അനധികൃത കലാപഠനത്തെ നേരിടാന്‍ കലാവിദ്യാലയങ്ങളുടെ അസോസിയേഷന്‍
text_fieldsമസ്കത്ത്: വ്യാപകമാകുന്ന അനധികൃത കലാപഠനകേന്ദ്രങ്ങളെ നിയമപരമായി നേരിടാനും ഈ മേഖലയിൽ ഗുണമേൻമ ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ഒമാനിലെ അംഗീകൃത കലാപഠനകേന്ദ്രങ്ങൾ അസോസിയേഷന് രൂപം നൽകി. നിയമവിരുദ്ധമായി പ്രവ൪ത്തിക്കുന്ന കലാവിദ്യാലയങ്ങളുടെയും പരിശീലകരുടെയും ലിസ്റ്റ് സാംസ്കാരിക മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും കലാവിദ്യാലയങ്ങളുടെ പ്രതിനിധികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
തൊഴിൽമന്ത്രാലയത്തിൻെറയും സാംസ്കാരിക മന്ത്രാലയത്തിൻെറയും അനുമതിയില്ലാതെ വീടുകളിലെത്തി കലാ-സംഗീത പരിശീലനം നൽകുന്ന അധ്യാപകരും, വീടുകളിൽ അനധികൃതമായി കലാവിദ്യാലയങ്ങൾ നടത്തുന്ന വീട്ടമ്മമാരും ഇത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്ന് ഇവ൪ ആവശ്യപ്പെട്ടു.
വീടുകളിലെത്തി കുട്ടികളെ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്നവരും, പാ൪ടൈം ജോലിയായി കലാധ്യാപനം നടത്തുന്നവരും, അംഗീകാരമില്ലാതെ വീടുകളിൽ കലാവിദ്യാലയം നടത്തുന്നവരും പെരുകുന്ന സാഹചര്യത്തിൽ ഇവ൪ക്കെതിരെ നേരത്തേ സാംസ്കാരിക മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം കേന്ദ്രങ്ങൾ സ൪ക്കാ൪ അനുമതിയോടെ പ്രവ൪ത്തിക്കുന്ന കലാപഠനകേന്ദ്രങ്ങളുടെ നിലനിൽപിനെ തന്നെ ബാധിച്ച സാഹചര്യത്തിലാണ് തങ്ങൾ ഇവരെ നിയമപരമായി നേരിടാൻ തീരുമാനിച്ചതെന്നും അംഗീകൃത വിദ്യാലയങ്ങളുടെ പ്രതിനിധികൾ പറഞ്ഞു. സൊഹാറിൽ വില്ലയിൽ അനധികൃത കേന്ദ്രം നടത്തുന്ന ഇന്ത്യക്കാരി ഒമാനിലെ അംഗീകൃത സംഘടനകളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ച് വൻകിട പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും ഇവ൪ തെളിവ് സഹിതം ചൂണ്ടിക്കാട്ടി.
അംഗീകൃത വിദ്യാലയങ്ങളിൽ അധ്യാപകരായി എത്തുന്നവ൪ സേവനം അവസാനിപ്പിച്ച് സ്വന്തം നിലയിൽ അനധികൃതകേന്ദ്രം നടത്തുന്നതോടൊപ്പം തങ്ങളുടെ വിദ്യാ൪ഥികളെ കൂട്ടത്തോടെ ഇദ്ദേഹത്തിൻെറ കേന്ദ്രത്തിലേക്ക് മാറ്റിയ അനുഭവവും ഇവ൪ പങ്കുവെച്ചു. യൂറോപ്പിൽ നിന്ന് സന്ദ൪ശകവിസയിൽ വന്ന് ക്ളാസെടുക്കുന്നവരുമുണ്ട്. അനധികൃത കേന്ദ്രങ്ങൾ പ്രവ൪ത്തനം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ ഒമാൻ നിയമപ്രകാരം അംഗീകാരം നേടിയെടുക്കുകയോ വേണമെന്നും ഇവ൪ പറഞ്ഞു.
എസ്.എൻ. ഗോപകുമാ൪, ഖമീസ് അൽ ബുസൈദി (കലാമണ്ഡലം), ബാബു പീറ്റ൪ (കലാഭവൻ), സാക് പാഷിയന്നാകിസ് (ക്ളാസിക് മ്യൂസിക് ആൻഡ് ആ൪ട്സ്), സി.ഐ. വിൽസൻ, ബിജു വ൪ഗീസ് (ഹാ൪മണി), ബിജി ഈപ്പൻ (മെലഡി മ്യൂസിക് സെൻറ൪), കവിരാജ് (അമ്മ) തുടങ്ങിയവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
