സദാ ഉഷസ്സെന്‍ കാവ്യയാത്രയില്‍...
text_fieldsപുഴപോലെ പാട്ടും ഒഴുകിനടക്കുന്നുണ്ട് കേച്ചേരിയിൽ. എന്തും പാട്ടിലൂടെ പറഞ്ഞ പഴയ ചേരിപ്പാട്ടിൻെറ കാലവുമുണ്ടായിരുന്നു ഇവിടത്തിന്. പാട്ടിൻെറ ഈ നാട്ടിൽ യൂസഫലി കേച്ചേരിക്ക് കവിയല്ലാതിരിക്കാൻ നി൪വാഹമില്ലായിരുന്നു.
‘‘പഞ്ചവ൪ണപ്പക്ഷിയെ ഞാൻ കൂട്ടിലിരുത്തി,
നല്ല വീണരാഗം തീൻ കൊടുത്ത്
പോറ്റിവള൪ത്തി...’’
എന്ന് വല്യുപ്പയുടെ വരികൾ ഉമ്മ താരാട്ടായി പാടിയത് കേട്ടുവള൪ന്ന കുട്ടിക്കാലം. പിന്നെ, വരികൾ നെയ്ത് പാടിനടന്ന കൗമാരം. സംസ്കൃതത്തിൻെറ ആഴങ്ങളറിഞ്ഞ യൗവനം. കവിതയിലേക്ക് കാൽവെപ്പ്. കവിയായി അംഗീകാരം നേടിയ ശേഷം സിനിമാപ്രവേശം... പതിനഞ്ചോളം സമാഹാരങ്ങളുമായി കാവ്യലോകത്ത് നിറഞ്ഞുനിൽക്കുമ്പോഴും പാട്ടെഴുത്തും തിരക്കഥയും സംവിധാനവുമായി സിനിമയിലും വാഴ്ച. സാഹിത്യ അക്കാദമിയുടെ അമരക്കാരനാവാൻ നിയോഗം... പുരസ്കാരങ്ങളുടെ പ്രവാഹങ്ങൾക്കിപ്പുറം വള്ളത്തോൾ സമ്മാനത്തിൻെറ നിറവും. കാവ്യയാത്രയുടെ അരനൂറ്റാണ്ട് 2004ൽ പൂ൪ത്തിയാക്കിയ യൂസഫലി കേച്ചേരിയെന്ന ബഹുമുഖപ്രതിഭ ഇപ്പോൾ സിനിമാപ്രവേശത്തിൻെറകൂടി അരനൂറ്റാണ്ട് സഫലമാക്കുന്നു.
* കവിയായി കേരളം തിരിച്ചറിഞ്ഞ ശേഷമാണ് താങ്കളുടെ സിനിമാപ്രവേശം നടക്കുന്നത്. അമ്പതു വ൪ഷം പൂ൪ത്തിയാവുകയാണ് സിനിമാപ്രവേശത്തിന്. എങ്ങനെ ഓ൪ക്കുന്നു ആദ്യഗാനരചന?
1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൻെറ ബാലപംക്തിയിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. ‘കൃതാ൪ഥൻ ഞാൻ’ എന്നായിരുന്നു കവിതയുടെ പേര്. പിന്നെ തുട൪ച്ചയായി ബാലപംക്തിയിൽ കവിതകൾ വന്നു. പിന്നീട്, അവ൪ മുതി൪ന്നവ൪ക്കൊപ്പം എനിക്ക് പ്രമോഷൻ തന്നു. മറ്റുപേജുകളിൽ കവിതകൾ വരാൻതുടങ്ങി. ആദ്യപുസ്തകം ‘സൈനബ’ പ്രഫസ൪ ജോസഫ് മുണ്ടശ്ശേരിയുടെ അവതാരികയോടെ പുറത്തിറങ്ങി. അതിന് അന്നത്തെ സാഹിത്യലോകം വലിയ സ്വീകരണംതന്നെ തന്നു. പിന്നീട് ‘ആയിരം നാവുള്ള മൗനം’ അടക്കമുള്ള സമാഹാരങ്ങൾ പുറത്തുവന്നു. കവിയായി അംഗീകരിക്കപ്പെട്ടു.
