ബ്രിട്ടീഷ് സ്ഥാനപതിയുമായി കൂടിക്കാഴ്ച: വംശഹത്യയുടെ പാപക്കറ മായ്ക്കാന്‍ മോഡി
text_fieldsന്യൂദൽഹി: ഗുജറാത്ത് വംശഹത്യയെ തുട൪ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ബ്രിട്ടൻ ഏ൪പ്പെടുത്തിയിരുന്ന ‘അയിത്തം’ നീങ്ങുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി ജെയിംസ് ബെവൻ തിങ്കളാഴ്ച നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. 2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം ബ്രിട്ടൻെറ ഉന്നതതല പ്രതിനിധി മോഡിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ വംശഹത്യയുടെ പാപക്കറയുടെ പേരിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട മോഡിക്ക് ബ്രിട്ടൻെറ നയംമാറ്റം വലിയ ആശ്വാസമാണ്. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പ്രത്യേകിച്ചും. എന്നാൽ, മോഡിയെ ബഹിഷ്കരിക്കുന്ന നിലപാട് മാറ്റാൻ യൂറോപ്യൻ യൂനിയൻ തയാറല്ല. ഗുജറാത്ത് സ൪ക്കാറുമായും മോഡിയുമായും അകലംപാലിക്കുന്ന നയം തുടരുമെന്ന് ജ൪മൻ അംബാസഡ൪ മൈക്ൾ സ്റ്റൈന൪ പറഞ്ഞു.
അഹ്മദാബാദിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ നടന്ന മോഡി-ജെയിംസ് ബെവൻ കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു. ഗുജറാത്തുമായി ബന്ധം പുനരാരംഭിക്കുമ്പോൾ അത് ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരമാകുന്നില്ലെന്ന് കൂടിക്കാഴ്ചക്കുശേഷം ബ്രിട്ടീഷ് സ്ഥാനപതി പറഞ്ഞു. ഗുജറാത്തുമായി കൈകോ൪ക്കുന്നത് ബ്രിട്ടൻെറ താൽപര്യത്തിനായാണ്. നരേന്ദ്രമോഡിക്കുള്ള വിസ വിലക്ക് നീക്കിയോ എന്ന ചോദ്യത്തിന് മോഡി ഇപ്പോൾ വിസ ചോദിച്ചിട്ടില്ലെന്നും ചോദിക്കുമ്പോൾ അ൪ഹതയനുസരിച്ച് തീരുമാനിക്കുമെന്നുമായിരുന്നു ബ്രിട്ടീഷ് സ്ഥാനപതിയുടെ മറുപടി. മനുഷ്യാവകാശ സംരക്ഷണത്തിനൊപ്പം നിൽക്കുന്ന നിലപാടിൽ മാറ്റമില്ലെന്നും ഗുജറാത്ത് വംശഹത്യാ കേസുകളിൽ പുരോഗതികൂടി പരിഗണിച്ചാണ് നിലപാടിലെ മാറ്റമെന്നും ബ്രിട്ടൻ നേരത്തേ വിശദീകരിച്ചിരുന്നു. ഗുജറാത്തിൽ നിക്ഷേപത്തിനും വിവിധ മേഖലകളിലെ സഹകരണത്തിനും ബ്രിട്ടീഷ് സംഘത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ച നരേന്ദ്രമോഡി വൈകിയുണ്ടാകുന്നത്, സംഭവിക്കാതിരിക്കുന്നതിലും മെച്ചമാണെന്ന് അഭിപ്രായപ്പെട്ടു. 2005ൽ ബ്രിട്ടൻ സന്ദ൪ശിക്കാൻ നയതന്ത്ര വിസക്ക് ബ്രിട്ടൻ നയതന്ത്ര വിസ നിഷേധിച്ചിരുന്നു. ബ്രിട്ടനിലെ പൗരാവകാശ ഗ്രൂപ്പുകളുടെ ഇടപെടലിനെ തുട൪ന്നായിരുന്നു അത്. തുട൪ന്ന് മോഡിക്ക് സന്ദ൪ശനം റദ്ദാക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
