നോര്‍ട്ടനെ ഓര്‍ക്കുമ്പോള്‍
text_fieldsപത്തുനൂറ്റമ്പതു വ൪ഷം ബ്രിട്ടീഷുകാ൪ ഭാരതഭാഗ്യവിധാതാക്കളായിരുന്നിട്ടും ഇവിടെ ക്രിസ്തുമതം ഒരു സൂക്ഷ്മന്യൂനപക്ഷം ആയിരുന്നത് അധികാരംകൈയാളിയ ബ്രിട്ടീഷുകാ൪ക്ക് അധികാരം നിലനി൪ത്തുന്നത് മതം പ്രചരിപ്പിക്കുന്നതിനേക്കാൾ പ്രധാനമായിരുന്നതിനാലാണ്. സഹാറക്ക് തെക്കുള്ള ആഫ്രിക്കയിലും ഇന്ത്യയുടെതന്നെ വടക്കുകിഴക്കൻ മേഖലയിലും ക്രിസ്തുമതം വള൪ന്നതാകട്ടെ ആനിമിസ്റ്റ് ടോട്ടമിസ്റ്റ് മതങ്ങളുമായി കഴിഞ്ഞുവന്ന ഗ്രോത്രവ൪ഗക്കാ൪ക്ക് മനുഷ്യകഥാനുഗായിയായ ഒരു ദൈവത്തോട് തോന്നിയ ആക൪ഷണം കൊണ്ടായിരുന്നു. 1812ൽ സ്കോട്ട്ലാൻഡിൽ ചേ൪ന്ന ഒരു യോഗമാണ് ഇപ്പറഞ്ഞ രണ്ടാമത്തെ സംഗതി തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിൻെറ തുട൪ച്ചയായിട്ടാണ് ഡേവിഡ് ലിവിങ്സ്റ്റൺ ആഫ്രിക്കയിലേക്ക് പോയത്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഇസ്ലാം പ്രചരിച്ചതിൻെറയും രഹസ്യം ഇതുതന്നെ. അതേസമയം, ഈ ദൗത്യവുമായി ഭാരതത്തിലെത്തിയവ൪ക്ക് അത്ര വിജയം ഉണ്ടായില്ല. അതിനുകാരണം ഇവിടെ വികസിതമായ ഒരു മതം ഉണ്ടായിരുന്നു എന്നതാണ്. അയ്യായിരം വ൪ഷങ്ങൾ, അനവധി സങ്കൽപങ്ങൾ, മനുഷ്യൻെറ രൂപവും ഭാവവും (പലപ്പോഴും സ്വഭാവവും) ഉള്ള ദേവീദേവന്മാ൪. അതിനിടെ മനുസ്മൃതിയുടെ നാട്ടിൽ പത്തുകൽപനകൾക്കും ശരിഅത്തിനും കാര്യമായ ചലനം ഒന്നും സൃഷ്ടിക്കാനാവാതിരുന്നതിൽ അദ്ഭുതമില്ല.
കേരളത്തിൽ ആദ്യമായി വന്ന പാശ്ചാത്യ മിഷനറിമാ൪ തെക്ക് റിംഗിൾട്യൂബും മധ്യകേരളത്തിൽ തോമസ് നോ൪ട്ടനും ആയിരുന്നു. ഉത്തര കേരളത്തിൽ ബാസൽമിഷൻ ആയിരുന്നു അഗ്രഗാമികൾ. ഇവരുടെയൊന്നും മതപരിവ൪ത്തനശ്രമങ്ങൾ വിജയംകണ്ടില്ല എന്നതിന് കണക്കുകളാണ് സാക്ഷി. ആധുനികകേരളത്തിൽ ഏകദേശം അഞ്ചിലൊന്നാണല്ലോ ക്രിസ്ത്യാനികൾ. മൂന്നുകോടി എന്ന് ജനസംഖ്യ കമ്മതി കൂട്ടിയാൽ കേരളത്തിൽ ആകെയുള്ളത് അറുപത് ലക്ഷത്തിൽ താഴെ ക്രിസ്ത്യാനികളാണ്. അതിൽ പകുതിയെങ്കിലും സുറിയാനിക്കാരാണ്. അവ൪ മിഷനറിമാരെ എതി൪ത്തവരാണ്. അതായത്, തോമസ് നോ൪ട്ടനും റിംഗിൾട്യൂബും ബാസൽമിഷനും ഒക്കെ ക൪മനിരതരായിരുന്ന കാലംതൊട്ട് ഇരുനൂറ് വ൪ഷംകൊണ്ട് വളരെ പരിമിതമായ തോതിൽ മാത്രമാണ് മതപരിവ൪ത്തനം നടന്നത്. എടമരം പോലെ വിരളമായി ഏതാനും നമ്പൂതിരികുടുംബങ്ങൾ, ചാത്തുമേനോനെയും മറ്റും പോലെ ചില നായ൪കുടുംബങ്ങൾ, യാക്കോബ് രാമവ൪മയെപോലെ ചില ക്ഷത്രിയ൪ എന്നിവരെ ഒഴിവാക്കിയാൽ അവ൪ണരിൽനിന്നാണ് ആ മതംമാറ്റം ഉണ്ടായതും.
തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി കോളജിന് എതി൪വശത്ത് മലയാളവിഭാഗത്തിനും സംസ്കൃത കോളജിനും ഒക്കെ സമാന്തരമായി ഒരു റോഡ് ഉണ്ട്. ഇപ്പോൾ റോഡ്; ഞങ്ങൾ പഠിക്കുന്ന കാലത്ത് ടാറിട്ട ഇടവഴി. പേര് മീഡ്സ് ലെയ്ൻ. ഈ മീഡ് മിഷനറി ആയി വന്ന് പ്രണയംകൊണ്ട് പുറത്താക്കപ്പെട്ട വ്യക്തി ആയിരുന്നു. ചാൾസ് മീഡ് പ്രണയിച്ചത് ക്രിസ്തുമതം സ്വീകരിച്ച ഒരു പറയ യുവതിയെ ആയിരുന്നു. ആ മഹതി വിദ്യാസമ്പന്നയും ആയിരുന്നു. മിഷനറിമാ൪ സമ്മതിച്ചില്ല. മീഡ് പുറത്തായി. തിരുവിതാംകൂ൪ സ൪ക്കാ൪ അദ്ദേഹത്തിന് ഉദ്യോഗം നൽകി.
പുറത്തായ മറ്റൊരു മിഷനറി ജോൺകോക്സ് ആയിരുന്നു. ഈഴവസമുദായത്തിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരു യുവതിയെ ആയിരുന്നു കോക്സ് വിവാഹം ചെയ്തത്. മീഡിൻെറ വിവാഹംകഴിഞ്ഞ് ഒരു വ്യാഴവട്ടം കടന്നുപോയിരുന്നു. അപ്പോഴേക്ക് മിഷനറിമാ൪ക്കിടയിൽ തന്നെ രണ്ട് അഭിപ്രായഗതികൾ ഉണ്ടായി. കോക്സിൻെറ വിവാഹം ഒരു മിഷനറിതന്നെ ആശീ൪വദിച്ചതായി ബിഷപ് ഗ്ളാഡ്സ്റ്റൺ എഴുതിയിട്ടുണ്ട്. എങ്കിലും കോക്സിനെയും പുറത്താക്കി. കോക്സും മീഡും മരണംവരെ കേരളത്തിൽ തുട൪ന്നു. കോക്സിൻെറ സ്മരണക്ക് കഴിഞ്ഞ നൂറ്റാണ്ടിൻെറ അവസാനത്തോടെ ശാപമോക്ഷം കിട്ടി.
നാടാ൪ സമുദായത്തിന് പരാതി ഉണ്ടാകും എന്നതായിരുന്നു മീഡ് പറയയുവതിയെ വേൾക്കാൻ തീരുമാനിച്ചപ്പോൾ മിഷനറിമാ൪ പറഞ്ഞത്. കോക്സിൻെറ കാര്യത്തിൽ ആ ന്യായവും ഉണ്ടായിരുന്നില്ല: ‘തിരുവല്ലാ ഈഡിക്ട്’ പോലെ തദ്ദേശീയ ജാതിവ്യവസ്ഥയെ മാനിക്കണമെന്ന ചിന്തയല്ലാതെ.
മതപരിവ൪ത്തനപരിശ്രമങ്ങളിൽ വിജയിച്ചില്ലെങ്കിലും കേരളത്തിലെ സാമൂഹിക പരിവ൪ത്തനത്തിന് ചൂട്ടു തെളിച്ചത് മിഷനറിമാ൪തന്നെ ആയിരുന്നു. നിയതാ൪ഥത്തിൽ ബൈബ്ളിൽ തപ്പുകൊട്ടി പാട്ടുപാടി നടന്ന മിഷനറിമാരേക്കാൾ കേണൽ മൺറോയെ പോലെയുള്ള ഭരണാധികാരികളെയാണ് നമിക്കേണ്ടത് എന്നുമാത്രം.
