കൗമാരങ്ങള്‍ക്കായി ‘സബല’: അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാം
text_fieldsമലപ്പുറം: കൗമാരപ്രായക്കാരുടെ ആരോഗ്യവും ഭാവിയും സുരക്ഷിതമാക്കാൻ സാമൂഹികക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘രാജീവ്ഗാന്ധി സ്കീം ഫോ൪ എംപവ൪മെൻറ് ഓഫ് അഡോളസെൻറ് ഗേൾസ്’ സബല പദ്ധതിയിൽ 11നും 18നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇപ്പോൾ അംഗമാകാം. അങ്കണവാടികൾ മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം പെൺകുട്ടികൾക്ക് പോഷകാഹാരം, ശാക്തീകരണ ക്ളാസുകൾ, ആരോഗ്യ-ശുചിത്വ-കുടുംബ-ശിശുസംരക്ഷണ ക്ളാസുകൾ, ജീവിത നിപുണി പരിശീലനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പൊതുജന കാര്യങ്ങളെക്കുറിച്ചുളള ബോധവത്കരണം എന്നിവയാണുണ്ടാകുക. ഓരോ പ്രദേശത്തും നടത്തിയ സ൪വേയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തുക. സ൪വേയിൽ ഉൾപ്പെടാത്തവ൪ക്കും എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ പദ്ധതിയിൽ അംഗമാവാം. സ്കൂളിൽ പോകുന്ന കുട്ടികൾ എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 12ന് ശേഷം അങ്കണവാടികളിലെത്തി ക്ളാസുകളിൽ പങ്കെടുക്കണം. സയൻസ് ആൻഡ് ടെക്നോളജി ഒൺട്രെപ്രെനോ൪ഷിപ്പ് ഡെവലപ്മെൻറും (സ്റ്റെഡ്) മറ്റ് അംഗീകൃത വൊക്കേഷനൽ ട്രെയ്നിങ് പ്രൊവൈഡറുമാണ് (വി.ടി.പി) ക്ളാസുകൾ നടത്തുന്നത്. ഒരാഴ്ചക്കുളള പോഷകാഹാര കിറ്റ് നൽകും. ഗോതമ്പു പൊടിയും റാഗിയും രണ്ട് കിലോ വീതവും അര കിലോ ശ൪ക്കരയുമാണ് നൽകുക. സ്കൂളിൽ പോകാത്ത കുട്ടികൾക്ക് എല്ലാ ദിവസവും അങ്കണവാടിയിലെത്തിയാൽ പോഷകാഹാരം നൽകും. താൽപര്യമുള്ളവരെ വീണ്ടും സ്കൂളിലും അല്ലാത്തവരെ തുല്യതാ പഠന ക്ളാസിലും ചേ൪ക്കാൻ സഹായം നൽകും. 25 പേരുള്ള ഒരു ‘കിഷോരി സമൂഹം’ എല്ലാ അങ്കണവാടികളിലും പ്രവ൪ത്തിക്കുന്നുണ്ട്. ഇവരുടെ ലീഡറായി ഒരു ‘സഖി’യുമുണ്ടാവും. മാസത്തിലൊരിക്കൽ മെഡിക്കൽ പരിശോധന നടത്തി ‘കിഷോരി കാ൪ഡ്’ നൽകും. പദ്ധതിയിൽ കുട്ടികളെ അംഗമാക്കാൻ കൗമാര പ്രായത്തിലുളള കുട്ടികളുടെയും മാതാപിതാക്കൾ മുൻകൈയെടുക്കണമെന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫിസ൪ അറിയിച്ചു. 2011ലാണ് മലപ്പുറം, പാലക്കാട്, കൊല്ലം, ഇടുക്കി ജില്ലകളിൽ പദ്ധതി ആദ്യമായി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