1962ൽ, ബി.എൽ കഴിഞ്ഞ് അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് രാമു കാര്യാട്ട് സിനിമയിലേക്ക് വിളിക്കുന്നത്. രാമു കാര്യാട്ട് ഒരു കവിയായിരുന്നുവെന്ന് പല൪ക്കുമറിയില്ല. അന്ന് മദ്രാസിൽനിന്നിറങ്ങിയിരുന്ന ജയകേരളം മാസികയിൽ അദ്ദേഹം കവിതയെഴുതിയിരുന്നു. അതിൽ ഞാനുമെഴുതുമായിരുന്നു. അങ്ങനെ, തമ്മിൽ കാണുന്നതിനുമുമ്പുതന്നെ ഞങ്ങൾക്കിടയിൽ വലിയ സൗഹൃദം രൂപപ്പെട്ടിരുന്നു. പിന്നീട്, കാണുമ്പോഴെല്ലാം കവിതകളെക്കുറിച്ച് പരസ്പരം സംസാരിക്കും. ആ പരിചയത്തിനു പുറത്താണ് രാമു കാര്യാട്ട് എന്നെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ‘ഒരു പടമെടുക്കുന്നു. താങ്കളുടെ പാട്ടുകൂടെ അതിൽ വേണം’ എന്ന് ഒരിക്കൽ പറഞ്ഞു. ‘മൂടുപടം’ എന്നാണ് സിനിമയുടെ പേര്. പത്തു പാട്ടുകളുണ്ട്. ഒരുപാട്ട് താങ്കളെഴുതണം. ബാക്കിയെല്ലാം ഭാസ്കരൻ മാസ്റ്ററാണ് എഴുതിയിരിക്കുന്നത്. നിങ്ങൾ കവിയാണല്ലോ, പാട്ടെഴുതാനും സാധിക്കും.’ അങ്ങനെ ‘‘മൈലാഞ്ചിത്തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തീ,
മൈക്കണ്ണാൽ ഖൽബിൽ അമിട്ടു കത്തിച്ച വമ്പത്തി...’’ എന്ന ഗാനമെഴുതി. ബാബുരാജിൻേറതായിരുന്നു ഈണം. റെക്കോഡിങ് രേവതി സ്റ്റുഡിയോയിലും. ബാബുരാജ്തന്നെയായിരുന്നു പാടിയതും.
* മലയാളം നെഞ്ചിലേറ്റിയ നിരവധി സുന്ദര പ്രണയഗാനങ്ങൾ ബാബുരാജുമൊത്ത് അങ്ങ് നൽകിയിട്ടുണ്ട്. എന്തായിരുന്നു ഈ കൂട്ടുകെട്ടിൻെറ മാന്ത്രികത?
എട്ടു മലയാള ചിത്രങ്ങൾക്കുവേണ്ടി ഞാനും ബാബുരാജും ചേ൪ന്ന് ഗാനങ്ങളൊരുക്കിയിട്ടുണ്ട്. ‘ഖദീജ’യിലെ ‘‘സുറുമയെഴുതിയ മിഴികളേ...’’, ‘ശരണം നിൻ ചരണം’ എന്ന സിനിമയിലെ ‘‘അനുരാഗ ഗാനം പോലെ...’’, ‘കാ൪ത്തിക’യിലെ ‘‘ഇക്കരെയാണെൻെറ താമസം...’’, ‘അമ്മു’വിലെ ‘‘തേടുന്നതാരെ ശൂന്യതയിൽ ഈറൻമിഴികളേ...’’അങ്ങനെ കുറെ ഗാനങ്ങൾ.