മൺറോ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ദേവസ്വംവകുപ്പിൻെറ സൃഷ്ടിയിലാണല്ലോ. സത്യത്തിൽ സ്വകാര്യക്ഷേത്രങ്ങളുടെ സ്വത്ത് ഊരാൺമക്കാരായ നമ്പൂതിരിമാ൪ നാനാവിധമാക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മൺറോ ക്ഷേത്രസംരക്ഷണത്തിനായി ആ നടപടി സ്വീകരിച്ചത്. 1810ലെ പ്രശസ്തമായ വിളംബരം-പ്രജകളുടെ വിദ്യാഭ്യാസം രാജാവിൻെറ ചുമതലയാണ് എന്ന പ്രഖ്യാപനം-ആണ് ആധുനിക കേരളത്തിൻെറ വിദ്യാഭ്യാസപുരോഗതിയിലേക്ക് വഴിതെളിച്ചത്. വിംശതിവയസ്കയായ ഒരു രാജകുമാരിയുടെ തലയിൽ വീണ ആപ്പിൾ ആവുകയില്ലല്ലോ ആ വിളംബരം. അടിമസമ്പ്രദായം നിരോധിച്ചതും മറന്നുകൂടാ. മൺറോതുരുത്തിലെ അടിമകൾക്ക് സ്വാതന്ത്ര്യം കൊടുത്തത് ധനികരായ ഈഴവ൪ പോലും എതി൪ത്തുവെന്ന് ചരിത്രം പറയുന്നു. രാമയ്യൻദളവയും വി.പി. മാധവരായരും മൺറോയും ആണ് ആധുനികതിരുവിതാംകൂറിൻെറ സ്ഥാപകരായി ആദരിക്കപ്പെടേണ്ടത് എന്ന് സി. കേശവൻ ‘ജീവിതസമരം’ എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മിഷനറിമാ൪ മുഴുവൻ ആക്രമണകാരികൾ ആയിരുന്നുവെന്ന സവ൪ണമതത്തെക്കുറിച്ച് കേശവൻ ഇങ്ങനെ എഴുതുന്നു: ‘ഈ മിഷനറിമാരുടെ ‘ആക്രമണം’ ഇല്ലായിരുന്നെങ്കിൽ ഏഴജാതികൾക്ക് അന്ന് അഭയം എവിടെ കിട്ടുമായിരുന്നു എന്നും ഈ രാജ്യത്തെ വിദ്യാഭ്യാസനിലവാരം എങ്ങനെ നിൽക്കുമായിരുന്നു എന്നും ഊഹിക്കാൻ പോലും സാധ്യമല്ല. ഹിന്ദുദേവസ്വങ്ങൾക്കും അന്നത്തെ ഊ൪ധ്വനിൽ ഒടുങ്ങുകയേ ഗതിയുണ്ടായിരുന്നുള്ളൂ’.
ചാന്നാ൪ സ്ത്രീകളുടെ ലഹള മൺറോ കുത്തിവെച്ച വിഷംകൊണ്ട് ഉണ്ടായതാണ് എന്ന സവ൪ണപ്രസ്താവനയിൽ മിഷനറിമാരുടെ സേവനത്തിൻെറ പ്രധാനഭാവം സൂചിതമാണ്. മതംമാറിയ സ്ത്രീകൾ മാത്രമായിരുന്നില്ല മാറ് മറയ്ക്കാൻ മോഹിച്ചത്. ആ മോഹം ഉണ്ടായത് വിദ്യാഭ്യാസം അന്യമാകാത്ത അവസ്ഥ മിഷനറിമാ൪ സൃഷ്ടിച്ചതിനാലാണ്. കരുനാഗപ്പള്ളി താലൂക്കു കച്ചേരിയിൽ ക്രിസ്തുമതം സ്വീകരിച്ച ഈഴവസ്ത്രീക്ക് ഉണ്ടായ ദുരനുഭവം ചരിത്രത്തിൻെറ ഭാഗമാണ്. ചട്ട ധരിച്ചു എന്നതായിരുന്നു അവ൪ ചെയ്ത പാതകം. മതംമാറി എന്നുവെച്ച് ഈഴവസ്ത്രീ മാറ് മറയ്ക്കാമോ എന്നായിരുന്നു സവ൪ണ൪ കച്ചേരിവളപ്പിൽ ആക്രോശിച്ചത്. നേരത്തേ സൂചിപ്പിച്ച തിരുവല്ലാ ഈഡിക്ടും മതം മാറിയതുകൊണ്ട് ആചാരങ്ങൾക്ക് ഇളവില്ലെന്ന് സായിപ്പ് പറഞ്ഞതിൻെറ ബാക്കിയാണ്: ഈഴവൻ ക്രിസ്ത്യാനി ആയാലും ഈഴവന് ആകാത്തതൊന്നും ചെയ്തുകൂടാ! അതായത്, ഭരണക൪ത്താക്കളുടെ സ്വാധീനതയല്ല വിദ്യാഭ്യാസത്തിൻെറയും അതിൻെറ തുട൪ച്ചയായ ശാക്തീകരണത്തിൻെറയും ഫലമായിരുന്നു ഇത്തരം പരിഷ്കാരങ്ങൾക്കുള്ള അഭിവാഞ്ഛ. മിഷനറിമാരുടെ സ്വാധീനം നമ്മുടെ നവോത്ഥാനത്തിന് ഉപകാരപ്പെട്ടത് അങ്ങനെയാണ്.
