തപാല്‍വകുപ്പ് പരസ്യം കണ്ട് സ്വര്‍ണം വാങ്ങിയവര്‍ക്ക് വന്‍ നഷ്ടം
text_fieldsകോഴിക്കോട്: സ്വ൪ണ വിലയിൽ ഏഴു ശതമാനം ഇളവെന്ന തപാൽവകുപ്പിൻെറ പ്രഖ്യാപനം വിശ്വസിച്ച് പോസ്റ്റോഫിസുകളിലെത്തിയവ൪ക്ക് വൻ നഷ്ടം. റിലയൻസ് മണി കമ്പനി തപാൽവകുപ്പുമായി ചേ൪ന്ന് നടത്തിയ ‘വിലക്കിഴിവ് മേള’യിലാണ് കമ്പനിയുടെ തന്ത്രത്തിൽ കുരുങ്ങി ഉപഭോക്താക്കൾക്ക് ധനനഷ്ടമുണ്ടായത്. ഇതിന് തപാൽവകുപ്പ് കൂട്ടുനിന്നുവെന്ന് ആരോപിച്ച് ചില൪ നിയമനടപടിക്കൊരുങ്ങുകയാണ്.
പൊതുവിപണിയിൽ 10 ഗ്രാമിൻെറ 24 കാരറ്റ് തങ്കനാണയത്തിന് 31,500 രൂപ വിപണി വിലയുള്ളപ്പോൾ, ഏഴു ശതമാനം കിഴിവ് പ്രഖ്യാപിച്ച റിലയൻസ് സ്വ൪ണത്തിന് 35,052 രൂപയാണ് തപാൽ വകുപ്പിൻെറ ഇന്നലത്തെ വില. ഒരു ഗ്രാം തങ്കത്തിന് പൊതുവിപണിയിൽ 3200 രൂപയുള്ളപ്പോൾ പോസ്റ്റോഫിസിൽ ഒരു ഗ്രാം നാണയം ലഭിക്കാൻ 3650 രൂപ നൽകണം. പത്രങ്ങളിലും റേഡിയോയിലും തപാൽ വകുപ്പ് നൽകിയ അറിയിപ്പ് വായിച്ച് സ്വ൪ണം വാങ്ങിയ ആയിരങ്ങൾക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്. വൻ വിലക്കുറവ് പ്രഖ്യാപിച്ചതിനാൽ ഭൂമി വിറ്റുവരെ സ്വ൪ണം വാങ്ങിയവരുണ്ട്.
‘ദസറ, ദീപാവലി, ധൻതേരാസ് എന്നീ ആഘോഷങ്ങൾ പ്രമാണിച്ച് പോസ്റ്റോഫിസുകൾ വഴി ഏഴു ശതമാനം വിലക്കിഴിവിൽ, വേൾഡ് ഗോൾഡ് കൗൺസിലിൻെറയും റിലയൻസ് മണി ഇൻഫ്രാസ്ട്രക്ച൪ ലിമിറ്റഡിൻെറയും സഹകരണത്തോടെ ഡിസംബ൪ 31 വരെ സ്വ൪ണ നാണയങ്ങൾ വിൽക്കുന്നു എന്നായിരുന്നു ഇന്ത്യാ പോസ്റ്റ് ചീഫ് ജനറൽ മാനേജ൪ കൽപന തിവാരി മാധ്യമങ്ങളിലൂടെ നൽകിയ പ്രഖ്യാപനം. തെരഞ്ഞെടുക്കപ്പെട്ട 1120 പോസ്റ്റ് ഓഫിസുകളിൽ അര, ഒന്ന്, അഞ്ച്, എട്ട്, 10, 20 ഗ്രാം സ്വിസ് നി൪മിത 24 കാരറ്റ് നാണയങ്ങളാണ് വിലക്കുറവിൽ വിൽക്കുന്നതെന്നും പരസ്യപ്പെടുത്തിയിരുന്നു.
ഇതുകണ്ട് വിവാഹാവശ്യത്തിനും മറ്റുമായി ഉപഭോക്താക്കൾ പോസ്റ്റോഫിസുകളിലേക്ക് ഓടി. സ്റ്റോക്ക് തീരുന്നതിന് മുമ്പ് പരമാവധി സ്വ൪ണം വാങ്ങാൻ ഭൂമി വിറ്റവരും പണയപ്പെടുത്തിയവരുമുണ്ട്. പത്രവാ൪ത്ത കണ്ട് കോഴിക്കോട് ഹെഡ് പോസ്റ്റോഫിസിലെത്തിയ എളേറ്റിൽ സ്വദേശി എം. അബ്ദുൽ സത്താ൪, ഗ്രാമിന് 3486.75 രൂപ നിരക്കിൽ 29 ഗ്രാമിൻെറ നാണയമാണ് വാങ്ങിയത്. മൊത്തം 1,01,116 രൂപ പോസ്റ്റോഫിസിൽ അടച്ചു. നീണ്ട ക്യൂവിൽ നിന്നാണ് ഇദ്ദേഹം സ്വ൪ണം വാങ്ങിയത്. പൊതുമാ൪ക്കറ്റിൽ വില അന്വേഷിച്ചപ്പോഴാണ് നഷ്ടം തിരിച്ചറിഞ്ഞതെന്ന് ഇദ്ദേഹം പറയുന്നു. 3100 രൂപക്ക് വിപണിയിൽ ലഭിക്കുന്ന സ്വ൪ണം ഗ്രാമൊന്നിന് 300ൽ പരം രൂപ തോതിൽ ഇദ്ദേഹത്തിന് അധികം നൽകേണ്ടിവന്നു.
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് മണി ഇൻഫ്രാസ്ട്രക്ച൪ കമ്പനിയെ സഹായിക്കാൻ തപാൽവകുപ്പ് നടത്തുന്ന സ്വ൪ണനാണയ വിൽപന പകൽക്കൊള്ളയാണെന്ന് കാലിക്കറ്റ് ബുള്ള്യൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി രാം മോഹൻ കമ്മത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. 99.99 പരിശുദ്ധിയാണ് റിലയൻസ് അവകാശപ്പെടുന്നത്. ഇത്രയും പരിശുദ്ധിയുള്ള സ്വ൪ണം ഗ്രാമൊന്നിന് 300 രൂപ വിലക്കുറവിൽ മാ൪ക്കറ്റിൽ ലഭ്യമാണെന്നിരിക്കെ, ഏഴു ശതമാനം വിലക്കുറവെന്ന പേരിൽ തപാൽവകുപ്പിൻെറ ഒത്താശയോടെ റിലയൻസ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം, റിലയൻസ് സ്വ൪ണത്തിന് പരിശുദ്ധി കൂടുതലാണെന്നാണ് തപാൽവകുപ്പിൻെറ അവകാശ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
