Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉയിര്‍ തേടും...

ഉയിര്‍ തേടും ഊരിലൂടെ...

text_fields
bookmark_border
ഉയിര്‍ തേടും ഊരിലൂടെ...
cancel

രാമൻെറ പാദസ്പ൪ശമേറ്റപ്പോൾ ഇരുട്ടുമാറി വെളിച്ചമെത്തിയ നാടാണ് ഇടിന്തകരൈ എന്ന ഗ്രാമമെന്ന് പഴമക്കാ൪ പറയുന്നു. ‘വിടിന്തകരൈ’ എന്നായിരുന്നത്രെ പേര്. മതപ്രചാരണത്തിന് സെൻറ് സേവിയ൪ ഗ്രാമത്തിലെത്തിയപ്പോഴാണ് വെളിച്ചമെത്തിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇരുട്ടുബാധിച്ച ജനതയെ പ്രകാശത്തിലേക്ക് നയിച്ച ഒരു ശക്തി എന്നും കൂടെയുണ്ടെന്ന് ആ മുക്കുവഗ്രാമം വിശ്വസിക്കുന്നു. കടലിൽ പോവുമ്പോൾ അവ൪ക്ക് തുണയായി എന്നും കൂടെയുള്ള ശക്തി. ഉപജീവനമാ൪ഗമായ മീൻപിടിത്തം ആണവപ്ളാൻറ് വരുമ്പോൾ നഷ്ടമാകുമ്പോൾ സ്വന്തം ജീവിതംകൂടി അതിൽപെടാതിരിക്കാൻ പൊരുതുന്ന ജനത, അവ൪ക്കൊപ്പം പൊരുതുന്ന നേതാവിനെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ശക്തിയായി കാണുന്നെങ്കിൽ അദ്ഭുതപ്പെടാനില്ല. ഇടിന്തകരൈ ഗ്രാമക്കാ൪ക്ക് കൂടങ്കുളം സമരനേതാവ് ഡോ. ഉദയകുമാ൪ അങ്ങനെയാണ് -ഉയി൪ കാക്കും കടവുൾ..!
‘‘അദ്ദേഹത്തെ നഷ്ടപ്പെടാൻ അനുവദിക്കില്ല. ഞങ്ങളുടെ നെഞ്ചത്ത് വെടിവെച്ചിട്ടേ അദ്ദേഹത്തെ തൊടൂ’’-മെൽറെഡ് എന്ന വീട്ടമ്മ ഉയിരു വിറക്കുന്ന സ്വരത്തിൽ പറയുമ്പോൾ നമുക്കതിൻെറ ആഴം മനസ്സിലാകും.

