ട്. അംഗശുദ്ധീകരണത്തിനും പ്രാഥമികാവശ്യങ്ങൾക്കും ആധുനിക സൗകര്യങ്ങളോടെയാണ് ഇവ നി൪മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ൪ഷം പൂ൪ത്തിയായ മശാഇ൪ മെട്രോയുടെ സേവനം ഈ വ൪ഷം കൂടുതൽ തീ൪ഥാടക൪ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ ഒരുക്കങ്ങളും പൂ൪ത്തിയായിട്ടുണ്ട്. മുൻവ൪ഷങ്ങളിൽ ആഭ്യന്തര തീ൪ഥാടക൪ക്കും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവ൪ക്കും മാത്രമായിരുന്നു മെട്രോ സേവനം. ഇത്തവണ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ഏകദേശം 4,50,000 തീ൪ഥാടക൪ക്ക് കൂടി മെട്രോ സേവനം ലഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനാലും സുരക്ഷക്കും റെയിൽവേ സ്റ്റേഷനുകളിലും 60 ഓട്ടോമാറ്റിക് കവാടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് കോണികളുടെയും ലിഫ്റ്റുകളുടെയും എണ്ണം വ൪ധിപ്പിച്ചിട്ടുണ്ട്.
ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ സമയം കഴിഞ്ഞുകൂടുന്ന മിനായിലെ തമ്പുകളിൽ തീ൪ഥാടക൪ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും മുത്വവഫ്, ഹജ്ജ് സേവന സ്ഥാപനങ്ങൾക്കു കീഴിൽ പൂ൪ത്തിയായി. ജംറകളിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ സജ്ജമായിക്കഴിഞ്ഞു. ആരോഗ്യവകുപ്പിനു കീഴിൽ പുണ്യസ്ഥലങ്ങളിലെ എട്ട് ആശുപത്രികളും 40 മെഡിക്കൽ സെൻററുകളും പ്രവ൪ത്തിക്കും. അടിയന്തരസേവന വിഭാഗത്തിനു കീഴിൽ 105 ഡോക്ട൪മാരുടെ സംഘവുമുണ്ട്. 236 ബെഡുകളോട് കൂടിയ ഈസ്റ്റ് അറഫ ആശുപത്രി 65,128,985 റിയാൽ ചെലവഴിച്ച് ഈ വ൪ഷം നി൪മിച്ചതാണ്. റെഡ്ക്രസൻറ്, ആംഡ്ഫോഴ്സ്, നാഷണൽ ഗാ൪ഡ് എന്നിവക്ക് കീഴിലും പതിവുപോലെ ഇത്തവണയും പുണ്യസ്ഥലങ്ങളിൽ മൊബൈൽ ആശുപത്രികളും ആംബുലൻസ് സേവനങ്ങളുമുണ്ട്. റെഡ്ക്രസൻറിനു കീഴിൽ എയ൪ ആംബുലൻസുകളും 510 ആംബുലൻസുകളും പ്രാഥമികശുശ്രൂഷകൾക്കായി 1029 പേരും രംഗത്തുണ്ട്. തീ൪ഥാടകരുടെ സുരക്ഷക്കും ഏത് അടിയന്തരഘട്ടം നേരിടുന്നതിന് കുറ്റമറ്റ സംവിധാനങ്ങളാണ് ആഭ്യന്തര വകുപ്പിന് കീഴിലൊരുക്കിയിരിക്കുന്നത്. ഹജ്ജ് സേന, അടിയന്തര സേന, പൊലീസ്, സിവിൽ ഡിഫൻസ്, ട്രാഫിക് എന്നീ വകുപ്പുകൾക്ക് കീഴിൽ 25000 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ട്രെയിനിങ് സിറ്റിയിലെ 13717 വിദ്യാ൪ഥികളും പുണ്യസ്ഥലങ്ങളിലെത്തി. അടിയന്തരഘട്ടങ്ങളിൽ 50000ൽ അധികം തീ൪ഥാടകരെ താമസിപ്പിക്കാൻ കഴിയുന്ന അഭയകേന്ദ്രങ്ങൾ സിവിൽ ഡിഫൻസ് ഒരുക്കിയിട്ടുണ്ട്.സുരക്ഷ നിരീക്ഷണത്തിന് 19 വിമാനങ്ങളുമുണ്ടാകും. സുരക്ഷ സേവനങ്ങൾ എളുപ്പമാക്കാൻ മിനാ, അറഫ എന്നീ സ്ഥലങ്ങളെ വിവിധ ഭാഗങ്ങളായി തിരിച്ചു. ഇവിടെ 35 പൊലീസ് സ്റ്റേഷനുകൾ പ്രവ൪ത്തിക്കും. തീ൪ഥാടക൪ കടന്നുപോകുന്ന ഭാഗങ്ങളിലെ നിരീക്ഷണത്തിന് 2951 കാമറകൾ സ്ഥാപിച്ചു. ശുചീകരണ ജോലികൾക്ക് 6000 ഓളം തൊഴിലാളികളെയും ഇവ൪ക്കാവശ്യമായ 354 ഓളം വിവിധ ഉപകരണങ്ങളും മുനിസിപ്പാലിറ്റിക്ക് കീഴിൽ ഒരുക്കി. റോഡുകളും തുരങ്കങ്ങളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കി. തീ൪ഥാടക൪ പുണ്യസ്ഥലങ്ങളിൽ കഴിയുന്ന ദിവസങ്ങളിൽ ജലം, വൈദ്യുതി എന്നിവ മുഴുസമയം ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ പൂ൪ത്തിയാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story