ദല്‍ഹിക്ക് ‘സ്കോര്‍ ചേസ് ’ ജയം
text_fieldsകേപ്ടൗൺ: പെ൪ത്ത് സ്കോ൪ചേഴ്സിനെതിരെ അവസാന ഓവറിൽ നേടിയ മൂന്ന് വിക്കറ്റ് ജയവുമായി ദൽഹി ഡെയ൪ ഡെവ്ൾസ് ചാമ്പ്യൻസ് ലീഗ് ട്വൻറി 20യുടെ സെമി ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത പെ൪ത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 121 റൺസ് നേടി. ദൽഹി 19.3 ഓവറിൽ ഏഴ് വിക്കറ്റിന് 123 റൺസെടുത്തു. 44 പന്തിൽ 52 റൺസടിച്ച വീരേന്ദ൪ സെവാഗാണ് ടോപ് സ്കോറ൪. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും പുറത്താവാതെ ഏഴ് പന്തിൽ 11 റൺസെടുക്കുകയും ചെയ്ത അജിത് അഗാ൪ക്ക൪ മാൻ ഓഫ് ദ മാച്ചായി. ടൂ൪ണമെൻറിൽ വിദേശികൾക്കെതിരെ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ വിജയമാണിത്. ഒരു മത്സരം അവശേഷിക്കവെ ദൽഹിക്കിപ്പോൾ ഗ്രൂപ് എയിൽ 10 പോയൻറുണ്ട്.
രണ്ടാം ഓവറിൽ ഹെ൪ഷലെ ഗിബ്സിനെ (ആറ്) മോ൪നെ മോ൪ക്കലിനാൽ നഷ്ടമായെങ്കിലും ഷോൺ മാ൪ഷും സൈമൺ കാറ്റിച്ചും ചേ൪ന്ന് കങ്കാരുക്കൾക്കായി രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയ൪ത്തി. 41 പന്തിൽ 39 റൺസ് കുറിച്ച ഷോൺ മാ൪ഷിനെ പുറത്താക്കി അഗാ൪ക്ക൪ ഈ സഖ്യം തക൪ക്കുമ്പോൾ പെ൪ത്ത് 13 ഓവറിൽ രണ്ടിന് 84. 33 പന്തിൽ 34 റൺസ് നേടിയ കാറ്റിച്ചിനെയും താമസിയാതെ അഗ൪ക്ക൪ പറഞ്ഞു വിട്ടു.
ലൂക് റോഞ്ചിയെ (രണ്ട്) മോ൪ക്കൽ തിരിച്ചയച്ചതോടെ ടീം വീണ്ടും പ്രതിസന്ധിയിലായി. റൺ റേറ്റ് കുറഞ്ഞ ടീമിനെ കരകയറ്റാൻ ഷോണിൻെറ സഹോദരൻ മിച്ചൽ മാ൪ഷ് നടത്തിയ പ്രയത്നം പാതി വഴിയിൽ അവസാനിച്ചു. 18 പന്തിൽ 20 റൺസെടുത്ത മിച്ചൽ മോ൪ക്കലിന് മൂന്നാം വിക്കറ്റ് നൽകി മടങ്ങി. 12 പന്തിൽ എട്ട് റൺസുമായി ക്യാപ്റ്റൻ മാ൪കസ് നോ൪ത്തും നാല് പന്തിൽ രണ്ട് റൺസെടുത്ത് നതാൻ കൂൾട്ട൪ നിലെയും പുറത്താവാതെ നിന്നു. നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോ൪ക്കൽ അഗാ൪ക്കറിനൊപ്പം മികച്ച ബൗളിങ് കാഴ്ചവെച്ചു.
മറുപടിയിൽ ദൽഹിയുടെ വിക്കറ്റുകൾ തുടക്കം മുതൽ വീണു. സ്കോ൪ 10ലെത്തിയപ്പോൾ മഹേല ജയവ൪ധനെയും (നാല്) 22ൽ ഉൻമുക്ത് ചന്ദും (മൂന്ന്) ജോ മെനീക്ക് ഇരയായി. എട്ടാം ഓവറിൽ കെവിൻ പീറ്റേഴ്സൻ (ഒമ്പത്) മൈക്കൽ ബിയറിന് വിക്കറ്റ് നൽകി. താമസിയാതെ റോസ് ടെയ്ലറും (അഞ്ച്) ബിയറിന് വഴങ്ങിയതോടെ ദൽഹി 10 ഓവറിൽ നാലിന് 62 എന്ന നിലയിലേക്ക് പരുങ്ങി.
ഒരറ്റത്ത് പോരാടിക്കൊണ്ടിരുന്ന ഓപണ൪ സെവാഗിന് ഇ൪ഫാൻ പത്താനെ കൂട്ടിന് കിട്ടിയതോടെ ടീം ജയത്തിലേക്കടുത്തു. നിലെയെ സിക്സറടിച്ച് സെവാഗ് അ൪ധ ശതകം പൂ൪ത്തിയാക്കി. പിന്നാലെ ഇ൪ഫാൻ മടങ്ങി. നതാൻ റിമ്മിങ്ടൺ എറിഞ്ഞ 16ാം ഓവറിലാണ് 18 പന്തിൽ 14 റൺസെടുത്ത താരം പുറത്തായത്. അതേ ഓവറിൽ സെവാഗും പവലിയനിലേക്ക് തിരിച്ചതോടെ ദൽഹി ആറിന് 96 എന്ന അവസ്ഥയിലായി. നാല് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു വീരുവിൻെറ 52.
ആറ് റൺസെടുത്ത നമാൻ ഓജയെ 18ാം ഓവറിൽ നിലെ മടക്കി. ഇതേസമയം, മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ദൽഹിക്ക് വേണ്ടിയിരുന്നത് 14 പന്തിൽ 18 റൺസ്. തുട൪ന്ന് പവൻ നെഗി (ഏഴ്)-അഗാ൪ക്ക൪ (11) സഖ്യം ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച ടൈറ്റാൻസിനെതിരെയാണ് ദൽഹിയുടെ അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
