Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമതേതര ചേരി...

മതേതര ചേരി സംഘ്പരിവാര്‍ അജണ്ട ഏറ്റെടുക്കുമ്പോള്‍

text_fields
bookmark_border
മതേതര ചേരി സംഘ്പരിവാര്‍  അജണ്ട ഏറ്റെടുക്കുമ്പോള്‍
cancel

ആ൪.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ്ഗേവാ൪ ഭവനിൽ കേരളത്തിലെ സൂക്ഷ്മ ചലനങ്ങൾ പോലും നിരീക്ഷിക്കാനും തദനുസൃതമായി അജണ്ട തയാറാക്കാനും പ്രത്യേക വിഭാഗം തന്നെയുണ്ടത്രെ. ‘ഹിന്ദുത്വ’ വിചാരധാരക്ക് കശ്മീ൪ പോലെ എന്നും കൗതുകവും താൽപര്യവുമുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിൻെറ വ്യതിരിക്തമായ സാമുദായിക സന്തുലനാവസ്ഥ തന്നെയാണ് കാരണം. 55ശതമാനം ഹിന്ദുക്കളും 25ശതമാനം മുസ്ലിംകളും 20ശതമാനം ക്രിസ്ത്യാനികളും ജീവിക്കുന്ന കേരളം പോലെ ബഹുമത സാംസ്കാരിക സാന്നിധ്യം സജീവമായ മറ്റൊരു പ്രദേശം രാജ്യത്തെവിടെയും കാണാൻ കഴിയില്ല. അതിലോലമായ ഈ സാമുദായിക സന്തുലനാവസ്ഥക്കനുസൃതമായ രാഷ്ട്രീയ ശാക്തിക ബലതന്ത്രമാണ്് നമ്മുടേത്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത വിധം എല്ലാ വിഭാഗങ്ങൾക്കും അധികാര പങ്കാളിത്തവും ശാക്തീകരണവും കേരളീയാവസ്ഥ ഉറപ്പുനൽകുന്നുണ്ട്.
അധികാരം കൈയാളേണ്ടത് സവ൪ണ അഭിജാത കുലജാത൪ മാത്രമാണെന്നും ന്യൂനപക്ഷങ്ങളെപോലുള്ള ‘രണ്ടാം കിട’ പൗരന്മാ൪ക്ക് അതിന് അ൪ഹതയില്ലെന്നും വിശ്വസിക്കുന്ന സംഘ്പരിവാ൪ വിചാരഗതിക്ക് കേരളത്തിലെ ഈ അവസ്ഥാവിശേഷത്തോട് എന്നും ചതു൪ഥിയാണ്. ജാതിസ്വത്വങ്ങളുടെ ബാനറിൽ, ദലിതരുടെയും യാദവരുടെയും അധ$സ്ഥിതരുടെയും പേരിൽ രൂപവത്കരിക്കപ്പെട്ട പാ൪ട്ടികൾ (ഉദാഹരണം: ബഹുജൻ സമാജ് പാ൪ട്ടി, സമാജ് പാ൪ട്ടി ) മുഖ്യധാരയിൽ കടന്ന് രാഷ്ട്രീയം പയറ്റുന്നതിലോ അധികാരം കൈയാളുന്നതിലോ ഒരിക്കലും അപാകത കാണാത്തവ൪ ന്യൂനപക്ഷങ്ങളുടെ സംഘടിത രൂപങ്ങളെ ആപത്കരങ്ങളായി ചിത്രീകരിക്കുന്നതിൻെറ കാരണം മറ്റൊന്നല്ല. സവ൪ക്കറുടെയും ഗോൾവാൾക്കറുടെയും പ്രത്യയശാസ്ത്രങ്ങളിൽനിന്ന് ഉൾക്കൊണ്ട വിഭാഗീയതയുടെയും അപരവത്കരണ മനോഘടനയുടെയും ഫലമാണിത്. ന്യൂനപക്ഷ കൂട്ടായ്മകളെ കുറിച്ചുള്ള അനാവശ്യമായ ആപത്ശങ്ക പൊതുബോധമായി വള൪ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്നതാണ് സംഘ്പരിവാ൪ ആവി൪ഭാവ കാലം തൊട്ട് പയറ്റിപ്പോന്ന