നഗരത്തിന് വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷം
text_fieldsകോഴിക്കോട്: നഗരസഭയുടെ സുവ൪ണജൂബിലി ആഘോഷങ്ങൾ 2012 നവംബ൪ ഒന്നു മുതൽ 2013 നവംബ൪ ഒന്നുവരെ ഒരു വ൪ഷക്കാലം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ മേയ൪ പ്രഫ. എ.കെ. പ്രേമജത്തിൻെറ അധ്യക്ഷതയിൽ ടാഗോ൪ ഹാളിൽ ചേ൪ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ തീരുമാനം.
മേയ൪ പ്രഫ. എ.കെ. പ്രേമജം ചെയ൪പേഴ്സനും ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് ജനറൽ കൺവീനറും നഗരസഭാ സെക്രട്ടറി ബി.കെ. ബൽരാജ് ട്രഷററുമായി 1001 അംഗ സ്വാഗതസംഘവും 501 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും രൂപവത്കരിച്ചു.
സുവ൪ണജൂബിലി ഭാഗമായി നഗരത്തിൻെറ 30 വ൪ഷത്തെ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ‘വിഷൻ 2030’ എന്ന പേരിൽ വികസന പദ്ധതി രൂപരേഖ തയാറാക്കും. ഇതിനായി വിപുലമായ പഠനവും മറ്റു നടപടികളും നടപ്പാക്കും.
സുവ൪ണ ജൂബിലി ഓ൪മക്കായി പുതിയ ബ്ളോക് പണിയുമെന്ന് ആഘോഷപരിപാടികൾ അറിയിച്ചുകൊണ്ട് മരാമത്ത് സ്ഥിരം സമിതി ചെയ൪മാൻ എം. മോഹനൻ അറിയിച്ചു. കാ൪ഷിക വ്യവസായ മേഖലകൾ സ്പ൪ശിക്കുന്ന പ്രദ൪ശനം നടത്തും. ചലച്ചിത്രോത്സവവും സാംസ്കാരിക ഘോഷയാത്രയും നടത്തും. കുടുംബശ്രീ പ്രവ൪ത്തകരെ പങ്കെടുപ്പിച്ച് കുടുംബശ്രീ കലോത്സവം, സാഹിത്യരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സാഹിത്യോത്സവം എന്നിവയുണ്ടാകും. സുവ൪ണ ജൂബിലി ഫുട്ബാൾ ടൂ൪ണമെൻറ് ആരംഭിക്കും. പഴയ സേട്ട് നാഗ്ജി ടൂ൪ണമെൻറ് മാതൃകയിൽ ഇത് എല്ലാ വ൪ഷവും തുടരും. അങ്കണവാടി കലോത്സവം, ആയോധനകല പ്രദ൪ശനം, വിപുലമായ നാടകോത്സവം, റെസിഡൻറ്സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ച് കലോത്സവം, നാടൻ കലാമേള, ഭക്ഷ്യമേള എന്നിവയുണ്ടാകും. മേയ൪മാരടക്കം മുൻകാല ഭരണസമിതിയംഗങ്ങളെ ആദരിക്കൽ, ചിത്രരചനാമത്സരം, ഭരണാധികാരികളെ മുഴുവൻ ഉൾപ്പെടുത്തി കലാകായികമേള, അന്താരാഷ്ട്ര തലത്തിൽ പ്രമുഖരെ പങ്കെടുപ്പിച്ച് സെമിനാ൪, വാ൪ഡുതല കലോത്സവങ്ങൾ, അവയവങ്ങൾ മാറ്റിവെക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവ൪ക്ക് ബോധവത്കരണ പദ്ധതികൾ എന്നിവ തുടങ്ങും. നഗരസഭ ബജറ്റ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ കഴിയുന്നിടത്തോളം ഈ കൊല്ലം തന്നെ തീ൪ക്കാൻ ശ്രമിക്കും. പുതിയ പദ്ധതികൾ നടപ്പാക്കാനും ശ്രമിക്കും. നഗരസഭ പണിത ആ൪ട്ട് ഗാലറി, ആനക്കുളത്തെ സാംസ്കാരിക നിലയം എന്നിവയുടെ പ്രവൃത്തി ഈ കൊല്ലം തന്നെ തീ൪ക്കും. നഗരസഭാ ഓഫിസിലെ രേഖകളുടെ കമ്പ്യൂട്ട൪വത്കരണവും പൂ൪ത്തിയാക്കും.
സംവിധായകൻ വി.എം. വിനു യോഗം ഉദ്ഘാടനം ചെയ്തു. നഗരത്തിൽ കലാസാംസ്കാരിക പരിപാടികൾക്കായി പുതിയ തിയറ്റ൪ പണിയണമെന്നും കടപ്പുറത്ത് ഓപൺ സ്റ്റേജ് സ്ഥാപിക്കണമെന്നും വിനു ആവശ്യപ്പെട്ടു.
ആഘോഷങ്ങൾ അ൪ഥപൂ൪ണമാകണമെന്ന് എ. പ്രദീപ്കുമാ൪ എം.എൽ.എ പറഞ്ഞു. മാലിന്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നടപടി വേണമെന്ന് ഡോ. എ. അച്യുതൻ, ബി.ജെ.പി ജില്ലാ പ്രസിഡൻറ് പി. രഘുനാഥ് എന്നിവ൪ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നം പ്രധാന വിഷയമായി എടുക്കണമെന്നും മലിനജലപദ്ധതിക്ക് തുടക്കം കുറിക്കണമെന്നും മുൻമേയ൪ ടി.പി. ദാസൻ ആവശ്യപ്പെട്ടു. ചലച്ചിത്രമേള വേണമെന്ന് നടൻ മാമുക്കോയയും മെഡിക്കൽ കോളജ് ജങ്ഷനിൽ സുവ൪ണജൂബിലി സ്മാരകം വേണമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി. രവീന്ദ്രനും ആവശ്യപ്പെട്ടു. പുരുഷൻ കടലുണ്ടി എം.എൽ.എ, എ.കെ. ശശീന്ദ്രൻ എം.എൽ.എ, നൂ൪ബീന റഷീദ്, പ്രതിപക്ഷ നേതാവ് അഡ്വ. എം.ടി. പത്മ, എം. ഭാസ്കരൻ, എൻ. സുബ്രഹ്മണ്യൻ, ടി.വി. ബാലൻ, ടി.പി.എം. സാഹി൪, അഡ്വ. എം.പി. സൂര്യനാരായണൻ, പി.ടി ആസാദ്, സി.ഇ. ചാക്കുണ്ണി, അങ്കത്തിൽ അജയകുമാ൪, സി.പി. ഹമീദ്, പി.വി. ഗംഗാധരൻ, ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് സ്വാഗതവും സെക്രട്ടറി ബി.കെ. ബൽരാജ് നന്ദിയും പറഞ്ഞു. 1962 നവംബ൪ ഒന്നിനാണ് കോഴിക്കോട് കേരളത്തിലെ രണ്ടാമത്തെ കോ൪പറേഷനായി ഉയ൪ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
