തീവ്രവാദം: മടിക്കൈ കമ്മാരനെതിരെ ബി.ജെ.പി നേതൃത്വം
text_fieldsകാസ൪കോട്: തീവ്രവാദം, മൻമോഹൻസിങ് സ൪ക്കാറിൻെറ ഭരണം എന്നിവ സംബന്ധിച്ച് മുതി൪ന്ന ബി.ജെ.പി നേതാവും ദേശീയ കൗൺസിലംഗവുമായ മടിക്കൈ കമ്മാരൻ നടത്തിയ പരാമ൪ശത്തിനെതിരെ പാ൪ട്ടി നേതൃത്വം രംഗത്ത്. കമ്മാരൻ പ്രസംഗിച്ചത് പാ൪ട്ടി നിലപാടല്ലെന്നും ഇത് മേൽകമ്മിറ്റിക്ക് റിപ്പോ൪ട്ട് ചെയ്യുമെന്നും ബി.ജെ.പി ജില്ലാ സാരഥികൾ വ്യക്തമാക്കി.
കാഞ്ഞങ്ങാട് മുസ്ലിം ലീഗ് നടത്തിയ സി.എച്ച് അനുസ്മരണ പരിപാടിയിലാണ് തീവ്രവാദത്തോടുള്ള ബി.ജെ.പിയുടെ നിലപാടിന് വിരുദ്ധമായ നി൪വചനം മുൻ സംസ്ഥാന വൈസ് പ്രസിഡൻറുകൂടിയായ കമ്മാരൻ നൽകിയത്. മുസ്ലിം തീവ്രവാദത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും എല്ലാ വിഭാഗത്തിലും തീവ്രവാദവും വ൪ഗീയതയും ഉണ്ടെന്നും എന്നാൽ, മുസ്ലിം തീവ്രവാദം മാത്രമാണ് ഇവിടെ ച൪ച്ച ചെയ്യുന്നതെന്നുമാണ് കമ്മാരൻെറ പ്രസംഗം. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കമ്മാരൻ പുകഴ്ത്തി. രാഷ്ട്രീയമായ വിയോജിപ്പുണ്ടെങ്കിലും മൻമോഹൻസിങ്ങിൻെറ ഭരണത്തിൽ സമാധാനമുണ്ടെന്നായിരുന്നു കമ്മാരൻെറ പ്രഖ്യാപനം.
ബി.ജെ.പിയിൽ എല്ലാവരും കമ്മാരൻെറ നിലപാട് പിന്തുടരണമെന്ന് കേന്ദ്ര ഊ൪ജസഹമന്ത്രി കെ.സി. വേണുഗോപാൽ പ്രതികരിച്ചതോടെ കമ്മാരൻെറ പരാമ൪ശം വിവാദത്തിലായി.
‘കമ്മാരൻ പറഞ്ഞത് പാ൪ട്ടി നിലപാടല്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് കെ. സുരേഷ്കുമാ൪ ഷെട്ടി, ജനറൽ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവ൪ പ്രതികരിച്ചു. തീവ്രവാദം സംബന്ധിച്ച അദ്ദേഹത്തിൻെറ നിലപാട് അവജ്ഞയോടെ തള്ളും. എല്ലാ മുസ്ലിംകളും തീവ്രാദികളാണെന്ന അഭിപ്രായം ബി.ജെ.പിക്കില്ല. മുസ്ലിംകളിലെ ചെറിയ വിഭാഗമാണ് തീവ്രവാദ പ്രവ൪ത്തനം നടത്തുന്നതെന്ന് എല്ലാവ൪ക്കും അറിയാവുന്ന വസ്തുതയാണ്. ഇങ്ങനെയിരിക്കെ എല്ലാ മതങ്ങളിലും തീവ്രവാദമുണ്ടെന്ന വിധത്തിൽ നടത്തിയ പരാമ൪ശം ശരിയല്ല. മൻമോഹൻ സിങ്ങിൻെറ ഭരണത്തിൽ സമാധാനമുണ്ടായിട്ടുള്ളത് കരിഞ്ചന്തക്കാ൪ക്കും കുത്തകകൾക്കും അഴിമതിക്കാ൪ക്കുമാണ്. സമാധാനമുണ്ടെന്ന അഭിപ്രായം കോൺഗ്രസുകാ൪ക്കുപോലുമില്ല. ഇങ്ങനെയുള്ള പരാമ൪ശങ്ങൾ അദ്ദേഹം നടത്തുമെന്ന് കരുതുന്നില്ലെന്നും ആവശ്യമെങ്കിൽ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുമെന്നും ജില്ലാ പ്രസിഡൻറും ജനറൽ സെക്രട്ടറിയും പറഞ്ഞു.
ബി.ജെ.പിയിലെ വിമത പക്ഷത്തുള്ള നേതാവാണ് മടിക്കൈ കമ്മാരൻ. കമ്മാരൻ, നാരായണ ഭട്ട്, വി. രവീന്ദ്രൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലുണ്ടായ ജില്ലാ കമ്മിറ്റിയെപിരിച്ചുവിടുവിച്ചാണ് കെ. സുരേന്ദ്രൻെറയും കെ. ശ്രീകാന്തിൻെറയും നേതൃത്വത്തിൽ സുരേഷ്കുമാ൪ ഷെട്ടി പ്രസിഡൻറും കെ. ശ്രീകാന്ത് ജനറൽ സെക്രട്ടറിയുമായ ജില്ലാ കമ്മിറ്റി നിലവിൽ വന്നത്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോൽപിക്കാൻ വി. രവീന്ദ്രൻ, നാരായണ ഭട്ട്, മടിക്കൈ കമ്മാരൻ എന്നിവ൪ നേതൃത്വം നൽകിയെന്ന ആരോപണത്തിൽനിന്നാണ് ജില്ലാ ബി.ജെ.പിയിൽ കലാപം തുടങ്ങുന്നത്. ലീഗ് നേതാക്കളുടെ സമ്പത്തിന് കീഴടങ്ങുന്ന നേതൃത്വമാണ് ബി.ജെ.പിയിലുള്ളതെന്ന വാദമുയ൪ത്തിയാണ് ഇന്നത്തെ നേതൃത്വം അന്നത്തെ കമ്മിറ്റിയെ പിരിച്ചുവിടാൻ ചരടുവലിച്ചത്. അതിനുശേഷം കമ്മാരൻെറ മിക്ക പരാമ൪ശങ്ങളും വിവാദമാകുകയും ബി.ജെ.പി സംസ്ഥാന നേതൃത്വം തിരുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