തന്ത്രം. മുമ്പ് മുസ്ലിംകളുടെ രാജ്യസ്നേഹത്തിൽ സന്ദേഹമുയ൪ത്തിയും അവരുടെ സാംസ്കാരിക സ്വത്വങ്ങളെ മ്ളേച്ഛമായി ചിത്രീകരിച്ചും ഭരിക്കാനോ നയിക്കാനോ കൊള്ളരുതാത്തവരായി പൊതുസമൂഹ മധ്യെ വില കെടുത്തിയാണ് അപരവത്കരണ പ്രക്രിയ ത്വരിതപ്പെടുത്തിയിരുന്നത്. മാറിയ സാമൂഹിക- സാമ്പത്തിക കാലാവസ്ഥയിൽ അതിൻെറ വിപരീത ദിശയിൽ കാര്യങ്ങൾ നീങ്ങാൻ തുടങ്ങിയപ്പോൾ വ൪ഗീയ പ്രോപഗണ്ടയിലൂടെയും ഭരണകൂട ഭീകരതയിലൂടെയും ഘടികാരത്തെ പിറകോട്ട് തിരിക്കാൻ നമ്മുടെ വ്യവസ്ഥിതി തന്നെ ചില ഉപായങ്ങൾ മെനഞ്ഞെടുക്കുന്ന കാഴ്ചയാണ് കെട്ടഴിഞ്ഞുവീഴുന്നത്. ന്യൂനപക്ഷങ്ങൾ ഏതെങ്കിലും മേഖലയിൽ മേൽഗതി പ്രാപിക്കുന്നത് അപരാധമായി കാണുന്ന ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാൻ സംഘ്ചിന്താസരണിക്ക് സാധിച്ചത് നിതാന്തവും സമ൪ഥവുമായ പ്രചാരണങ്ങളിലൂടെയാണ്. മുസ്ലിംകളും ക്രിസ്ത്യാനികളും അവരുടെ സംഘടിത ശക്തി ഉപയോഗിച്ച് അന൪ഹമായത് നേടിയെടുക്കുന്നു എന്ന സംഘ്പരിവാറിൻെറ ആക്രോശം ഒരുവേള, മുഖ്യമന്ത്രി സ്ഥാനത്തിരുന്ന എ.കെ ആൻണറിയെ പോലുള്ള കോൺഗ്രസ് നേതാവ് പോലും പരസ്യമായി ഏറ്റുപറഞ്ഞ സാഹചര്യത്തെ ഹിന്ദുത്വ പ്രോപഗണ്ടയുടെ വശീകരണശേഷിയിലൂടെ മാത്രമേ വ്യാഖ്യാനിക്കാനാവൂ.
അങ്ങേയറ്റം സ്ഫോടനാത്മകമായ സാമുദായിക പക്ഷപാതിത്വ ആരോപണംപോലും നമ്മുടെ സംസ്ഥാനത്ത് സമീപകാലത്തായി സംഘ്പരിവാറിനെ അനുധാവനം ചെയ്ത് മതേതര ചേരി എന്ന് അവകാശപ്പെടുന്നവരും വ്യാപകമായി ഉപയോഗിക്കുന്നു. ഈ ദിശയിൽ വിവേകത്തിൻെറയോ പക്വതയുടെയോ സ്വരം ഒരു കോണിൽനിന്നും ഉയരുന്നില്ലെന്നു മാത്രമല്ല; ദിനംപ്രതി നമ്മുടെ സാമൂഹിക, സാമുദായിക ജീവിത പരിസരം കൂടുതൽ വ൪ഗീയവത്കരിക്കപ്പെടുകയുമാണ്. കേരളത്തിൽ മാ൪ക്സിസ്റ്റ് പാ൪ട്ടിയും സംഘ്പരിവാറും തമ്മിലുള്ള അകൽച്ചക്ക് അന്ത്യമുണ്ടാകണമെന്നും ചുകപ്പും കാവിയും തമ്മിൽ ലയിക്കുന്നതോടെ ‘കേരളം കാത്തിരിക്കുന്ന സൗഹൃദം’ വിരിയുമെന്നും അവകാശപ്പെടുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ആ൪.എസ്.എസ് മുഖവാരിക ‘കേസരി’ ധൈര്യംകാണിച്ച പശ്ചാത്തലമെങ്കിലും ആഴത്തിൽ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. ‘അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത രണ്ടു പ്രസ്ഥാനങ്ങൾ കേരളത്തിൽ മുഖാമുഖം നിന്ന്, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തീ പാറുന്ന യുദ്ധത്തിലാണെങ്കിലും’ മാറിയ ചുറ്റുപാടിൽ പരസ്പരം കൈകോ൪ക്കേണ്ടതുണ്ടെന്ന് ആ൪.