അപ്പോൾ ‘പുലപ്പള്ളി’കളോ എന്ന് ചോദിക്കാം. അത് ഇവിടത്തെ സവ൪ണക്രിസ്ത്യാനികളുടെ അനിഷ്ടം ഉണ്ടാകാതിരിക്കാൻ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു. കറുത്ത തൊലിയോടുള്ള വെറുപ്പും ഉണ്ടായിരുന്നിരിക്കാം പിറകിൽ. ദക്ഷിണാഫ്രിക്കയിലെ അപ്പാ൪ത്തീഡ് പോലെ. മീഡിനെയും കോക്സിനെയും പുറത്താക്കിയ മനസ്സ് പോലെ.
എന്നുവെച്ച് ഭരിച്ചവ൪ ഭരണം ഉപയോഗിച്ച് ‘വിപ്ളവം’ ഒന്നും നടത്തിയില്ല എന്ന് ധരിക്കരുത്. പള്ളിക്കൂടങ്ങളിൽ അവ൪ണ൪ക്ക് പ്രവേശവും തുല്യതയും അനുവദിച്ചതും അടിമസമ്പ്രദായം നിരോധിച്ചതും ഊഴിയവേല നി൪ത്തലാക്കിയതും ഒക്കെ ഭരണയന്ത്രം ഉപയോഗിച്ച് ബ്രിട്ടീഷുകാ൪ ചെയ്തതാണ്. അവിടെയും മൺറോയെപോലെ ചില മഹത്തുക്കളെ മാറ്റിനി൪ത്തിയാൽ പട്ടാളത്തിലോ സിവിൽ സ൪വീസിലോ ഉണ്ടായിരുന്ന സായിപ്പ് സ്വമനസ്സാലെയല്ല അത് ചെയ്തത് എന്നുമാത്രം. അവരെ നി൪ബന്ധിച്ചത് മിഷനറിമാരാണ്.
ലോകത്തിൽ പല ഭാഷകൾക്കും ലിപിയും വ്യാകരണവും നിഘണ്ടുവും സംഭാവനചെയ്തത് മിഷണറിമാരാണ് എന്ന് നമുക്കറിയാം. മലയാളത്തിൽ ലിപിയോ വ്യാകരണമോ ഒന്നും സായിപ്പ് സൃഷ്ടിക്കേണ്ടിയിരുന്നില്ല. എങ്കിലും, മലയാളഗദ്യത്തിൻെറ മാനകീകരണത്തിന് ഗോവ൪ണദോറും റമ്പാനും നൽകിയ തുടക്കം മുന്നോട്ടു കൊണ്ടുപോയത് ബെയ്ലിയും ചാത്തുമേനോനും ആയിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. ബൈബ്ൾ ഭാഷാന്തരം ചെയ്തത് ടിൻഡലും വൈക്ളിഫും മറ്റും യൂറോപ്യൻ നവോത്ഥാനത്തിന് തുടക്കംകുറിച്ചതിന് സമാനമായ ഒരു പ്രവൃത്തിതന്നെയായിരുന്നു. അത് അക്ഷരസംയുക്തരല്ലാത്ത അവ൪ണരെക്കൊണ്ട് വായിപ്പിക്കാനായിരുന്നില്ല; സാക്ഷരരായ സുറിയാനിക്രിസ്ത്യാനികളെ ബോധവത്കരിക്കാനായിരുന്നു. ലക്ഷ്യം അപ്രധാനമാണ് ചരിത്രത്തിൻെറ കോടതിയിൽ. ഫലം മലയാളഗദ്യത്തിൻെറ മാനകീകരണപ്രക്രിയയിലെ അടുത്തപടി ആയിരുന്നു എന്നതാണ് ഓ൪മിക്കാനുള്ളത്.
നോ൪ട്ടൺ ആലപ്പുഴയിൽ താമസം തുടങ്ങിയതിൻെറ ഇരുനൂറാം വാ൪ഷികം ആഘോഷിക്കാൻ ഒരുമ്പെടുകയാണ് ചില൪. കേരളത്തിലെ മിഷനറിമാ൪ പ്രഥമത സാമൂഹികപ്രവ൪ത്തകരായിരുന്നുവെന്ന തിരിച്ചറിവോടെയാവും അവ൪ അത് നി൪വഹിക്കുകയെന്ന് ഞാൻ പ്രത്യാശിക്കുന്നു.
n
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
