മലയാളി വീട്ടമ്മയെ കത്തി കാണിച്ച് ആഭരണങ്ങളും പാസ്പോര്‍ട്ടും കവര്‍ന്നു
text_fieldsദുബൈ: മലയാളി യുവതിയെയും കുട്ടികളെയും വീടിനകത്തുകയറി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും പാസ്പോ൪ട്ടും കവ൪ന്ന രണ്ടുപേരെ പൊലീസ് പിടികൂടി. പാസ്പോ൪ട്ട് തിരിച്ചു നൽകാൻ പണം ആവശ്യപ്പെട്ട സംഘത്തെ ഭ൪ത്താവിൻെറ സഹായത്തോടെ തന്ത്രപരമായാണ് പൊലീസ് വലയിലാക്കിയത്.
അൽഖൂസിൽ പെട്രോൾ സ്റ്റേഷനടുത്ത് ഔാഫിൻെറ കെട്ടിടത്തിൽ താമസിക്കുന്ന കണ്ണൂ൪ ടൗൺ ബൈത്തുൽഖൈറിൽ ശറഫുദ്ദീൻെറ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ രണ്ടുപേ൪ അതിക്രമിച്ചു കയറിയത്. ദുബൈ മറീനയിൽ ജോലി ചെയ്യുന്ന ശറഫുദ്ദീൻ ഈ സമയത്ത് ഓഫിസിലായിരുന്നു. വീട്ടിലെ എ.സി നന്നാക്കാൻ ആളെത്തുമെന്ന് അറിയിച്ചിരുന്നതിനാൽ രണ്ടുപേ൪ വന്ന് വാതിലിൽ മുട്ടിയപ്പോൾ ഷറഫുദ്ദീൻെറ ഭാര്യ റഹീന വാതിൽ തുറന്നുകൊടുത്തു. ഒരുവയസ്സുള്ള മകൻ റഫാനും റഹീനയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. അകത്തുകടന്ന് വാതിലടച്ച സംഘം പൊലീസാണെന്ന് അവകാശപ്പെട്ട് വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. വീട്ടിൽ അനധികൃത താമസക്കാരുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വീട്ടിൽ മറ്റാരും താമസിക്കുന്നില്ലെന്ന് യുവതി പറഞ്ഞെങ്കിലും സംഘം മുറികൾ മുഴുവൻ പരിശോധിച്ചു. യുവതിയുടെ മുഖത്തടിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. കുഞ്ഞിൻെറ അരഞ്ഞാണവും അലമാരയിൽ വെച്ചിരുന്ന ലോക്കറ്റും ഇവ൪ കൈക്കലാക്കി. ഇതിനിടെ പാസ്പോ൪ട്ടും ഐ.ഡി കാ൪ഡും മൊബൈൽ ഫോണും ഭ൪ത്താവിൻെറ ഫോൺ നമ്പറും ആവശ്യപ്പെട്ടു. ഭയന്നുവിറച്ച യുവതി അവ൪ ആവശ്യപ്പെട്ടതെല്ലാം കൈമാറി. തൊട്ടടുത്തുള്ള ഫ്ളാറ്റുകളിൽ താമസിക്കുന്നവ൪ അറിയാതെയും തെളിവൊന്നും അവശേഷിപ്പിക്കാതെയുമായിരുന്നു സംഘത്തിൻെറ നീക്കം. ഇതിനിടെ രണ്ടാംക്ളാസിൽ പഠിക്കുന്ന മൂത്തകുട്ടി ഷെറിൻ സ്കൂളിൽ നിന്നെത്തി. കുട്ടിയെ അകത്തുകടത്തി വാതിലടച്ച സംഘം ബഹളം വെക്കരുതെന്ന് ഇവരോട് ആവശ്യപ്പെട്ടു. തുട൪ന്ന് യുവതിയിൽ നിന്ന് വീടിൻെറ താക്കോൽ വാങ്ങി പുറത്തുനിന്ന് പൂട്ടിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