എസ്.എസിനെക്കൊണ്ട് പറയിപ്പിച്ചത് സംസ്ഥാനത്ത് അടുത്തകാലത്തായി വള൪ന്നുവന്ന സാമുദായിക ധ്രുവീകരണത്തിൻെറ ഭൂമികയാണെന്ന് നിഷ്പക്ഷ വിശകലനത്തിൽ കണ്ടെത്താനാവും. ‘ആ൪.എസ്.എസിൻെറ രാഷ്ട്രീയവുമായി ഒരു തരത്തിലുള്ള യോജിപ്പും സി.പി.എമ്മിന് സാധ്യമല്ല’ എന്ന് പാ൪ട്ടി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും (ദേശാഭിമാനി മുഖപ്രസംഗം -2012 ഒക്ടോബ൪ ഒമ്പത്) കേസരി ലേഖകന് മാ൪ക്സിസ്റ്റ് പാ൪ട്ടിയെ വലതുചേരിയിലേക്ക് ക്ഷണിക്കാൻ ധൈര്യംപക൪ന്ന കേരളത്തിലെ പുതിയ സാമൂഹികവും സാമുദായികവുമായ സംഭവവികാസങ്ങൾ നിസ്സാരമായി കാണാനാവില്ല.
ലീഗിനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിൻെറ പേരിൽ, മുസ്ലിം ന്യൂനപക്ഷത്തെയൊന്നടങ്കം ശത്രുപക്ഷത്ത് നി൪ത്തുന്ന ശൈലിക്ക് സമീപകാലത്ത് കേരളത്തിൽ സ്വീകാര്യത കൂടുന്നു എന്ന് കണ്ടറിഞ്ഞാവണം സംഘ്പരിവാ൪ ഒരു മുഴം നീട്ടി എറിഞ്ഞിരിക്കുന്നത്. ലീഗ് അധികാരം കൈയാളുമ്പോഴെല്ലാം സമുദായം അന൪ഹമായി നേടിയെടുക്കുന്നുവെന്ന് വരുത്തിത്തീ൪ക്കാനുള്ള കാവിരാഷ്ട്രീയക്കാരുടെ കുപ്രചാരണത്തിന് സമീപകാലത്ത് പ്രായോഗിക തലത്തിൽ അംഗീകാരം നേടിയെടുക്കാനായതിൻെറ കാരണങ്ങൾ കൂലങ്കശമായി പരിശോധിക്കേണ്ടതുണ്ട്. എൻ.എസ്.എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായ൪ക്കും എസ്.എൻ.ഡി. യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പച്ചയായ വ൪ഗീയത വിളിച്ചുകൂവാൻ കേരളീയ രാഷ്ട്രീയ പരിസരം പാകപ്പെടുത്തി ക്കൊടുത്തത് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികളാണ്. ഇക്കൂട്ടരുടെ വിലപേശൽ തന്ത്രങ്ങളെ പഞ്ചപുച്ഛമടക്കി കേട്ടിരിക്കുന്ന ഉമ്മൻ ചാണ്ടി-ചെന്നിത്തല പ്രഭൃതികൾ ന്യൂനപക്ഷങ്ങൾക്കെതിരായ ഗീ൪വാണങ്ങൾ ഭൂരിപക്ഷത്തിൻെറ പൊതുകാഴ്ചപ്പാടായി പരിഗണിച്ച് തലയാട്ടുന്നു. ഇത് കൂടുതൽ ക൪ക്കശ നിലപാടുമായി ഭീഷണി മുഴക്കാൻ ജാതി നേതാക്കൾക്ക് കരുത്തുപകരുന്നു. അങ്ങനെയാണ് നായന്മാരും ഈഴവരും കൈകോ൪ത്ത് ഇവിടെ ഹിന്ദു ലീഗ് ഉണ്ടാക്കുമെന്ന് ഭീഷണി മുഴക്കി വെള്ളാപ്പള്ളിമാ൪ അരങ്ങുവാഴാൻ ശ്രമിക്കുന്നത്്.
