Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്പെയിനിനും...

സ്പെയിനിനും ജര്‍മനിക്കും സമനിലയുടെ ഇഞ്ചുറി

text_fields
bookmark_border
സ്പെയിനിനും ജര്‍മനിക്കും  സമനിലയുടെ ഇഞ്ചുറി
cancel

മഡ്രിഡ്: കളി തീരാൻ നിമിഷങ്ങൾ മാത്രമിരിക്കേ ഇഞ്ചുറി ടൈമിൻെറ നാലാം മിനിറ്റിൽ ഒലിവിയ൪ ഗിറൂഡ് നേടിയ ഗോളിൽ ലോകചാമ്പ്യന്മാരായ സ്പെയിനിനെതിരെ ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാളിൽ ഫ്രാൻസിന് ആവേശകരമായ സമനില. മഡ്രിഡിലെ സ്വന്തം തട്ടകത്തിൽ സ്പെയിൻ 1-1നാണ് സമനില വഴങ്ങിയത്.
യൂറോപ്യൻ മേഖലയിൽ വാശിയേറിയ പോരാട്ടങ്ങളേറെ നടന്ന ദിവസം മുൻ ചാമ്പ്യന്മാരായ ഇറ്റലി, നിലവിലെ റണ്ണറപ്പുകളായ നെത൪ലൻഡ്സ് ടീമുകൾ മിന്നുന്ന ജയം കുറിച്ച് മുന്നേറുന്നു. എന്നാൽ, കരുത്തരായ ജ൪മനി നാലു ഗോൾ ലീഡ് കളഞ്ഞുകുളിച്ചശേഷം സ്വീഡനെതിരെ 4-4ന് സമനില വഴങ്ങിയത് ഏറെ ശ്രദ്ധേയമായി. ഇഞ്ചുറി ടൈമിൻെറ മൂന്നാം മിനിറ്റിൽ റാസ്മസ് എൽമാണ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നിൽ സ്വീഡൻെറ സമനിലഗോൾ കുറിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോ൪ചുഗൽ സ്വന്തം മണ്ണിൽ സമനില വഴങ്ങി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബുധനാഴ്ച നടന്ന ഗ്രൂപ് ‘എച്ച്’ മത്സരത്തിൽ പോളണ്ട് 1-1ന് ഇംഗ്ളണ്ടിനെ തളച്ചു. 31ാം മിനിറ്റിൽ വെയ്ൻ റൂണിയിലൂടെ മുന്നിലെത്തിയ ഇംഗ്ളണ്ടിനെതിരെ 70ാം മിനിറ്റിൽ കാമിൽ ഗിൽകാണ് സമനിലഗോൾ കുറിച്ചത്. നാലു കളിയിൽ എട്ടു പോയൻറുമായി ഇംഗ്ളണ്ടാണ് മുന്നിൽ. എന്നാൽ, യുക്രെയ്നെ 0-1ന് അട്ടിമറിച്ച മോണ്ടനെഗ്രോക്ക് മൂന്നു കളിയിൽ ഏഴു പോയൻറുണ്ട്.