*****

‘‘എന്തിനാണ് സാ൪ ഇടിന്തകരൈയിൽ പോകുന്നത്. കൂടങ്കുളം വരെ പോകണമെന്നു പറഞ്ഞാണല്ലോ സാ൪ വിളിച്ചത്. പോകാൻ പറ്റുമെന്ന് തോന്നുന്നില്ല’’-ഇടിന്തകരൈയിലേക്കാണ് കാ൪ പോകേണ്ടതെന്നു പറഞ്ഞപ്പോൾ പേടിയോടെ ഡ്രൈവറുടെ പ്രതികരണം. ഞങ്ങൾ സമ്മതിച്ചില്ല.‘‘പോകുന്നതുവരെ പോട്ടെ’’.
അഞ്ചുപേരുണ്ടായിരുന്നു കൂടെ. തൃശൂ൪ കോലഴി വായനശാലയിലെ സുഹൃത്തുക്കൾ. കൂടങ്കുളത്തേക്കെന്നു പറഞ്ഞാണ് കാ൪ വിളിച്ചത്. കൂടങ്കുളത്തുനിന്ന് ഇടിന്തകരൈയിലേക്ക് ആറു കിലോമീറ്റ൪. തിരുനെൽവേലി മുപ്പന്തൽ കാറ്റാടിപ്പാടമാണ്. നിരപ്പായ ഭൂമിയിൽ കൂറ്റൻ കാറ്റാടികൾ. ഭൂമി ഇനിയും ബാക്കിയുണ്ട് അവിടെ വിൽപനക്കെന്ന് എഴുതിവെച്ചിരിക്കുന്നു. കൂടങ്കുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണത്രെ. കൂടങ്കുളം ടൗൺഷിപ്പിലേക്കുള്ള വൈദ്യുതിയും ഇവിടെനിന്നുതന്നെ.
ഇടിന്തകരൈയിലേക്കുള്ള വഴിചോദിച്ച് കാറ്റാടിപ്പാടത്ത് പലതവണ വണ്ടി നിന്നു. ആ൪ക്കും ഒരു നിശ്ചയവുമില്ല. ഇടിന്തകരൈയെന്നാൽ പ്രശ്നമുള്ള പ്രദേശമാണെന്നുമാത്രം അറിയാം; പട്ടാളക്കാ൪ റോന്തുചുറ്റുന്നുണ്ടെന്നും. അവ൪ ആകാംക്ഷയോടെ ചോദിച്ചു,‘‘പത്രികൈയിൽനിന്നാണോ?’’
ഇടിന്തകരൈയിലേക്കുള്ള തിരിവിൽ പൊലീസ് ബാരിക്കേഡ്. ചോദ്യംവന്നപ്പോൾ മനസ്സിൽവെച്ച ഉത്തരം ‘വിജയപതി ച൪ച്ച്’ എന്നായിരുന്നു. വണ്ടി വീണ്ടും മുന്നോട്ട്.
ഇടിന്തകരൈ ശാന്തമായിരുന്നു. പൊലീസ് പരിശോധന മറ്റുദിവസങ്ങളെ അപേക്ഷിച്ച് കുറവ്. വണ്ടി ഇടിന്തകരൈ ലൂ൪ദ് ച൪ച്ചിനുമുമ്പിൽ നിന്നു. ആ ചെറിയ നടവഴി ചെന്നുകയറിയത് പള്ളിമുറ്റത്തേക്ക്. ഓലമേഞ്ഞ, വിശാലമായ മുറ്റം. അതിനൊരു വശത്ത് ലൂ൪ദ് മാതാ പള്ളി.
പത്തുമണിയാവുന്നതേയുള്ളൂ. ലൂ൪ദ് ച൪ച്ചിലെ സമരവേദിയിൽ പൊലീസ് വെടിവെപ്പിൽ മരിച്ച ആൻറണി ജോണിൻെറയും നേവിയുടെ വിമാനം താഴ്ന്നുപറക്കുന്നതിനിടെ ഭയന്നുവീണുമരിച്ച സഹായത്തിൻെറയും ഫോട്ടോ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടംതന്നെ അവിടെയുണ്ടായിരുന്നു.
കഴിഞ്ഞ വ൪ഷം ആഗസ്റ്റ് 15ന് നിരാഹാര സത്യഗ്രഹം തുടങ്ങിയതാണ്. സമരത്തിൻെറ മുന്നണിപ്പോരാളിയായ മെൽറെഡ് എന്ന വീട്ടമ്മ ഞങ്ങളെ സ്വീകരിച്ചു. സന്ദ൪ശകരുടെ രജിസ്റ്ററിൽ പേരെഴുതിച്ചു. അൽപനേരം അവിടെ ചെലവഴിച്ചപ്പോൾ സെപ്റ്റംബ൪ പത്തിന് പൊലീസിന് കീഴടങ്ങാതെ യന്ത്രബോട്ടിൽ കടലിലേക്ക് പാഞ്ഞുപോയ ഉദയകുമാറിനെപ്പറ്റി ചോദിച്ചു. ‘‘ആളുണ്ട്. കുറച്ചുകഴിഞ്ഞ് കാണാം.’’-പതിഞ്ഞസ്വരത്തിൽ അവ൪ പറഞ്ഞു.

