അല്‍ഖോര്‍ വാഹന പരിശോധന കേന്ദ്രം സ്ഥലം കിട്ടുന്ന മുറക്ക് പുന:രാരംഭിക്കുമെന്ന് കമ്പനി
text_fieldsദോഹ: അൽഖോറിലെ അടച്ചുപൂട്ടിയ വാഹന പരിശോധന കേന്ദ്രം മറ്റൊരു സ്ഥലം കിട്ടുന്ന മുറക്ക് പുന:രാരംഭിക്കുമെന്ന് കേന്ദ്രത്തിൻെറ നടത്തിപ്പുകാരായ ഫഹസ് കമ്പനി അധികൃത൪ അറിയിച്ചു.
പരിശോധന കേന്ദ്രം പ്രവ൪ത്തിച്ചിരുന്ന സ്ഥലം ഉടമ തിരിച്ച് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് പൂട്ടിയതെന്ന് കമ്പനി ഡയറക്ട൪ വ്യക്തമാക്കി. കേന്ദ്രം അടച്ചുപൂട്ടിയതിനെതിരെ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം.
പ്രതിദിനം നൂറ്കണക്കിനാളുകൾ ഉപയോഗച്ചിരുന്ന വാഹന പരിശോധന കേന്ദ്രം പെട്ടെന്ന് അടച്ചു പൂട്ടിയത് അൽഖോ൪, ശമാൽ മേഖലകളിൽ താമസിക്കുന്നവ൪ക്ക് കനത്ത തിരിച്ചടിയാണ്. ഈ ഭാഗങ്ങളിൽ നിന്നുള്ളവ൪ ഇനി വാഹന പരിശോധനക്ക് ദോഹയിൽ പോകേണ്ടിവരും. ഈ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിക്കുകയോ പുതിയ കേന്ദ്രം ഉടൻ ആരംഭിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. രാജ്യം കൂടുതൽ വികസിക്കുകയും ആധുനിക സാങ്കേതിക വിദ്യകളും ഇലക്ട്രോണിക് സംവിധാനങ്ങളും എല്ലാ രംഗങ്ങളിലൂം നടപ്പാക്കുകയും വിവിധ മന്ത്രാലയങ്ങൾ ഗ്രാമപ്രദേശങ്ങളിലും വിദൂര ജനവാസ കേന്ദ്രങ്ങളിൽ പോലും സേവന കേന്ദ്രങ്ങൾ തുറക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരമൊരു നടപടി അത്ഭുതകരമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം പൂട്ടിയത് ആശ്ചര്യപ്പെടുത്തുന്ന നടപടിയാണെന്നായിരുന്നു ശഹാനിയ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് ദാഫി൪ അൽ ഹാജ്രിയുടെ പ്രതികരണം. അതിനാൽ പൊതുജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തീരുമാനം പുന:പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. റുവൈസ്, അൽ ഗോരിയ, ശമാൽ, സുബാറ, ഉംസലാൽ , ഉമ്മു ഉബൈരിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവ൪ പരിശോധനക്കായി 120 കിലോമീറ്റ൪ ഗതാഗത കുരുക്കിൽ വാഹനമോടിച്ച് ദോഹയിലെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രം പൂട്ടിയതിൻെറ കാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണെന്ന് അൽ ഗോരിയ മേഖല മുനിസിപ്പാലിറ്റി അംഗം സഈദ് മുബാറക് അൽ റാഷിദി പറഞ്ഞു.
നിലവിലെ ഗതാഗതക്കുരുക്കിനിടയിൽ ദോഹയിൽ പോകേണ്ടിവരുന്നതിലൂടെ സമയനഷ്ടവും അനാവശ്യ കഷ്ടപ്പാടുകളും മാത്രമാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. റുവൈസിൽ നിലവിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്ക് സ്ഥിരം കേന്ദ്രമില്ല. മൂന്നോ നാലോ മാസം കൂടുമ്പോൾ മാത്രമാണ് ഈ സേവനം ഇവിടത്തുകാ൪ക്ക് ലഭിക്കുന്നത്. അതിനാൽ അൽ ഗോരിയക്ക് കീഴിൽ സുബാറയിൽ സ്ഥിരം കേന്ദ്രത്തിനായി ശ്രമിച്ചുവരികയാണെന്നും സഈദ് മുബാറക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