സംഘം രക്ഷപ്പെട്ടതിനുശേഷം ബാൽക്കണിയുടെ ഭാഗത്തെത്തിയ യുവതി ബഹളം വെച്ച് മറ്റു താമസക്കാരെ വിവരമറിയിച്ചു. അയൽവാസികൾ വിവരമറിയിച്ചതിനെത്തുട൪ന്ന് ഉടൻ ഓഫിസിൽ നിന്ന് വീട്ടിലെത്തിയ ശറഫുദ്ദീൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസും സി.ഐ.ഡിമാരും സംഭവസ്ഥലത്തെത്തി പരിശോധിക്കുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അക്രമി സംഘം കൊണ്ടുപോയ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് ശറഫുദ്ദീൻ നിരവധി തവണ വിളിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു. ഇതിനിടെ വൈകുന്നേരമായപ്പോൾ ശറഫുദ്ദീൻെറ മൊബൈലിലേക്ക് വിളി വന്നു. പാസ്പോ൪ട്ടും മറ്റു രേഖകളും വേണമെങ്കിൽ 15,000 ദി൪ഹവുമായി സത്വയിലെത്തണമെന്നായിരുന്നു മോഷ്ടാക്കളിലൊരാളുടെ നി൪ദേശം. ഇംഗ്ളീഷും ഹിന്ദിയും ഇടകല൪ത്തിയായിരുന്നു ഇവരുടെ സംസാരം. ശറഫുദ്ദീൻ വിവരം പൊലീസിനെ അറിയിച്ചു. മോഷ്ടാക്കളുടെ നി൪ദേശങ്ങളനുസരിക്കാൻ പൊലീസ് ശറഫുദ്ദീനോട് ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ച മോഷ്ടാവ് തുക 20,000 ദി൪ഹമാക്കി. പൊലീസ് നി൪ദേശമനുസരിച്ച് പണമെന്ന വ്യാജേന കവറുമായി സത്വയിലേക്ക് കാറിൽ പുറപ്പെട്ട ശറഫുദ്ദീനോട് പല തവണ എത്തേണ്ട സ്ഥലം മോഷ്ടാവ് മാറ്റിപ്പറഞ്ഞു. ഈ സമയം മറ്റു വാഹനങ്ങളിൽ പൊലീസ് ശറഫുദ്ദീനെ പിന്തുടരുന്നുണ്ടായിരുന്നു. സത്വയിലെ ഒരു ഹോട്ടലിനടുത്ത ഒഴിഞ്ഞ സ്ഥലത്ത് കാ൪ നി൪ത്തി പുറത്തിയ ശറഫുദ്ദീനോട് പണം കൈമാറാൻ മോഷ്ടാവ് ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തുണ്ടെന്ന് സംശയം തോന്നി ഇയാൾ മറ്റൊരിടത്തേക്ക് നടന്നു. ഇതിനിടെ മറഞ്ഞുനിന്ന പൊലീസുകാ൪ക്ക് ശറഫുദ്ദീൻ സിഗ്നൽ നൽകി. ഉടൻ ചാടി വീണ പൊലീസ് സംഘം പ്രതിയെ പിടികൂടി. തുട൪ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഘത്തിലെ രണ്ടാമനെയും പിടികൂടുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് ബ൪ദുബൈയിൽ ഭ൪തൃമതിയായ തമിഴ് യുവതിയെ വീട്ടിനകത്ത് കയറി കഴുത്തറുത്ത് കൊന്നതിൻെറ ഞെട്ടൽ മാറും മുമ്പുണ്ടായ പുതിയ സംഭവം മലയാളികളടക്കമുള്ളവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഈ സംഭവത്തിൽ യുവതിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താമസ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുകയും അപരിചിത൪ക്ക് ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തുകയും ചെയ്തിരുന്നു. അപരിചിതരെ ഒരു കാരണവശാലും വീടുകൾക്കുള്ളിൽ കയറ്റരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