*****

മൺവീടുകൾ അടുക്കിവെച്ച തെരുവ്. പുറത്ത് നിരത്തിവെച്ചിരിക്കുന്ന വ൪ണാഭമായ പ്ളാസ്റ്റിക് കുടങ്ങൾ... കൂടങ്കുളം അണുനിലയത്തിന് സമീപത്തേക്കു നടന്നപ്പോൾ പിന്നിട്ട ഇടിന്തകരൈയിലെ കാഴ്ചയാണിത്. കുടങ്ങൾ കാത്തിരിക്കുന്നത് കന്യാകുമാരിയിൽനിന്ന് വെള്ളം കൊണ്ടുവരുന്ന ലോറിയെയാണ്. ഒരു കുടത്തിന് 2.50 രൂപ. ഇവിടത്തെ വെള്ളം ഉപയോഗിക്കാനാവില്ല. രണ്ടു ദശാബ്ദംമുമ്പ് ഉപയോഗിക്കാറുണ്ടായിരുന്നത്രെ.
കൂടങ്കുളം നിലയത്തിൻെറ മുപ്പതു കി.മീ. ചുറ്റളവിൽ 10 ലക്ഷം പേ൪ താമസിക്കുന്നു. വീടുകൾക്കുപുറത്ത് സമരസമിതി ആഹ്വാനപ്രകാരം കറുത്ത കൊടി കെട്ടിയിരിക്കുന്നു. കൂലിപ്പണിചെയ്തും മത്സ്യബന്ധനത്തിൽ ഏ൪പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. ഗൃഹനാഥന്മാ൪ പലരും ചീട്ടുകളിച്ചിരിപ്പുണ്ട്. വൈദ്യുതിയുണ്ടെങ്കിലും കാര്യമില്ല. ദിവസം 14-16 മണിക്കൂറിലധികം കറൻറ് കട്ടാണ്. കൂടങ്കുളം ആണവനിലയത്തിനുവേണ്ടി ‘സ്പോൺസ൪ ചെയ്ത’ കറൻറ് കട്ട്!
കടലിരമ്പം കേൾക്കാം. വരിവരിയായി നി൪ത്തിയിട്ട വള്ളങ്ങൾ. തീരത്തുനിന്ന് കടലിലേക്ക് നിരത്തിയിട്ട കരിങ്കൽക്കൂട്ടത്തിൽ പാറിക്കളിക്കുന്ന കറുത്ത കൊടി. ഇവിടെനിന്നാണ് ഉദയകുമാ൪ അറസ്റ്റ് വരിക്കാതെ സെപ്റ്റംബ൪ പത്തിന് കടലിലേക്ക് ചെറുബോട്ടിൽ പാഞ്ഞുപോയത്.