ജാതി-മത കൂട്ടായ്മകൾക്ക് മുമ്പൊരിക്കലുമില്ലാത്തവിധം രാഷ്ട്രീയ പെരുവഴികളിൽ കയറിനിന്ന് ഓരിയിടാൻ ധൈര്യം നൽകുന്നത് ഭരണ മുന്നണിക്കകത്തെ ചേരിതിരിവുകളാണെന്നും ജാതി ശക്തികളോട് ഉത്തരവാദപ്പെട്ട ചില നേതാക്കൾക്കുള്ള വിധേയത്വം പരിധിവിട്ടിട്ടുണ്ടെന്നും അറിയാമായിരുന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം എന്തുകൊണ്ട് ആണത്തത്തോടെ പ്രതികരിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. ലീഗിൻെറ ഭാഗത്തുനിന്നുണ്ടായ സ്വയം കൃതാന൪ഥങ്ങളുടെ ശമ്പളമാണ് സമുദായം ഇന്ന് കൊടുത്തുതീ൪ക്കുന്നതെന്നതാണ് അതിനുള്ള ഉത്തരം. മുസ്ലിംകൾ അന൪ഹമായി പലതും നേടിയെടുക്കുന്നു എന്ന മുറവിളികൾക്കിടയിൽ തങ്ങൾ അവിഹിതമായി എന്തു വാരിക്കൂട്ടി എന്ന് ചോദിക്കാൻ ഇതുവരെ ലീഗ് നേതാക്കളുടെ നാവ് പൊങ്ങിയിട്ടില്ല. കാരണം, തങ്ങൾ സമുദായത്തിന് അന൪ഹമായി പലതും ചെയ്തുകൊടുക്കുന്നുണ്ട് എന്ന് വരുത്തിത്തീ൪ക്കുന്നതിലാണ് ആ പാ൪ട്ടിക്ക് താൽപര്യം. അത് അവരുടെ നിലനിൽപിൻെറ പ്രശ്നം കൂടിയാണ്. കേരളത്തിൻെറ സാമുദായിക താളം തെറ്റിച്ചെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവ൪ വിശ്വസിക്കുന്ന അഞ്ചാം മന്ത്രിയുടെ കാര്യമെടുത്ത് നിഷ്പക്ഷമായി പരിശോധിച്ചുനോക്കൂ! രണ്ടു തവണ മങ്കടയിൽ മുസ്ലിം ലീഗിനെ തെരഞ്ഞെടുപ്പ് ഗോദയിൽ മല൪ത്തിയടിച്ച മഞ്ഞളാംകുഴി അലിയെ അഞ്ചാം മന്ത്രിയാക്കിയതുകൊണ്ട് പാ൪ട്ടിക്ക് എന്തു നേട്ടമുണ്ടായി? സമുദായം എന്തു നേടി? തീ൪ത്തും രാഷ്ട്രീയമായ ഒരു വിഷയത്തെ പാണക്കാട് തങ്ങളുടെ ആത്മീയതയുമായി കൂട്ടിക്കെട്ടി വൈകാരികത വഴിഞ്ഞൊഴുകുന്ന സമസ്യയാക്കി സങ്കീ൪ണമാക്കിയത് ലീഗ് നേതൃത്വത്തിൻെറ അനവധാനതയല്ലേ? നിര൪ഥകമായ പ്രതിനിധാനങ്ങൾ കൊണ്ടും പൊള്ളയായ വീരസ്യങ്ങൾകൊണ്ടും സമുദായത്തെ എക്കാലവും കൂടെ കൊണ്ടുനടക്കാൻ കഴിയുമെന്ന അബദ്ധജടിലമായ ധാരണയുടെ പുറത്താണ് ഇബ്രാഹിം കുഞ്ഞുമാ൪ ശത്രുക്കൾ വിരിച്ച വലയിലേക്ക് സ്വയം എടുത്തുചാടി ആത്മാഹുതിക്ക് ശ്രമിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ കുലുക്കല്ലൂ൪ എന്ന ഗ്രാമത്തിൽ വെച്ചാണെങ്കിലും മാധ്യമ പ്രവ൪ത്തകരുടെ സാന്നിധ്യം മനസ്സിലാക്കാതെ നമ്മളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും നമ്മളാണ് കാര്യക൪ത്താക്കളെന്നും നമ്മളാണ് കേരളം കൊണ്ടു നടക്കുന്നതെന്നുമൊക്കെ വീമ്പിളക്കി അനുയായികളുടെ ധമനികളിൽ വീരസ്യം കുത്തിനിറക്കാൻ മെനക്കെടുമോ? അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ പണ്ടുമുതൽക്കേ ലീഗ് നേതാക്കൾ പറഞ്ഞുശീലിച്ചത് ആവ൪ത്തിക്കുക മാത്രമാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തിരിക്കുന്നത്. ലീഗുള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിംകൾ സുരക്ഷിതരായി ജീവിക്കുന്നതെന്നും മെഡിക്കൽ-എൻജിനീയറിങ് പരീക്ഷയിൽ മലപ്പുറത്തെ വിദ്യാ൪ഥികൾ റാങ്ക് വാങ്ങുന്നത് ലീഗിൻെറ ‘ഹിക്മത്ത്’ കൊണ്ടാണെന്നുമൊക്കെ ഇപ്പോഴും നാട്ടിലും മറുനാട്ടിലും നേതാക്കൾ തട്ടിവിടുമ്പോൾ അനുയായികൾ കൈയടിക്കുകയോ തക്ബീ൪ ചൊല്ലുകയോ ചെയ്യുന്നതിലാണ് പാ൪ട്ടിയുടെ നിലനിൽപും പ്രതാപവും. എന്നാൽ, തങ്ങളുടെ ചൊല്ലും ചെയ്തിയും സദാ നിരീക്ഷണ റഡാറിലാണെന്നും അധികാരം നിലനി൪ത്താനുള്ള ഒരു കൂട്ടുകെട്ട് എന്നതിലപ്പുറം കോൺഗ്രസിൻെറയടുത്ത് തങ്ങൾക്ക് നിലയോ വിലയോ ഇല്ലെന്നുമുള്ള അനിഷേധ്യ സത്യം മറന്ന് ലീഗ് നേതാക്കൾ എന്തിന് പരിസരം നോക്കാതെ പെരുമാറണം? ഏറ്റവുമൊടുവിലായി, കാലിക്കറ്റ് വാഴ്സിറ്റിഭൂമിദാന അഴിമതി കേസിൽ സാക്ഷാൽ പാണക്കാട് തങ്ങളടക്കമുള്ളവ൪ വിജിലൻസ് അന്വേഷണത്തിന് വിധേയമാവാൻ പോവുകയാണ്. പൊതുസ്വത്ത് കൊള്ളയടിക്കാൻ പാണക്കാട് തങ്ങൾ കൂട്ടുനിന്നതായി ആരോപിക്കപ്പെടുന്ന നിമിഷം ആ൪.എസ്.എസ് ആസ്ഥാനത്ത് മാത്രമല്ല, ഇന്ദിരാഭവനിലും മധുരം വിതരണം ചെയ്യപ്പെടുമെന്നുറപ്പ്. സംഘ്പരിവാ൪ അജണ്ട മതേതര ചേരിയുടെ കൈയിലെത്തിക്കുന്നതിൽ മുസ്ലിം ലീഗ് വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ഏത് രഷ്ട്രീയ വിദ്യാ൪ഥിയും സാക്ഷ്യപ്പെടുത്തും.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story