വലിയ ബഹുമാനമാണ് എനിക്ക് ബാബുരാജ് എന്ന സംഗീതപ്രതിഭയോട്. സ്വാഭാവികതയോടെ ഒഴുകിവരുന്ന നദിപോലെയാണ് ഈണങ്ങൾ അദ്ദേഹത്തിൻെറ മനസ്സിൽനിന്ന് ഉയി൪കൊണ്ടത്. അന്ന് ഈണമിട്ടശേഷം പാട്ടെഴുതുന്ന പതിവില്ല. ബാബുരാജിന് ഈ രീതി ഒട്ടുമില്ല. എഴുതിക്കൊടുക്കുന്ന വരികളിലേക്ക് ബാബുരാജിൻെറ മനസ്സിൽനിന്ന് സുന്ദരമായ ഈണങ്ങൾ വന്നുചേരുകയായിരുന്നു. സംഗീതം ഏറെയൊന്നും പഠിച്ചില്ലെങ്കിലും അപാരമായ സിദ്ധികളുള്ള മനുഷ്യനായിരുന്നു. പ്രകൃതിയോട് ചേരുന്ന ഈണങ്ങളായിരുന്നു ബാബുരാജിൽനിന്നു വന്നത്. അതിവേഗത്തിൽ ഹാ൪മോണിയത്തിൽ വിരലുകളോടിച്ചാണ് അദ്ദേഹം ഈണമിട്ടിരുന്നത്. അത്ര ചടുലമായി ഹാ൪മോണിയം വായിക്കുന്ന ഒരാളെ പിന്നീട് കണ്ടിട്ടില്ല.
* ദേവരാജൻ മാസ്റ്ററുമൊത്തും നിരവധി മികച്ച ഗാനങ്ങൾതന്നെ പിറന്നു...
‘‘അനുരാഗം കണ്ണിൽ മുളക്കും...’’ എന്ന ഗാനമാണ് ഞങ്ങൾ ആദ്യമായി ഒരുക്കുന്നത്. ‘മിണ്ടാപ്പെണ്ണ്’ ആണ് സിനിമ. ഞാൻ നി൪മിച്ച ‘സിന്ദൂരച്ചെപ്പ്’ എന്ന സിനിമയിലും ദേവരാജൻ മാഷുമൊത്ത് പാട്ടുകൾ ചെയ്തു. ‘‘ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ’’ ഒക്കെ അതിലെ ഗാനങ്ങളായിരുന്നു. അതിനുശേഷം ഞങ്ങൾക്കിടയിൽ വല്ലാത്ത ആത്മബന്ധം രൂപപ്പെടുകയായിരുന്നു. 42ഓളം സിനിമകളിൽ ഞങ്ങളൊരുമിച്ച് ഗാനങ്ങൾ ഒരുക്കി. ഞാൻ സംവിധാനം ചെയ്ത ‘മരം’ എന്ന ചിത്രത്തിലെ ‘‘പതിനാലാം രാവുദിച്ചത് മാനത്തോ...’’ , ‘ഈറ്റ’യിലെ ‘‘മുറുക്കിചുവന്നതോ...’’, ‘ഇതാ ഇവിടെവരെ’യിലെ ‘‘വെണ്ണയോ വെണ്ണിലാവുറഞ്ഞതോ...’’ അങ്ങനെ എത്രയെത്ര ഗാനങ്ങൾ. സംഗീതത്തിൽ വലിയ ജ്ഞാനമുള്ളയാളായിരുന്നു മാസ്റ്റ൪. ദേവരാജൻ മാസ്റ്ററെപോലുള്ള ദീപസ്തംഭങ്ങൾ പൊലിഞ്ഞത് നമുക്ക് വലിയ നഷ്ടമാണ്.
* നിരവധി സംഗീത സംവിധായക൪ക്കൊപ്പമുള്ള ഗാനജീവിതത്തെ എങ്ങനെ ഓ൪ക്കുന്നു?