*****

അധികം അകലെയല്ലാതെ കൂടങ്കുളം പ്ളാൻറ്. പൊരിമണലിൽ ചിതറിത്തെറിച്ച ചെരിപ്പുകൾ. സെപ്റ്റംബ൪ പത്തിലെ പൊലീസ് അഴിഞ്ഞാട്ടത്തിൻെറ ബാക്കിപത്രം! ഞങ്ങളോടൊപ്പം വന്ന മെൽറെഡും തമിഴരശിയും അതിൽ തങ്ങളുടെ ചെരിപ്പ് തേടുകയാണ്. മണലിൽനിന്ന് തമിഴരശിക്ക് എന്തോ കിട്ടി, തൻെറ കൊച്ചുകുട്ടിക്ക് പാൽ കൊടുത്തുകൊണ്ടിരുന്ന ചെറുപാത്രം. അന്ന് പൊലീസ് ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ നഷ്ടപ്പെട്ടതാണ്. സ്ത്രീകൾ തമ്പടിച്ച് കഞ്ഞിവെച്ച സ്ഥലത്ത് ചിതറിക്കിടക്കുന്ന പാത്രങ്ങൾ.
‘‘ദുഷ്ടന്മാ൪. കുഞ്ഞുമക്കളെപ്പോലും അന്ന് വെറുതെവിട്ടില്ല’’ -തമിഴരശിക്ക് ദേഷ്യം വാക്കുകളായി.
എട്ടു മക്കളാണ് തമിഴരശിക്ക്. സൂനാമികോളനിയിൽ താമസം. സമരത്തിൻെറ മുന്നണിയിൽതന്നെയുണ്ട്. സെപ്റ്റംബ൪ പത്തിൻെറ ഭീതിപ്പെടുത്തുന്ന ഓ൪മകളിൽനിന്ന് ഇനിയും ഇവ൪ വിട്ടുപോയിട്ടില്ല. സെപ്റ്റംബ൪ ഒമ്പതിനായിരുന്നു പ്ളാൻറ് ഉപരോധിച്ചത്. രാത്രി, പ്ളാൻറിന് അരക്കിലോമീറ്റ൪ അകലെയായി കഞ്ഞിവെച്ച് പിഞ്ചുകുട്ടികളോടൊത്ത് ഉറങ്ങിയത് അയ്യായിരത്തോളം പേ൪.
പിറ്റേന്ന് പതിനൊന്നുമണിയോടെയാണ് പൊലീസ് മ൪ദനം അഴിച്ചുവിട്ടത്. ടിയ൪ഗ്യാസുകൾ വ൪ഷിച്ചു. ഗ്രാമീണരുടെ മുഖവും പുറവും പൊട്ടിപ്പൊളിഞ്ഞു. അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ആശുപത്രിയിൽ പോയി ചികിത്സതേടാൻപോലും പുറത്തേക്കിറങ്ങിയില്ല. കുഞ്ഞുങ്ങളെയുമെടുത്ത് അവ൪ ഓടി. വീട്ടിലുമെത്തി പൊലീസ്. ഇടിന്തകരൈയിലെ സമരപ്പന്തലിനോടുചേ൪ന്ന് ലൂ൪ദ് മാതാ പള്ളിയിലെ തിരുരൂപം തക൪ത്തു. പള്ളിയിൽ കയറി. സ്ത്രീകളുടെ പിന്നാലെ പോയി മ൪ദിക്കുകയും അസഭ്യംപറയുകയും ചെയ്തു. 16കാരനെ മുതൽ 65കാരനെ വരെ അറസ്റ്റ് ചെയ്തു.
അതിനുശേഷം ആ ഗ്രാമത്തിലുള്ളവ൪ സമരപ്പന്തലിലാണ് കിടന്നുറങ്ങാറ്. ഗ്രാമത്തിലെ കണ്ടാലറിയാവുന്ന ഒന്നര ലക്ഷത്തിലധികംപേ൪ക്കെതിരായി മുന്നൂറ്റമ്പതിലേറെ കേസുകളുണ്ട്. ഒരാൾക്കുതന്നെ രണ്ടിലധികം കേസുകൾ. 52 പേ൪ ഇപ്പോഴും ജയിലിലാണ്.
അണുനിലയത്തിന് സമീപത്തെ വാച്ച്ടവറിൽനിന്നുള്ള വെളിച്ചം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. സുരക്ഷാസേനക്ക് തൊട്ടടുത്തുവരെ ഞങ്ങളെത്തി. നീലപടച്ചട്ടയണിഞ്ഞ, തോക്കുധാരികളായ ദ്രുതക൪മസേന ഞങ്ങൾ നിന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നത് മടങ്ങുമ്പോൾ ഞങ്ങൾ കണ്ടു.

*****

‘‘അവങ്ക ഊര് വല്ലരസാകണണാ എങ്ക ഊര് സുടുകാടാകണമാ..?’’-മെൽറെഡിന് ദേഷ്യം അടക്കാനാകുന്നില്ല. അണുനിലയം വേണമെന്നുണ്ടെങ്കിൽ അത് മൻമോഹൻസിങ്ങോ നാരായണ സ്വാമിയോ ജയലളിതയോ വീട്ടിനടുത്ത് വെക്കട്ടെ; അല്ലെങ്കിൽ അവ൪ ഇവിടെവന്ന് താമസിക്കട്ടെ എന്നും അവ൪ പറഞ്ഞു.
മെൽറെഡിന് ചാരത്ത് കെൽപിൻ എന്ന പത്തുവയസ്സുകാരനുണ്ടായിരുന്നു. ഇവിടത്തെ ഓരോ കുട്ടിക്കും അണുനിലയത്തിൻെറ ദുരിത മുഖമറിയാം.അവരോരോരുത്തരും ഉദയകുമാറാണെന്ന് മെൽറെഡ് പറഞ്ഞു.
മെൽറെഡ് സമരത്തിൻെറ മുന്നണിപ്പോരാളികളിലൊരാളാണ്. 1998ൽ, 15ാം വയസ്സിൽ മാതാവ് സുരണത്തോടൊപ്പം സമരത്തിൽ അണിചേ൪ന്നതാണവ൪. അണുനിലയം വരുന്നതിനെതിരെ കന്യാകുമാരിയിൽ നടന്ന മാ൪ച്ചിൽ പങ്കെടുത്തിരുന്നു. തുട൪ന്നുണ്ടായ ലാത്തിചാ൪ജിൽ കൈമുട്ടിൻെറ എല്ല് പൊട്ടി, ബോധംകെട്ട് വീണുപോയി. മൂന്നുമാസം ആശുപത്രിയിലായിരുന്നു. വിവാഹശേഷവും പോരാട്ടം നി൪ത്തിയില്ല.
‘അണു ഉലൈ മൂടി വിട്’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് അവ൪ ഞങ്ങളുടെ സംഘത്തിൽ പങ്കുകൊണ്ടു.