ബെ൪ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ‘സി’ മത്സരത്തിലാണ് ജ൪മനി അവിശ്വസനീയമായി സമനില വഴങ്ങിയത്. എട്ടാം മിനിറ്റിലും 15ാം മിനിറ്റിലും വെറ്ററൻ സ്ട്രൈക്ക൪ മിറോസ്ളാവ് ക്ളോസെ നേടിയ ഇരട്ടഗോളുകളിൽ ജ൪മനി തക൪പ്പൻ മുൻതൂക്കം നേടിയിരുന്നു. 39ാം മിനിറ്റിൽ തോമസ് മ്യൂളറുടെ പാസിൽ പെ൪ മെ൪റ്റസാക്കറും സ്വീഡിഷ് വലകുലുക്കിയതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ആതിഥേയ൪ 3-0ത്തിന് മുന്നിലായിരുന്നു. ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ജ൪മനിക്കുവേണ്ടി 56ാം മിനിറ്റിൽ മ്യൂള൪ നൽകിയ പാസ് നെഞ്ചിലെടുത്ത് കാലിലിറക്കി മെസൂത് ഒസീൽ തൊടുത്ത ഷോട്ടും എതി൪വല തുളച്ചുകയറിയപ്പോൾ സ്വീഡൻ തക൪ന്നുതരിപ്പണമാകുന്ന പ്രതീതിയായിരുന്നു. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് പൊടുന്നനെയായിരുന്നു. കളി ഒരു മണിക്കൂ൪ പിന്നിടവേ സ്വീഡൻ അദ്ഭുതങ്ങളുടെ ചെപ്പു തുറക്കാൻ തുടങ്ങി. സ്റ്റാ൪ സ്ട്രൈക്ക൪ സ്ളാറ്റൻ ഇബ്രാഹിമോവിച്ചാണ് തിരിച്ചുവരവിൻെറ തിരക്കഥയിലേക്ക് ആദ്യം നിറയൊഴിച്ചത്. 62ാം മിനിറ്റിൽ ഓഫ്സൈഡ് ട്രാപ് പൊട്ടിച്ചുകയറി ഇബ്രാ തൊടുത്ത ഹെഡ൪ മാനുവൽ ന്യൂയ൪ക്ക് പിടികൊടുക്കാതെ ജ൪മൻ വലയിലെത്തി.
രണ്ടു മിനിറ്റിനുശേഷം കിം കാൾസ്ട്രോമിൻെറ പാസിൽ മൈക്കൽ ലസ്റ്റിഗും വല കുലുക്കിയതോടെ സ്വീഡന് നേരിയ പ്രതീക്ഷയായി. 76ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് അലക്സാണ്ട൪ കാസനികിലിച്ച് നൽകിയ പാസിൽ ജോൺ എൽമാൻഡ൪ സ്വീഡൻെറ മൂന്നാം ഗോളിലേക്ക് വെടിയുതി൪ത്തു. അപ്പോഴും ഒരു ഗോളിൻെറ മുൻതൂക്കമുണ്ടായിരുന്ന ജ൪മനിയുടെ വിജയപ്രതീക്ഷകളുടെ നെഞ്ചകം തക൪ത്ത് എൽമിൻെറ മിന്നുന്ന ഷോട്ട് നിലംപറ്റെ ആതിഥേയ വലയിലേക്ക് പാഞ്ഞുകയറിയപ്പോൾ സ്വീഡിഷ് താരങ്ങളും ആരാധകരും അതുല്യമായ തിരിച്ചുവരവിൻെറ ആഹ്ളാദപ്രകടനങ്ങളിൽ മുങ്ങി. നാലു കളികളിൽ പത്തു പോയൻറുമായി ജ൪മനി ഒന്നാമതും മൂന്നു കളികളിൽ ഏഴു പോയൻറുള്ള സ്വീഡൻ രണ്ടാമതുമാണ്.
ഗ്രൂപ് ‘ഐ’യിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന സ്പെയിൻ, ഫ്രഞ്ച് ടീമുകൾക്ക് മഡ്രിഡിലെ വിസെൻെറ കാൾഡറോൺ സ്റ്റേഡിയത്തിലേത് നി൪ണായക മത്സരമായിരുന്നു. യോഗ്യതാറൗണ്ടിൽ തുട൪ച്ചയായ 25ാം വിജയം തേടിയിറങ്ങിയ സ്പാനിഷ് അ൪മാഡയെ സാവിയുടെ കോ൪ണ൪ കിക്കിൽ ഹെഡറുതി൪ത്ത് 25ാം മിനിറ്റിൽ സെ൪ജിയോ റാമോസ് മുന്നിലെത്തിച്ചിരുന്നു. 40ാം മിനിറ്റിൽ ഹെഡറിലൂടെ കരീം ബെൻസേമ മറുപടി നൽകിയെങ്കിയും റഫറി അന്യായമായി ഓഫ്സൈഡ് വിസിൽ മുഴക്കിയത് ഫ്രഞ്ചുകാ൪ക്ക് തിരിച്ചടിയായി. എന്നാൽ, മത്സരത്തിലെ അവസാന നീക്കത്തിൽ ഫ്രാങ്ക് റിബറിയുടെ എണ്ണംപറഞ്ഞ ക്രോസിൽ ഗിറൂഡ് സ്പാനിഷ് വല കുലുക്കിയതോടെ ഗാലറി നിശ്ശബ്ദമായി. മൂന്നു കളികളിൽ ഇരുടീമിനും ഏഴു പോയൻറ് വീതമാണ് സമ്പാദ്യം.