ആയിരക്കണക്കിന് പാട്ടുകൾ എഴുതി. എൻെറ കൈവശമുള്ളത് കവിതമാത്രമാണ്. സംഗീതം ഒട്ടുമറിയില്ല. താളം, പ്രധാന രാഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ബോധവാനാവുന്നത് സംഗീതസംവിധായക൪ക്കൊപ്പമുള്ള സഹവാസത്തിലൂടെയാണ്. പുതുതലമുറക്കാരുടെ കൂടെ പ്രവ൪ത്തിക്കുമ്പോഴും അവരെ ഗുരുനാഥരായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാവരും എന്തെങ്കിലും പുതിയത് നമുക്ക് പകരുന്നുണ്ട്. ഇന്നുവരെ പാട്ടെഴുത്തിനിടയിൽ ഒരക്ഷരംപോലും ഈണത്തിനായി മാറ്റേണ്ടിവന്നിട്ടില്ല. സംവിധായക൪ക്കോ മറ്റോ വേണ്ടി ആശയപരമായ തിരുത്തലുകൾ പാട്ടിൽ നടത്തിയിട്ടുണ്ട്. സംഗീതത്തിനായി എൻെറ കവിതയെ വഴിമാറ്റേണ്ടിവന്നിട്ടില്ല. കെ.വി. മഹാദേവൻ, എം.എസ്. വിശ്വനാഥൻ, രാഘവൻ മാസ്റ്റ൪, ബോംബെ രവി, രവീന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗ൪, ഔസപ്പച്ചൻ, മോഹൻ സിതാര... അങ്ങനെ എത്രയോ കഴിവുറ്റ സംഗീതസംവിധായക൪ക്കൊപ്പം ഇക്കാലത്തിനിടയിൽ പ്രവ൪ത്തിച്ചു. ഇറങ്ങാനിരിക്കുന്ന ‘ക൪പ്പൂരദീപം’ എന്ന സിനിമയുണ്ട്. മരിക്കുംമുമ്പ് ജോൺസണുമൊത്ത് ചെയ്ത ഗാനങ്ങളാണ് അതിൽ.
* ഉത്തരേന്ത്യൻ സംഗീതസംവിധായകരായ നൗഷാദ്, ബോംബെ രവി എന്നിവരോടൊപ്പം ചേ൪ന്നപ്പോഴൊക്കെ മലയാളം എക്കാലവും മനസ്സിലേറ്റുന്ന ഗാനങ്ങൾ പിറന്നു. അമൂല്യമായിരുന്നല്ലേ ഇവ൪ക്കൊപ്പം പങ്കിട്ട ഗാനനേരങ്ങൾ?
‘ധ്വനി’യിലെ പാട്ടുകൾക്കുവേണ്ടി നൗഷാദ് എന്ന സംഗീതകാരനൊപ്പം ചെലവിട്ട സമയം മറക്കാനാവാത്തതാണ്. അദ്ദേഹത്തിൻെറ ബാന്ദ്രയിലുള്ള വസതിയിൽ ഞങ്ങൾ ചെന്നു. കഥയും സന്ദ൪ഭങ്ങളും കേട്ടശേഷം, അദ്ദേഹത്തിൻെറ ഹാ൪മോണിയത്തിൽനിന്ന് ഈണങ്ങളിറങ്ങി വരുകയായിരുന്നു. ഹാ൪മോണിയത്തിൽ രാഗം വായിക്കും. അതേ രാഗത്തിൽ ഈണവും പിന്നാലെ വരും. ‘‘അനുരാഗലോലഗാത്രി...വരവായി നീലരാത്രി’’, ‘‘രതിസുഖസാരമായി ദേവി...’’, ‘‘മാനസനിളയിൽ...’’ അങ്ങനെ ഗാനങ്ങളൊന്നൊന്നായി പിറന്നു. വരികൾ ഹിന്ദിയിൽ എഴുതിയെടുത്തായിരുന്നു ബോംബെ രവി ഈണമിട്ടിരുന്നത്. വരികളുടെ അ൪ഥവും ഭാവവുമെല്ലാം വിശദമായി മനസ്സിലാക്കിയശേഷമേ സംഗീതം പകരൂ. ‘സ൪ഗ’ത്തിലെ ‘‘സ്വരരാഗ ഗംഗാപ്രവാഹമേ...’’, ‘‘സംഗീതമേ...’’, ‘‘കൃഷ്ണകൃപാസാഗരം...’’, ‘‘ആന്ദോലനം...’’, ‘പരിണയ’ത്തിലെ ‘‘സാമജ സഞ്ചാരിണി...’’, ‘‘അഞ്ചുശരങ്ങളും...’’ തുടങ്ങി നിരവധി പാട്ടുകൾ അദ്ദേഹത്തിനൊപ്പം ചെയ്തു.
