സൈനയ്ക്ക് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ കിരീടം
text_fieldsഒഡെൻസ്: ഇന്ത്യയുടെ അഭിമാന താരം സൈന നെഹ്വാളിന് മറ്റൊരു കിരീട നേട്ടം കൂടി. ഡെന്മാ൪ക്ക് ഓപൺ സൂപ്പ൪ സീരീസ് പ്രീമിയ൪ ബാഡ്മിൻറൺ ടൂ൪ണമെൻറിൻെറ കലാശക്കളിയിൽ അനായാസ ജയം കുറിച്ചാണ് സൈന കിരീടത്തിളക്കത്തിലേറിയത്. കാൽമുട്ടിനേറ്റ പരിക്കു വകവെക്കാതെ ഉജ്ജ്വലമായി റാക്കറ്റു വീശിയ ഹൈദരാബാദുകാരി 21-17, 21-8ന് ജ൪മനിയുടെ ജൂലിയാനെ ഷെൻകിനെ തക൪ത്തുവിട്ടു. ഫൈനലിൽ 35 മിനിറ്റിനകമായിരുന്നു സൈനയുടെ ജയം. പ്രൈസ് മണിയായി 30,000 അമേരിക്കൻ ഡോളറും ഇന്ത്യക്കാരിക്ക് സ്വന്തമായി.
22കാരിയായ സൈന ഈ വ൪ഷം നേടുന്ന നാലാം കിരീടമാണിത്. ചൈനയുടെ ലോക ഒന്നാംനമ്പ൪ താരം യിഹാൻ വാങ്ങിനെ സെമിയിൽ കീഴടക്കിയാണ് സൈന ഫൈനലിൽ ഇടമുറപ്പിച്ചത്. ടൂ൪ണമെൻറിൽ കിരീടം നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ ഡാനിഷ്, ഇന്ത്യൻ ആരാധകരോട് ഏറെ നന്ദിയുണ്ടെന്നും ഫൈനലിനുശേഷം സൈന പറഞ്ഞു. ഈ ജയത്തോടെ ഷെൻകിനെതിരെ മൊത്തം ഒമ്പതു മത്സരങ്ങൾ കളിച്ചതിൽ ആറു കളികളിലും ജയിച്ച് സൈന മികച്ച മുൻതൂക്കം നേടി.
ഫൈനൽ വേദിയിൽ തീപിടിത്തമുണ്ടായെന്ന് തെറ്റായ അലാറം മുഴങ്ങിയതോടെ നിശ്ചയിച്ചതിലും അൽപം വൈകിയാണ് സൈന-ഷെൻക് മത്സരം തുടങ്ങിയത്. കളിയുടെ തുടക്കത്തിൽതന്നെ തൻെറ ട്രേഡ് മാ൪ക്കായ ക്രോസ്കോ൪ട്ട് സ്മാഷുകളിലൂടെ തുടരെ നാലുപോയൻറിൻെറ മുൻതൂക്കം നേടിയ ഇന്ത്യക്കാരി വരാനിരിക്കുന്നതിൻെറ സൂചന നൽകി. പിന്നീട് 8-2ൻെറ മുൻതൂക്കം നേടിയ സൈനക്കെതിരെ ജ൪മൻതാരം പൊരുതിക്കയറി 9-9ന് ഒപ്പമെത്തി. റിട്ടേണുകളിൽ പിന്നാക്കം പോയതാണ് ഈ ഘട്ടത്തിൽ ഇന്ത്യൻ താരത്തിന് തിരിച്ചടിയായത്. എതിരാളിയെ പവ൪ഗെയിമിൽനിന്ന് പിന്തിരിപ്പിക്കാൻ നെറ്റിനരികിൽ കേന്ദ്രീകരിപ്പിക്കുകയെന്ന തന്ത്രങ്ങൾ വിജയം കണ്ടതോടെ ഷെൻക് 10-9ന് മുൻതൂക്കം നേടുകയും ചെയ്തു. എന്നാൽ, ടൂ൪ണമെൻറിലെ മൂന്നാംസീഡായ സൈന, തക൪പ്പൻ ബേസ്ലൈൻ ഗെയിം പുറത്തെടുത്ത് 15-12ൻെറ ലീഡിലെത്തി. പിന്നീട് ഈ ലീഡ് നിലനി൪ത്തി കുതിച്ച് ആറാംസീഡായ എതിരാളിക്കെതിരെ 19 മിനിറ്റിനകം ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാംഗെയിമിൽ ബേസ് ലൈൻ ഗെയിം മെച്ചപ്പെടുത്തി ഷെൻക് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 11-7ന് സൈന ലീഡ് നേടി. എന്നാൽ, തുട൪ന്നങ്ങോട്ട് എതിരാളികളെ നിഷ്പ്രഭമാക്കി കുതിച്ച സൈന അനായാസം ഗെയിമും ട്രോഫിയും സ്വന്തമാക്കി.
മാ൪ച്ചിൽ സ്വിസ് ഓപണിൽ കിരീടം നേടിയ സൈന ജൂണിൽ തായ്ലൻഡ് ഓപൺ ഗ്രാൻഡ് പ്രീ, ഇന്തോനേഷ്യ ഓപൺ സൂപ്പ൪ സീരീസ് കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി സൈന രാജ്യത്തിൻെറ യശസ്സുയ൪ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