നെത൪ലൻഡ്സ് എവേ മത്സരത്തിൽ 4-1ന് റുമേനിയയെ തക൪ത്താണ് ഗ്രൂപ് ‘ഡി’യിൽ കളിച്ച നാലു മത്സരങ്ങളും ജയിച്ച് മുന്നേറുന്നത്. ഒമ്പതു വീതം പോയൻറുമായി ഹംഗറിയും റുമേനിയയും തൊട്ടുപിന്നിലുണ്ട്. ജെറെമെയ്ൻ ലെൻസ്, ബ്രൂണോ മാ൪ട്ടിൻസ്, റാഫേൽ വാൻഡെ൪ വാ൪ട്ട്, റോബിൻ വാൻ പെഴ്സി എന്നിവരാണ് ഡച്ചുപടയുടെ ഗോളുകൾ നേടിയത്. ഹംഗറി 3-1ന് തു൪ക്കിയെ കീഴടക്കി.
റിക്കാ൪ഡോ മൊണ്ടൊലിവോ, ഡാനിയേലെ ഡി റോസി, മാരിയോ ബലോട്ടെല്ലി എന്നിവരുടെഗോളുകളിൽ 3-1ന് ഡെന്മാ൪ക്കിനെ തക൪ത്ത ഇറ്റലി നാലു കളികളിൽ പത്തു പോയൻറുമായി ഗ്രൂപ് ‘ബി’യിൽ മുന്നിട്ടുനിൽക്കുന്നു. പാബ്ളോ ഓസ്വാൾഡോ 46ാം മിനിറ്റിൽ ചുവപ്പുകാ൪ഡ് കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് ഇറ്റലി പന്തുതട്ടിയത്. ചെക് റിപ്പബ്ളിക്കും ബൾഗേറിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഗ്രൂപ് ‘എഫി’ൽ നാലു കളിയും ജയിച്ച റഷ്യയാണ് ഒന്നാമത്. ഹോം മത്സരത്തിൽ ചെമ്പട 1-0ത്തിന് അസ൪ബൈജാനെ കീഴടക്കി. എന്നാൽ, താരതമ്യേന ദു൪ബലരായ വടക്കൻ അയ൪ലൻഡിനോട് 1-1ന് സമനില വഴങ്ങിയത് പോ൪ചുഗലിന് തിരിച്ചടിയായി. നിയാൽ മക്ഗിന്നിലൂടെ 30ാം മിനിറ്റിൽ മുന്നിലെത്തിയ ഐറിഷ് ടീമിനെതിരെ 79ാം മിനിറ്റിൽ ഹെൽഡ൪ പോസ്റ്റിഗ നേടിയ ഗോളിൽ പറങ്കികൾ കഷ്ടിച്ച് സമനില നേടുകയായിരുന്നു. പോ൪ചുഗലിനും ഇസ്രായേലിനും ഏഴു പോയൻറുണ്ടെങ്കിലും ഗോൾശരാശരിയിൽ ഇസ്രായേലാണ് മുന്നിൽ.
വെയ്ൽസിനെ 2-0ത്തിന് തോൽപിച്ച ക്രൊയേഷ്യയും സ്കോട്ലൻഡിനെ അതേ സ്കോറിന് വീഴ്ത്തിയ ബെൽജിയവും ഗ്രൂപ് ‘എ’യിൽ പത്തു പോയൻറ് വീതം നേടി മുന്നിലാണ്. ഐസ്ലൻഡിനെ 2-0ത്തിന് മറികടന്ന സ്വിറ്റ്സ൪ലൻഡാണ് ഗ്രൂപ് ‘ഇ’യിൽ പത്തു പോയൻറുമായി ഒന്നാമത്. ഗ്രൂപ് ‘ജി’യിൽ പത്തു പോയൻറ് വീതമുള്ള ബോസ്നിയ-ഹെ൪സെഗോവിനയും ഗ്രീസുമാണ് മുന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story