* ഗാനരചയിതാവായും കവിയായും മലയാളത്തിന് ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗാനരചയിതാവായ യൂസഫലി കേച്ചേരിയും കവിയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഗാനരചന അപൈ്ളഡ് പോയട്രിയാണ ്. ഒരു പ്രത്യേക സന്ദ൪ഭത്തിനുവേണ്ടി അത് പ്രയോഗിക്കേണ്ടിവരുന്നതാണ്. സിനിമയിലെ കഥാപാത്രം കള്ളുകുടിച്ചിട്ടാണ് പാടുന്നതെങ്കിൽ അതിന് ഈശ്വരപ്രാ൪ഥന എഴുതിവെച്ചിട്ട് കാര്യമില്ല. കഥാപാത്രത്തിൻെറ മനോഭാവം നോക്കിവേണം വരികളെഴുതാൻ.
* പൊതുവിൽ കഠിനമെന്നു തോന്നുന്ന സംസ്കൃതപദങ്ങൾ താങ്കൾ ഗാനങ്ങളിൽ പ്രയോഗിക്കുമ്പോൾ മൃദുവാകുന്നപോലെ തോന്നാറുണ്ട്. എങ്ങനെയാണ് സംസ്കൃതപദങ്ങളെ ഗാനങ്ങളിൽ മനോഹരമായി ഇഴചേ൪ക്കുന്നത്?
പദപ്രയോഗത്തിൽ ഔിത്യംവേണം. അനൗചിത്യം രസഭംഗത്തിനു കാരണമാവും. സംസ്കൃതപദങ്ങൾ ഗാനങ്ങളിൽ ഉചിതമായിടത്ത് പ്രയോഗിച്ചാൽ രസഭംഗമുണ്ടാവില്ല. അത് തിളങ്ങും. പദങ്ങൾ ഗാനങ്ങളിൽ അരോചകത്വമുണ്ടാക്കുന്നുവെങ്കിൽ അത് വേണ്ടാത്ത ഇടത്താണ് പ്രയോഗിച്ചതെന്നാണ് മനസ്സിലാക്കേണ്ടത്. ഒരു പല്ലവിയിൽ ഒരേ പദംതന്നെ ആവ൪ത്തിക്കരുതെന്ന് കുട്ടികൃഷ്ണമാരാ൪ പറഞ്ഞുവെച്ചിട്ടുണ്ട്. പൂപോലെ നല്ല പൂമുഖം എന്നൊന്നും പ്രയോഗിക്കരുത്. നി൪ബന്ധമാണെങ്കിൽ പൂപോലെ നിൻ മല൪മുഖം എന്നെങ്കിലുമാക്കുക. പദങ്ങൾ ഔിത്യമുള്ളവയും ആശയം എന്നന്നേക്കും നിലനിൽക്കുന്നതുമാവണം. അല്ലാതെ കുറെ മധുരകോമള പദങ്ങൾ നിരത്തിയാൽ നല്ല ഗാനമാവില്ല. ‘‘പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു...’’. എവിടെയൊക്കെയോ ചെന്നുമുട്ടുന്നില്ലേ ഈ വരികൾ? കുറച്ചുവാക്കുകൾ ആഴത്തിലുള്ള ആശയം എന്നതിലെത്താനാണ് ഞാൻ ശ്രമിക്കുന്നത്. അത് കവിതയിൽ കഴിയുന്നപോലെ സിനിമാപാട്ടിൽ മുഴുവനായി കൊണ്ടുവരാൻ കഴിയില്ല.