*****

2004ൽ സൂനാമി ദുരന്തനൃത്തമാടിയപ്പോൾ എല്ലാം വിട്ടോടിപ്പോയവരാണ് ജനങ്ങൾ. അതിൻെറ ബാക്കിപത്രമായി സൂനാമി കോളനി ഇന്ന് ഇടിന്തകരൈയിലുണ്ട്. സെപ്റ്റംബ൪ പത്തിനുശേഷം ഇപ്പോഴും സമരക്കാരെതേടി പൊലീസ് ഇവിടെയെത്തുന്നു. കോളനിയിലെ വീടുകളിലേറെയും ഇതിനാൽ പൂട്ടിക്കിടപ്പാണ്. സമരപ്പന്തലിലാണ് പലരും.
ഇവിടെയാണ് തമിഴരശിയുടെ വീട്. അവ൪ സന്തോഷത്തിലായിരുന്നു. ഒരു മാഗസിനിൽ, അവ൪ കരഞ്ഞ് ഉദയകുമാറിനെ ആലിംഗനം ചെയ്യുന്ന മുഖചിത്രം.‘‘അവ൪ എനക്ക് അണ്ണൻ മാതിരി’’-അവ൪ ചിത്രം കാണിച്ച് പറഞ്ഞു.
തമിഴരശിയുടെ വീടിനടുത്തെത്തിയപ്പോൾ ചായ കുടിക്കാൻ ക്ഷണം. നിരസിച്ചാൽ അവ൪ക്ക് വിഷമമാകുമെന്ന് തോന്നി. അവ൪ അകത്തുകയറി നിലത്ത് പായവിരിച്ചു. ഏലക്കാ രുചിയുള്ള ചായ പെട്ടെന്ന് തയാറായി. വീടു നിറഞ്ഞ് കുട്ടിപ്പട്ടാളമുണ്ട്. പലഹാരം നൽകിയതിനു പിന്നാലെ തേളിമീൻ കൂട്ടി ഉച്ചയൂണ് കഴിച്ച് പോയാ മതിയെന്ന് അവ൪. വേണ്ടെന്നുപറഞ്ഞ് ബോധ്യപ്പെടുത്താൻ ഏറെ ബുദ്ധിമുട്ടി.

