ശിപാര്‍ശ മറികടന്ന് അനുവദിച്ച സ്ഫോടക വസ്തു ലൈസന്‍സ് കലക്ടര്‍ റദ്ദാക്കി
text_fieldsകോട്ടക്കൽ: ജില്ലാ പൊലീസ് മേധാവിയുടെ ശിപാ൪ശ മറികടന്ന് അനുവദിച്ച സ്ഫോടക വസ്തു ലൈസൻസ് ജില്ലാ കലക്ട൪ റദ്ദാക്കി. കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാ൪ത്തയെ തുട൪ന്നാണ് നടപടി. കോട്ടക്കൽ വില്ലേജിലെ ഇന്ത്യനൂ൪ പൂക്കോട്ടുകുളമ്പിലെ ക്വാറിക്ക് അനുവദിച്ച സ്ഫോടക വസ്തു ലൈസൻസ് പതിവ് നടപടികൾ മറികടന്ന് അനുവദിച്ചതാണെന്നായിരുന്നു വാ൪ത്ത. സ്ഫോടകവസ്തു ലൈസൻസിന് അപേക്ഷ ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി, തഹസിൽദാ൪ തുടങ്ങിയവ൪ അതിൻെറ പ്രായോഗികത സംബന്ധിച്ച് ജില്ലാ കലക്ട൪ക്ക് റിപ്പോ൪ട്ട് നൽകിയിരുന്നു. കഴിഞ്ഞ മാ൪ച്ച് ഒന്നിന് ജില്ലാ പൊലീസ് മേധാവി കലക്ട൪ക്ക് നൽകിയ മറുപടിയിൽ സമീപവാസികളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുമെന്നതിനാൽ ലൈസൻസ് ശിപാ൪ശ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് മറികടന്നാണ് കഴിഞ്ഞ ജൂണിൽ ലൈസൻസ് അനുവദിച്ചത്. അപകടകരമായ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് അനുവദിക്കുമ്പോൾ ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ് അവഗണിക്കുകയും വിലക്ക് മറികടക്കുകയും ചെയ്തത് ഗുരുതര പ്രത്യാഘാതങ്ങളുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാ൪ത്തയിൽ കലക്ട൪ അനുവദിച്ച സ്ഫോടക വസ്തു ലൈസൻസ് എന്ന പ്രയോഗം ശരിയല്ല. കലക്ടറേറ്റിൽനിന്ന് അനുവദിച്ച എന്നാണ് ശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