‘‘ജാനകീജാനേ...’’ ശുദ്ധസംസ്കൃതത്തിലെഴുതിയതാണ്. ഇന്ത്യയിൽ പൂ൪ണമായും സംസ്കൃതത്തിൽ ഗാനങ്ങളെഴുതിയ കവി ഞാൻ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഗാനത്തിനിടയിൽ സംസ്കൃതം പ്രയോഗിക്കുന്ന രചയിതാക്കൾ ഉണ്ട്. പക്ഷേ, മുഴുനീളം സംസ്കൃതത്തിൽ സിനിമാഗാനമെഴുതിയത് ഞാൻമാത്രമായിരിക്കും.
* ‘‘റസൂലേ നിൻ വരവാലേ...’’, ‘‘കാലിത്തൊഴുത്തിൽ പിറന്നവനേ...’’, ‘‘ജാനകീ ജാനേ രാമ...’’ മൂന്നു ദ൪ശനങ്ങളെ പ്രതിനിധാനംചെയ്യുന്ന ഇവയിലെല്ലാം താങ്കളുടെ തന്മയീഭാവം പ്രകടമാവുന്നുണ്ട്...
കൂടുവിട്ട് കൂടുമാറലാണ് അത്. ക്രിസ്ത്യൻ ഭക്തിഗാനമെഴുതുമ്പോൾ ക്രിസ്ത്യൻ വിശ്വാസിയുടെയും രാമനെ കുറിച്ചെഴുതുമ്പോൾ ഹിന്ദുഭക്തൻെറയും ഇസ്ലാമിക ഭക്തിഗാനമെഴുതുമ്പോൾ ഇസ്ലാം വിശ്വാസിയുടെയും മനോവ്യാപാരങ്ങളിലേക്ക് കൂടുമാറ്റം നടക്കുന്നുണ്ട്. ‘‘വാതിൽ തുറക്കൂ നീ കാലമേ... കണ്ടോട്ടേ സ്നേഹ സ്വരൂപനെ...’’ എന്ന പാട്ട് പരാമ൪ശിച്ച് ചില കത്തനാ൪മാ൪ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ക്രിസ്ത്യാനികൾക്കുപോലും എഴുതാൻ സാധിച്ചിട്ടില്ലെന്ന്. കലയിൽ ജാതിയും മതവുമൊക്കെ മാറിനിൽക്കും. അവിടെ വേ൪തിരിവുകളില്ല. അതാണ് സത്യം.
* ‘സിന്ദൂരച്ചെപ്പ് ’ എന്ന സിനിമയിൽ നി൪മാതാവും തിരക്കഥാകൃത്തുമായി രംഗപ്രവേശം ചെയ്തു. പിന്നീട് മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. എന്താണ് ഗാനരചനക്കൊപ്പം സിനിമയുടെ മറ്റു പ്രധാന മേഖലകളിലേക്ക് ചുവടുമാറ്റത്തിനു പ്രേരിപ്പിച്ചത്?
സംവിധാന മോഹം മനസ്സിലുണ്ടായിരുന്നു. അതിൻെറ തുടക്കമായാണ് ‘സിന്ദൂരച്ചെപ്പ്’ നി൪മിക്കുന്നത്. മധുവായിരുന്നു സംവിധാനം ചെയ്തത്. ഞാൻ ഓരോ ഘട്ടത്തിലും മധുവിനൊപ്പം നിന്ന് സിനിമ പഠിക്കുകയായിരുന്നു. എഡിറ്റിങ് ടേബ്ളിലും സദാസമയവും ഞാനിരുന്നു. പിന്നീട് സംവിധാനത്തെക്കുറിച്ചുള്ള ലോകപ്രസിദ്ധ ഗ്രന്ഥങ്ങളെല്ലാം വായിച്ചു. എൻ.പി. മുഹമ്മദിൻെറ തിരക്കഥയിൽ ‘മരം’ എന്ന സിനിമ തുട൪ന്ന് സംവിധാനം ചെയ്തു. പിന്നെ ‘വനദേവത’ ചെയ്തു. പിന്നീടാണ് എം.ടിയുടെ തിരക്കഥയിൽ ‘നീലത്താമര’ ചെയ്യുന്നത്.
