ബുറൈദ: ഇക്കൊല്ലത്തെ ഹജ്ജ് ക൪മത്തിന് വേണ്ടി സൗദിയിൽ നിന്നും ഇതര അറബ് രാഷ്ട്രങ്ങളിൽനിന്നും തീ൪ഥാടകരുടെ റോഡ് മാ൪ഗമുള്ള പ്രവാഹം തുടങ്ങിയതോടെ പ്രധാന പാതകളിൽ തിരക്കേറി. റിയാദ് -മക്ക, ഖസീം വഴി കടന്നുപോകുന്ന റിയാദ് മദീന അതിവേഗപാതകളിൽ ഞായറാഴ്ച മുതൽ തിരക്കേറി തുടങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വ൪ധിക്കുന്ന തിരക്ക് കണക്കിലെടുത്ത് പ്രധാന റോഡുകളിലെല്ലാം ഹൈവെ പട്രോൾ, സിവിൽ ഡിഫൻസ്, റെഡ്ക്രെസൻറ് വിഭാഗങ്ങൾ സജീവമാണ്. കുവൈത്തിൽനിന്ന് റോഡ്മാ൪ഗം പുറപ്പെടുന്ന ഹാജിമാ൪ ആശ്രയിക്കുന്ന ഹഫ൪ അൽബാത്തിൻ- സുൽഫി വഴി മദീന ഹൈവേയിൽ പ്രവേശിക്കുന്ന റോഡിൻെറ ഇരട്ടിപ്പിക്കൽ ജോലികൾ പൂ൪ത്തിയായിട്ടില്ലാത്തതിനാൽ അപകടസാധ്യത കൂടിയ ഈ മേഖലയിലും ഹൈവെ പട്രോൾ ജാഗരൂകമാണ്. ദമ്മാം ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യ, റിയാദ് അടക്കമുള്ള മധ്യമേഖല എന്നിവിങ്ങളിൽനിന്ന് വിവിധ ‘ഹംല’കളുടെ നേതൃത്വത്തിലുള്ള തീ൪ഥാടകസംഘങ്ങൾ ഞായറാഴ്ച പുല൪ച്ചെ മുതൽ യാത്രയാരംഭിച്ചു. ഖസീം, ഹാഇൽ, അൽജൗഫ് അടക്കമുള്ള മേഖലകളിൽനിന്ന് ചില സംഘങ്ങൾ പുറപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതൽ പേരും തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി യാത്ര തിരിക്കാനുള്ള തയാറെടുപ്പിലാണ്.
അധികൃത൪ നിബന്ധനകൾ ക൪ക്കശമാക്കിയതോടെ കച്ചവടലക്ഷ്യം മുൻനിറുത്തി കഴിഞ്ഞ കാലങ്ങളിൽ ഹജ്ജ് യാത്ര സംഘടിപ്പിച്ച പല മലയാളി ഗ്രൂപ്പുകളും ഇക്കൊല്ലം രംഗത്തില്ല. ചില ഗ്രൂപ്പുകളിൽ ഇന്നലെവരെയും തസ്രീഹ് ലഭിക്കാത്തതിനാൽ ഹജ്ജ് ക൪മം നി൪വഹിക്കാൻ കഴിയുമോ എന്ന ആശങ്കയുയ൪ന്നിട്ടുണ്ട്. ചൊവ്വാഴ്ച കൂടി തസ്രീഹ് ലഭിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽപ്രതീക്ഷ കൈവിടാതെ പ്രാ൪ഥനയിൽ കഴിയുകയാണ് ഇവരിൽ പലരും. ബുറൈദയിൽ നിന്ന് എല്ലാവ൪ഷവും താരതമ്യേന മികച്ച സൗകര്യങ്ങളോടെ ഹജ്ജ് യാത്ര സംഘടിപ്പിക്കുന്ന മലയാളി ഗ്രുപ്പിൽ ഇക്കൊല്ലം പുറപ്പെടാനിരുന്നവ൪ക്ക് ഒടുവിൽ നിരാശാജനകമായ അറിയിപ്പാണ് ലഭിച്ചത്. ഇക്കൊല്ലം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്നവരും കടുംബങ്ങളെ അടുത്ത വ൪ഷം മുതൽ നാട്ടിൽ സ്ഥിരപ്പെടുത്താൻ പദ്ധതിയിട്ടവരുമാണ് ഹജ്ജിന് അവസരം ലഭിക്കാൻ സാധ്യത കുറവാണെന്ന് അവസാനനിമിഷം അറിഞ്ഞതോടെ നിരാശയിലായിരിക്കുന്നത്. ഏറെ വൈകിയാണ് അറിയിപ്പ് ലഭിച്ചതെന്നതിനാൽ മറ്റ് സംഘങ്ങളെ സമീപിച്ചപ്പോഴേക്കും അപേക്ഷ സ്വീകരിക്കുന്ന സമയം കഴിഞ്ഞിരുന്നതായി യാത്രക്ക് തയാറെടുത്തവരിൽ ചില൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ വ൪ഷവും തങ്ങൾ കരാറിലേ൪പ്പെടാറുള്ള മുതവ്വിഫ് സ്ഥാപനം ഇപ്രാവശ്യം വളരെ ഉയ൪ന്ന നിരക്ക് ആവശ്യപ്പെട്ട സാഹചര്യത്തിൽ തങ്ങൾ ആശ്രയിച്ച മറ്റൊരു സ്ഥാപനം വിശ്വാസവഞ്ചന കാട്ടിയതാണ് പ്രശ്നത്തിന് കാരണമെന്ന് ഈ ഗ്രൂപ്പിൻെറ വക്താവ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2012 10:39 AM GMT Updated On
date_range 2012-10-22T16:09:28+05:30ആഭ്യന്തര ഹാജിമാരുടെ യാത്ര തുടങ്ങി; അനുമതിപത്രം ലഭിക്കാത്ത ആശങ്കയില്‍ അനവധി പേര്‍
text_fieldsNext Story