*****

സൂനാമിനഗറിൽനിന്നുള്ള ഇൻക്വിലാബ് സംഘത്തോടൊപ്പം സമരപ്പന്തലിലേക്ക്... കേരളത്തിൽനിന്നെത്തിയ സംഘത്തിന് അഭിവാദ്യങ്ങമ൪പ്പിച്ച് സമരപ്പന്തലിലെ മൈക്കിൽനിന്ന് അനൗൺസ്മെൻറുയ൪ന്നു. പള്ളിയിലെ വിശാലമായ വേദിയിൽ എഴുന്നേറ്റുനിന്ന് നിറഞ്ഞചിരിയോടെ സ്വീകരിക്കുന്ന ആതിഥേയൻ, എസ്.പി. ഉദയകുമാ൪. കൈ തന്ന് സ്വീകരണം. പരിചയപ്പെടൽ മലയാളത്തിൽത്തന്നെ.
നിയമത്തിൻെറ സാധ്യതകളുടെ അവസാനം വരെ തേടിയശേഷമേ പിടികൊടുക്കൂവെന്നാണ് തീരുമാനം -അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന അരഡസനോളം കേസുകളാണ് ഡോ. ഉദയകുമാറിനെതിരെയുള്ളത്. സമരം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ, ജനങ്ങളുടെ ദുരിതം, കേരളത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ച അനുഭവം തുടങ്ങി പലതും പങ്കുവെച്ചു.
ഇതിനിടെ നാട്ടുകാരുടെ ഇടയിലേക്ക്. നാട്ടുകാരിൽ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞറിയാം ഉദയകുമാറിന്. പത്തുവ൪ഷത്തിലേറെയായി ഇടിന്തകരൈയിൽ നടത്തിയ പ്രവ൪ത്തനത്തിൻെറ ഫലം. ഉദയകുമാ൪ നാട്ടുകാ൪ക്ക് കൂടെപ്പിറപ്പാണ്. തനി തങ്കത്തമിഴിൽ പേശൽ. സമരത്തിൻെറ നട്ടെല്ലാണിന്ന് ഉദയകുമാ൪. അതുകൊണ്ടുതന്നെയാണ് രാജ്യദ്രോഹകുറ്റത്തിൽ ‘ഒളിവിലായ’ പ്രതി പൊലീസിൽനിന്ന് അറസ്റ്റ്വരിക്കാൻ തയാറാവാത്തതും.
‘‘സമരം ഇനിയും ശക്തമായി തുടരണം. ഇന്നത്തെ സാഹചര്യത്തിൽ ഞാൻ കൂടിയേതീരൂ’’-അദ്ദേഹം പറയുന്നു. സംഭാഷണത്തിനിടെ ഞങ്ങൾക്ക് ഉച്ചഭക്ഷണമായോ എന്ന് ഇടക്കിടെ സഹായികളോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു. അടുത്തുനിന്നുള്ള ഗ്രാമങ്ങളിൽനിന്നെത്തുന്ന വിഭവങ്ങൾ കൊണ്ട് കമ്യൂണിറ്റി കിച്ചണൊരുക്കുകയാണ് ദിവസവും സമരക്കാ൪.
‘‘നിങ്ങളെങ്ങനെയാണ് വന്നത്?’’ -ഉദയകുമാറിൻെറ ചോദ്യം.
അകത്തുകടക്കാനുള്ള പേടിയോടെ പുറത്തുനിൽക്കുന്ന കാ൪ഡ്രൈവറെക്കുറിച്ചു പറഞ്ഞു. ‘‘അയാൾ ഭക്ഷണംകഴിച്ചിട്ടുണ്ടാവുമോ. നമ്പ൪ തരൂ’’. നമ്പ൪ വാങ്ങി ഉദയകുമാ൪ ഡ്രൈവറെ വിളിച്ചു.
‘‘ഭക്ഷണം കഴിക്കാൻ വരൂ. പേടിക്കണ്ട, ഇവിടെ തയാറാക്കിയിട്ടുണ്ട്.’’
എന്നാൽ, ഡ്രൈവ൪ വരാൻ കൂട്ടാക്കിയില്ല. സമരപ്പന്തലിലെ ജനങ്ങൾ പാരിഷ് കോമ്പൗണ്ടിൽ തയാറാക്കിയ ഭക്ഷണം കഴിക്കാനെത്തിക്കൊണ്ടിരുന്നു.
ഒഴിയാത്ത തിരക്കുണ്ടെങ്കിലും ഒറ്റമുണ്ടുടുത്ത ആ 53കാരൻ ഓടിനടക്കുന്നു. ഗ്രാമീണരോട് കുശലംചോദിക്കുന്നു, വിട്ടൊഴിയാത്ത ശാന്തതയോടെ. പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പിടികിട്ടാപ്പുള്ളി! ഞങ്ങൾ തിരിച്ചുവരുന്നതിനിടയിലും ഈ മനുഷ്യനെക്കുറിച്ചായിരുന്നു ചിന്ത. ലക്ഷങ്ങൾക്ക് ഊ൪ജം പക൪ന്ന്, അവ൪ക്ക് കാവലിരിക്കുന്ന ആ ആതിഥേയനെപ്പറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story