എം.ടിയുമായി മാതൃഭൂമിയിൽ എഴുതുന്നകാലത്തുള്ള പരിചയമാണ്. എൻ.പി. മുഹമ്മദുമായുള്ള സൗഹൃദത്തിൻെറപുറത്താണ് എം.ടിയുമായി കൂടുതൽ അടുക്കുന്നത്. ‘മരം’ ചെയ്തപ്പോൾ എൻ.പിയായിരുന്നു തിരക്കഥയെങ്കിലും എം.ടി പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അതിനു ശേഷമാണ് ‘നീലത്താമര’യുടെ കഥ ഞാൻ എം.ടിയോട് സൂചിപ്പിക്കുന്നത്. അടുക്കളവേലക്ക് പെൺകുട്ടികളെ വീട്ടിൽ അയക്കാൻ മടിക്കുന്ന കാലഘട്ടം. അത്തരമൊരു സമയത്ത് ഒരു തറവാട്ടിൽ വേലക്കാരിയായി ചെല്ലേണ്ടിവരുന്ന പെൺകുട്ടിയുടെ കഥ. എം.ടി അത് കാണാൻകൊള്ളാവുന്ന രീതിയിലുള്ള നല്ലൊരു തിരക്കഥയാക്കിത്തന്നു.
* നീലത്താമര റീമേക്കായി വന്നിരിക്കുന്നു. സിനിമ കണ്ടോ?
ടി.വിയിൽ വന്നപ്പോ കണ്ടു. മഹാബോറാണ്. റീമേക്കല്ല, അതിനു ഞാൻ പേരിട്ടിരിക്കുന്നത് മോഷണമെന്നാണ്. ഭംഗിയുള്ള പേരുകൊടുത്തതാണ് റീമേക്ക് എന്ന്. അതുപോലെ റീമിക്സ് എന്നു പേരിട്ട് പാട്ടുകളുമിറങ്ങുന്നുണ്ട്. തൊലിക്കട്ടിയുള്ളവ൪ക്കുമാത്രം സാധിക്കുന്ന തനി മോഷണമാണിതെല്ലാം. ‘നീലത്താമര’ വീണ്ടും ചെയ്യുന്ന കാര്യം ലാൽജോസ് വന്ന് പറഞ്ഞിരുന്നു. വേറെ ഒരാളും അനുവാദംപോലും ചോദിച്ചില്ല. അവ൪ അവരുടെ മുതൽ എന്ന രീതിയിൽ തോന്നിയപോലെ അങ്ങ് കൈാകാര്യം ചെയ്തു. ആരും ചോദിക്കാനും പറയാനുമില്ലാത്തപോലെ.
* 1993ൽ കൈതപ്രത്തിനൊപ്പം ഗാനരചനക്കുള്ള സംസ്ഥാന പുരസ്കാരം പങ്കിട്ടു നൽകിയത് നിരസിച്ചിരുന്നു. വീതംവെപ്പാണെന്ന് തോന്നിയതിനാലാണോ അത്?
രണ്ട് മലയാളഗാനങ്ങൾ കേട്ടാൽ അതിൽ മികച്ചതേതാണെന്ന് നി൪ണയിക്കാനാവത്തവരെ എന്തിനാണ് ജൂറിയിലെടുക്കുന്നത്? ദേശീയ അവാ൪ഡായിരുന്നെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ സാംഗത്യമുണ്ട്. വ്യത്യസ്ത ഭാഷകളിലുള്ള ഗാനങ്ങളാണ് മത്സരിക്കുന്നത്. അതിൽ മികച്ചത് നി൪ണയിക്കുന്നതിൽ വെല്ലുവിളികളുണ്ട്. പക്ഷേ, ഒരു ഭാഷയിലുള്ള രണ്ട് ഗാനങ്ങളിൽ മികച്ചതൊന്ന് തെരഞ്ഞെടുക്കാനാവാഞ്ഞത് കഴിവുകേടായിരുന്നു. അതുകൊണ്ടുതന്നെയാണ് അന്ന് പുരസ്കാരം നിരസിച്ചത്.
* പുതിയ പാട്ടെഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ?
‘‘പച്ചമാങ്ങ പച്ചമാങ്ങാ...’’ എന്നൊക്കെ എഴുതുന്നവരല്ലേ. എനിക്കവരെക്കുറിച്ച് വലിയ അഭിപ്രായമില്ല.‘‘അപ്പം പലേതരം ചുട്ടമ്മായി... മരുമകനെ വീട്ടിൽ വിളിച്ചമ്മായി’’ എന്ന പഴയ പാട്ട് ‘‘അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായി, അമ്മായി ചുട്ടത് മരുമോനിക്കായ്’’ എന്നൊക്കെ മാറ്റിമറിക്കുന്നത് എന്ത് നാണക്കേടാണ്. സംസ്കൃതവും മലയാളവും നന്നായി പഠിച്ചവ൪ക്കേ മലയാള കവിതയോട് നീതി പുല൪ത്താനാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ സംഗീതസംവിധായക൪ക്ക് മലയാളം നന്നായി വശമില്ലെന്ന് തോന്നിയിട്ടുണ്ട്. ഭാഷയുടെ ജീവൻ അറിയില്ല. ചുക്ക് മുളക് തിപ്പല്ലി എന്ന് എഴുതിയാൽ ചുക്ക്മു -ളകുതി -പ്പല്ലി എന്ന് മുറിക്കുന്നപോലെ ഭാഷയറിയാതെ സംഗീതം പ്രയോഗിച്ചുകളയും. ഈണമിട്ടെഴുതുമ്പോൾ ഈ പ്രശ്നം ഒഴിവാക്കാനാവുന്നുണ്ട്. പദം മുറിക്കലടക്കം രചയിതാവിനുതന്നെ ചെയ്യാമല്ലോ. എന്തായാലും എഴുത്തുകാ൪ക്കും സംഗീതസംവിധായക൪ക്കും മലയാളപദങ്ങളോട് ബഹുമാനംവേണം.
* ഇടക്കാലത്ത് ഗാനരചനയിൽ അത്ര സജീവമല്ലല്ലോ. പുതുസിനിമാ ലോകവുമായി അകൽച്ചയുണ്ടോ?
അടുത്തിടെ നടന്ന ഒരു സംഭവം പറയാം. പഴയ സംവിധായകൻ രഘുവിനെ ഒരു ചടങ്ങിനിടെ കണ്ടു. ‘ബൈപാസ് സ൪ജറി കഴിഞ്ഞ് കിടപ്പിലായിരുന്നല്ലേ, എങ്ങനെയുണ്ടിപ്പോ’ എന്ന് രഘുവിൻെറ ചോദ്യം. അൽപം പ്രമേഹമുണ്ടെന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നമൊന്നും എനിക്കില്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ, അസുഖബാധിതനാണെന്ന രീതിയിലാണ് പൊതുവിൽ പറഞ്ഞുകേൾക്കുന്നതെന്ന് രഘു പറഞ്ഞു. ഒരു നുണ ഒരുപാടുപേരിലൂടെ പ്രചരിപ്പിച്ച് സത്യമാക്കുന്ന ഗീബൽസ് തന്ത്രം എനിക്കുനേരെ ആരൊക്കെയോ പ്രയോഗിക്കുന്നുണ്ടെന്നു തോന്നുന്നു. ഇന്നേവരെ അവസരത്തിനായി ആരെയും അങ്ങോട്ട് സമീപിച്ചിട്ടില്ല. അവസരങ്ങൾ എന്നെ തേടിയെത്തുകയായിരുന്നു. ഞാൻ ഇപ്പോഴും കവിതയിൽ മുഴുകി ത്തന്നെ ജീവിക്കുകയാണ്. കവിതക്കൊപ്പംതന്നെ യാത്ര തുടരുകയും ചെയ്യും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
